തുളളിവരുന്നൊരു തുമ്പിപ്പെണ്ണിനു
കൂടെ നിറയേ തുമ്പപ്പൂ
ഓണപ്പൂക്കളില്‍ പാറി നടക്കും
ശലഭപ്പെണ്ണിനു പൂന്തേനും
ഓണപ്പുടവ ഞൊറിഞ്ഞൊരു കാറ്റില്‍
ശീതം നല്‍ക്കാന്‍ തേനരുവി
പാലില്‍ത്തീര്‍ത്തൊരു വെണ്‍കസവാലെ
നിലാവു വിരിക്കും പൂന്തിങ്കള്‍
മഞ്ഞു നിറഞ്ഞൊരു പനനീര്‍പൂവില്‍
കണ്‍കള്‍ മിഴിക്കും പുലര്‍വെട്ടം
ചേലില്‍വരച്ചീ മുറ്റത്തിനിയൊരു
പൂക്കളൊരുക്കാം പൊന്നോണം
പുലികളിമേളക്കുരവയുമായി
ഓടിനടക്കും പൈതങ്ങള്‍
ഓലന്‍ കാളന്‍ അവിയലുമായി
സദ്യയൊരുക്കും മുത്തശ്ശി
ഊഞ്ഞാലിട്ടതിലാടി രസിക്കാന്‍
കൂടെവരുന്നെന്‍ പ്രിയതോഴി
ഓണത്തുമ്പീ പോകരുതേ ഞാ-
നിന്നീക്കാണും സ്വപ്നത്തില്‍
കണ്ണുതുറന്നാല്‍ വയറിന്നുള്ളില്‍
തീമഴപെയ്യും പശിയുണ്ടേ
പൊന്നോണത്തിന്‍ സദ്യവിളമ്പാന്‍
നീയും കൂടെ പോരില്ലേ
അമ്മ മറന്നൊരു പൊന്നോണം ഞാന്‍,
സ്വപ്നം കണ്ടു മയങ്ങുന്നു.
പുല്ലാല്‍ നെയ്തൊരു ഭൂതം വീണ്ടും
കണ്ണിന്‍ ചെപ്പു തുറക്കുന്നു
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.
No comments:
Post a Comment