എഴുതുവാനാവില്ല മൊഴികളില്‍ ഞാനൊരു
ബലിമൃഗമാകുന്നെന്നുള്ളറയില്‍
പഴുതുകള്‍ നോവുകള്‍ മാറാലകള്‍
എന്നിലിരവിലൊരുസങ്കട ത്വരിതവേഗങ്ങള്‍
എന്നുള്ളിലഭയമായി നീചുരുണ്ടെത്തവേ
എന്‍നാളിനിന്നിലേക്കമൃതുതൂകും
എങ്കിലും മരണമേ നീയെന്‍റെ കൈവിരല്‍
ചങ്ങലപ്പൂട്ടിനാല്‍ കെട്ടിവയ്ക്കും
താഴെ നിഴലുകള്‍ മോഹിച്ച പടവുകള്‍
നീരറ്റുപോകുന്ന പുഴകളാകെ
നീയെന്‍റെ നാവിലെ ദാഹമായെത്തിയെന്‍
വേനല്‍മണല്‍പ്പാത ചുണ്ടി നില്‍ക്കും
കടലല്ല കാഞ്ചനകൈവളയല്ലയെന്‍
ഹൃദയത്തില്‍ നീറുന്ന കനലലകള്‍
ഇനിയുണ്ടുഭാണ്ഡങ്ങളെന്‍ചുമലിലെങ്കിലും
ഉഴറുന്നു ഞാനീ വഴിയരുകില്‍
എരിയുന്ന സൂര്യനായീവഴിക്കോണില്‍ ഞാന്‍
നിഴലറ്റു നിഴലറ്റു പെയ്തുവീഴേ
നീയൊരുമണ്‍ചെരാതിരവിന്‍റെ കോണിലായ്
കരുതിയെന്‍ ചരിതം കുറിച്ചുവച്ചു
കനലുകള്‍ മായ്ച്ചിട്ടാ കരിയുന്ന മാംസത്തില്‍
ഇഴയുന്ന നോവിന്‍ പകല്‍വെളിച്ചം
നിഴലില്ല ഇനിയെന്‍റെ കനവിലൂടൊഴുക നീ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ....
No comments:
Post a Comment