Thursday 26 September 2013

ചെണ്ട

തിടപ്പള്ളിയില്‍
ക്ഷേത്രവാതിലിലേക്കുനോക്കി
പുതച്ചിരിക്കുമ്പോള്‍
എന്‍റെ ഉടലില്‍
മുറുക്കിവച്ച കയര്‍
അവര്‍ അയച്ചിരുന്നു

ഞാനെന്നു പറയുമ്പോള്‍
നിങ്ങള്‍കരുതും
ഞാനൊരാളാണന്ന്

മൂന്നുപേര്‍
പിരിഞ്ഞുമാറാനാവത്തവിധം
ഇഴുകിച്ചേര്‍ന്നവര്‍

പിന്നെ ഞങ്ങളെ
തല്ലിക്കരയിക്കുന്ന
മറ്റുരണ്ടുപേര്‍

അഞ്ചിലെ ഈ ഒരുമയില്‍
ഞാനായി

അയിത്തത്തിന്‍റെ
പടിപ്പുരകടന്ന്
തൃ‍ക്കോവില്‍മുറ്റത്ത്
മനമുരുകിക്കരയുന്നത്
എന്തിനുവേണ്ടി

വരിക്കപ്ലാവിന്‍റെ
ഒത്തകാതലില്‍
പലരാവിലെന്നെപണിതെടുത്ത
ആശാരിക്കുവേണ്ടിയോ

നോവുകളുടെ
പെരുമഴയായി
പേറ്റുനോവറിയിച്ച
ഉളിമൂര്‍ച്ചയ്ക്കോ

വയറൊഴിഞ്ഞ
കുഴലായി മുഖംപൊത്തുമ്പോള്‍
മരിച്ചഴിച്ച തുകല്‍
കിടാവിനുവേണ്ടിയോ?

മൃഗത്തിനെകൊല്ലരുതെന്നു
ഉറഞ്ഞുപറയുമ്പോഴും
താളമായി കരയുന്ന
അവന്‍റെ നോവ്
ഞാനറിയാതിരുന്നിട്ടല്ല

മരിച്ചിട്ടും അവന്‍റെ
കഴുത്തില്‍നിന്നടര്‍ത്തിയ
കയര്‍ തുളച്ച് എന്നിലേക്ക്
വരിഞ്ഞുമുറുക്കുമ്പോള്‍
നിസ്സഹായനാണ്
ഞാനെന്നുവിതുമ്പുന്ന
നൂല്‍ക്കയറിനുവേണ്ടിയോ?

അതോ എന്നിലേക്ക്
തലതല്ലി മിണ്ടാനാകാതെ
പിടയ്ക്കുന്ന
പുളിങ്കോലുകള്‍ക്കായോ?

കണ്ണുതുറക്കാത്ത
കരിങ്കല്ലായും, തിളങ്ങുന്ന
സ്വര്‍ണ്ണപ്രഭയായും
ദൈവമിരിക്കുമ്പോള്‍

മൃഗീയമായി
വേദനിപ്പിക്കാന്‍
നിങ്ങള്‍ മനുഷ്യരെന്തേ
എന്നെ പട്ടുടുപ്പിച്ച്
തോളില്‍തൂക്കുന്നു

തിരിച്ചറിവിന്‍റെ
ഒരു താളമെങ്കിലും
ഒന്നുവായിച്ചുതീര്‍ക്കാന്‍
നിങ്ങളുടെ വിരലുകളെ
പ്രാപ്തമാക്കിക്കൂടെ

നിന്‍റെ ഹൃദയതാളങ്ങളില്‍
ഞങ്ങള്‍ക്കായൊരു പദം
ആ‌ടിത്തീര്‍ത്തുകൂട

1 comment:

  1. ചെണ്ടയുടെ ദുഃഖം
    നല്ല കവിത
    ആശംസകൾ

    ReplyDelete