Friday, 31 May 2013

അമ്മയെത്തേടി

ഇനിയെത്രദൂരം നടക്കേണ്ടതുണ്ടുഞാന്‍
അകലത്തിലായെന്‍റെ പ്രാണനെപുല്‍കുവാന്‍
മനസ്സില്‍തുടിക്കുമാ മാതൃവാത്സല്യത്തെ
തേടിഅലഞ്ഞു നടന്നു നീങ്ങുന്നുഞാന്‍
എന്നമ്മയെങ്ങെന്നു ചൊല്ലിക്കരയവേ
നെഞ്ചിലെ പാല്‍മുത്തു തന്നുധരിത്രിയും
സ്വച്ഛമുറങ്ങിയാകുന്നിന്‍നെറുകയില്‍
കണ്ണാല്‍ തുടിക്കുന്ന സൂര്യപ്രഭയതില്‍
നാണിച്ചുഞാനവന്‍ കരങ്ങള്‍ നുകരവേ
ശോഭിച്ചുഞാനൊരു ഋതുമതിയെന്നപോല്‍
വീശുന്നവെഞ്ചാമരങ്ങളായ് ചില്ലകള്‍
കാറ്റിനുദാസീനഭാവത്തിലെന്നപോല്‍
അവരോടുമാരാഞ്ഞു എന്‍മാതൃഹംസത്തെ
അറിയുമോനിങ്ങളെന്‍ മാതൃഗര്‍ഭത്തിനെ
അവരോതിഎന്നോടുകാതിലൊരുമന്ത്രമായ്
കേള്‍വിയാണെങ്കിലും കടലാണുനിന്‍റമ്മ
പുളകങ്ങള്‍ പൂത്തനിമിഷങ്ങള്‍കൊണ്ടുഞാന്‍
കണ്ണുനീര്‍മുത്തില്‍ നനയിച്ചുചില്ലയെ
കാതങ്ങള്‍ താണ്ടുവാനുണ്ടെന്നതോന്നലില്‍
ഓ‌ടിനടന്നങ്ങുദൂരേയ്ക്കുപോകവേ
പാറകള്‍തട്ടിതെറിപ്പിച്ചുചിന്തയും, തേങ്ങുമീ
ഹൃദയത്തിന്‍ നോവുന്നഭാണ്ഡവും
കാലില്‍പൊതിയും മണല്‍ത്തരിചിന്തുകള്‍
സ്നേഹമായെന്നോട് കൊഞ്ചിക്കുഴയവേ
എന്നില്‍നിന്നവരെയടര്‍ത്തിയെടുക്കുവാന്‍
മാനവര്‍കൈക്കോട്ടിന്‍ മൂര്‍ച്ചകൂട്ടീടവേ
ഹൃദയംപിളര്‍ന്നെന്‍റെസൗഹൃദബന്ധനം
കുഴികളില്‍ത്തന്നെ തളംകെട്ടിനില്‍ക്കവേ
അമ്മയെക്കാണുവാനെന്നുള്ളമോഹങ്ങള്‍
പാടെമറന്നുഞാന്‍ കുഴഞ്ഞുനിന്നീടുന്നു
ഹൃദയംതകര്‍ന്നെന്‍റെ അവശതകണ്ടൊരാ
മേഘങ്ങള്‍മഴയായി കൂട്ടുവന്നീടവേ
എണ്ണിയാലൊടുങ്ങാത്ത സങ്കടംപേറിഞാന്‍
പിന്നെയുംതാണ്ടുന്നുകാതങ്ങളേറെയും
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ.

Wednesday, 29 May 2013

എന്‍റെ പാടം

നെഞ്ചിന്‍കൂടുപൊളിച്ചെടുത്തങ്ങതില്‍
പിഞ്ചിളം ഞാറു പറിച്ചുനട്ടു
ഉച്ചവെയിലിന്‍ പടപ്പുറപ്പാടിനെ
പാളത്താര്‍കൊണ്ടുമറച്ചുവച്ചു
കൊത്തിക്കിളച്ചു കരയൊരുക്കിയതില്‍
കൊന്നകണിപ്പൂവിന്‍‍കണിയൊരുക്കീ
തഞ്ചത്തില്‍ തന്നെ മടയൊരുക്കിയതില്‍
ചവിട്ടിയൊഴുക്കുവാന്‍ പാളകോട്ടി
കളകളെടുത്തതിന്‍ കീടത്തെമാറ്റിയീ
പോഷകകൂട്ടങ്ങു ചേര്‍ത്തിളക്കി
കണ്ണിമപൂട്ടാതെ നിന്നുകാത്തു ഞാനീ
പുഴകളരഞ്ഞാണം ചേര്‍ത്ത പാടം
മുട്ടോളമെത്തി കതിരുപൂത്തു ഞാറില്‍
മനമോളമുള്ള മുഴുത്തവിത്ത്
സ്വര്‍ണ്ണ നിറമാര്‍ന്ന കതിരറുക്കാന്‍
ഇനി തഞ്ചത്തില്‍ നാളുകളെണ്ണവേണം
കറ്റയുതിര്‍ത്തു മണിയെടുക്കാനിനി
പെണ്ണുങ്ങളേറെയായ് കരുതിടേണം
മനസ്സിലീ കണക്കുകള്‍ ചേര്‍ത്തുവച്ച്
കടത്തിന്‍റെ ഭദ്രത കണ്ടുഞാനും
മഴയെത്തും നാളതിന്‍ മുന്നയായി
കൊയ്തെടുക്കാനായ് കാത്തുനില്‍ക്കേ
ആളില്ലകൊയ്യുവാന്‍ നാട്ടിലെങ്ങും
കൊയ്ത്തിന്‍റെ യന്ത്രവും കണ്ടതില്ല
കണ്ണിലിരുട്ടിന്‍റെ മന്ത്രവുംപേറിയാ
മേഘമരുത്തിന്‍റെ തേരെടുക്കേ
മിന്നലൊളികളെന്‍ നെഞ്ചിലെപാടത്ത്
കുത്തിയൊഴുക്കിന്‍റെ തേങ്ങല്‍ചേര്‍ത്തു
തോര്‍ന്നമഴയിലീ പാടത്തിനോരത്ത്
സ്വപ്നങ്ങളായ്ത്തന്നെ ഞാനിരിപ്പൂ
ഇനിയൊരുപാടമെനിക്കുവേണ്ട യീ
ചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
ഇനിയീചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍

ഇന്നത്തെയന്നം അവര്‍ക്കുനല്കാം

ഇന്നത്തെയന്നം അവര്‍ക്കുനല്കാം
പേനപ്പടയായ് നമുക്കുചെല്ലാം
കാടിനകത്തുള്ള കൂടപ്പിറപ്പിനെ
ഉറ്റവരായങ്ങുചേര്‍ത്തുകൊള്ളാം

അല്ലാതെ നമ്മളീ കോലാഹലങ്ങളില്‍
കൈമുട്ടുനീട്ടിയിടിക്കവേണ്ട
ചേരിതിരിഞ്ഞങ്ങ് കുറ്റങ്ങള്‍ചാര്‍ത്തുവാന്‍
വേണ്ടാത്തകോലങ്ങള്‍ കെട്ടവേണ്ട

അക്ഷരമൊട്ടുപഠിപ്പിച്ചവര്‍ക്കൊക്കെ
വ്യക്തമാം ഉത്തരം നല്‍കവേണം
കാടിന്‍റെ മക്കളെ നാടിന്‍കരുത്തരായ്
പടയേറ്റി നമ്മളുയര്‍ത്തവേണം

അഷ്ടിയില്‍ കഷ്ടിയായ്മാറുമവര്‍ക്കൊക്കെ
എന്നുമേയുണ് കിടയ്ക്കവേണം
അന്തിതിരികളായ് നമ്മള്‍തെളിക്കണം
ഉറ്റവര്‍തന്‍റെ മനക്കരുത്തായ്

കാട്ടിലെതേങ്ങലും നാട്ടിലെ മൗനവും
കേള്‍ക്കാത്തശബ്ദമായ് മാറിടുമ്പോള്‍
കണ്ണീരണിയാത്ത കാടിന്‍റെയൗവനം
രോഗമണിയാതെ നോക്കവേണം

ഓര്‍ക്കുക നമ്മളീകൗരവരൊക്കെയും
കാടിന്‍ മടിക്കുത്തിലെന്നസത്യം
നീരായ് നുകരുന്ന ജീവന്‍റെകണികയും
അമൃതായൊഴുക്കുമീ കാടുതന്നെ

അവിടുത്തമക്കളെ കാക്കുകയെന്നതും
വീടരാം നമ്മുടെ കടമതന്നെ
ഒട്ടുമേതാമസംവേണ്ടതിനിന്നെങ്കില്‍
ഉണരുകവേഗം പുറപ്പെടാനായ്

ഇല്ലമരിക്കരുതിനിയൊരുജന്മവും
കളവറിയാത്തൊരു പൈതല്‍പോലും
നിറവയറേന്തിനടക്കല്ലിനിബാല്യം
നമ്മളറിയുന്നതെറ്റുമൂലം

Tuesday, 28 May 2013

പ്രതീക്ഷ

വന്നെത്തിഞാനീ
മരത്തിന്‍ ചുവ‌ട്ടിലായ്
നിശയറ്റനാളിലീ
ഹൃദയംചുരത്തുവാന്‍

പ്രണയത്തുരുത്തില്‍
ചിതറും മഴകളായ്
കണ്ടുഞാനവളയീ
വഴികളിലൊക്കെയും

പണ്ടുഞാനെങ്ങോ
ഉപേക്ഷിച്ചതാണെന്‍റെ
പൈതലെ നീ എന്നെ
കാണാതിരിക്കുമോ?

കൗമാരപ്രണയമെന്‍
നെഞ്ചിലുതിര്‍ത്തൊരാ
അമ്മിഞ്ഞയവള്‍ക്കായ്
ചുരാത്താതിരിക്കുമോ?

ഹൃദയത്തിന്‍കോണിലായ്
ഞാന്‍നട്ടുപോറ്റുമാ
വാത്സല്യമുത്തിനെ
കാണാന്‍ കഴിയുമോ?

അഭിമാനമെന്നൊരാ
മിഥ്യാവികാരങ്ങള്‍
തൊട്ടിലിലായ് നിന്നെ
ഉപേക്ഷിച്ചനാളിലും

കര്‍ണ്ണം തപിക്കുമാ
രോദനം പേറിഞാന്‍
ഞെട്ടറ്റ മാംസമായ്
ഓടിത്തളര്‍ന്നതും

ഇന്നുഞാനെത്തിയാ
മുഖമൊന്നു‍കാണുവാന്‍
വീണ്ടടുത്തിന്നെന്‍റെ
നെഞ്ചിലമര്‍ത്തുവാന്‍

ഓടിക്കളിക്കുമീ
പൈതങ്ങളൊക്കെയും
ഞാന്‍ തട്ടിമാറ്റും
മോഹങ്ങളാകുമോ?

നീ വരികവേണ്ട

എത്രനാള്‍ നീയെന്റെ മിഴികള്‍ക്കുകൂട്ടായ്
അരികത്തുചേര്‍ന്നങ്ങുണര്‍ന്നിരിക്കും
എന്‍ രോഗശയ്യയില്‍ ചേര്‍ന്നിരുന്നിങ്ങനെ
മിണ്ടാതെ തേങ്ങാതെ കാത്തിരിക്കും

ചുറ്റുമിരിക്കുമീ ബന്ധുക്കളൊന്നുമേ
നിന്നുടെ സ്നേഹമറിഞ്ഞതില്ല
ഇന്നവന്‍ വന്നെന്നെ ആനയിക്കുമ്പോഴും
നീയെന്റെയുള്ളിലെ തേങ്ങലാകും

താലിച്ചരടവന്‍ ചേര്‍ത്തുവച്ചീടുമ്പോള്‍
പിന്നിലായ് നീവേണം കോര്‍ത്തുകെട്ടാന്‍
ബന്ധുക്കളിറ്റിക്കും പാലിന്‍ മധുരമീ
തൊണ്ടയ്ക്കലെത്തുമ്പോള്‍ കൂടെവേണം

അരിയിട്ടവരെന്ന പടിയിറക്കുമ്പോഴും
തോഴനായ് നീയെന്റെ കൂടെവേണം
ചൂടുപകരുമാ മൂവാണ്ടെന്‍ മാവിലെന്‍
സ്നേഹം പകുക്കുവാന്‍ കൂട്ടുവേണം

നാളമൊരു കരിമേഘ വര്‍ണ്ണമായി മാറുമ്പോള്‍
ആത്മാവുമായി നീ പോയിടുക
പിന്നെയീ ബന്ധുക്കള്‍ നല്കുന്നവറ്റിനായ്
ഒരുവേളപോലും നീ വന്നിടേണ്ട

നിഴലേ മടങ്ങുക നിന്മണിചെപ്പിലായ്
എന്‍ ഹൃദയം കവര്‍ന്നൊരു തോഴനായി
പരിഭവമില്ലാതെ ഞാനൊന്നുറങ്ങട്ടെ
കനലുകള്‍ മിന്നും കിടക്കതന്നില്‍.

നടക്കട്ടെ ഞാനിനി ചിതയിലേക്കിത്തിരി

എന്‍മണിപ്പെണ്ണിനെ
കാണുവാനയങ്ങ്
ആതുരക്കോലായില്‍
എത്തിഞാന്‍നില്‍ക്കവേ

അകലത്തിലായൊരാ
മാടപ്പിറാവിനെ
കണ്ടുഞാന്‍ പിന്നെ-
യടുത്തെത്തുംവേളയില്‍

കുപ്പായകെട്ടിന്‍റെ
കുടുക്കൊന്നഴിച്ചവള്‍
നൊന്തുപോയ്
കണ്ണിന്‍കൃഷ്ണമണികളും

ഒരു മുലചുമ്മാ
പറിച്ചങ്ങെറിഞ്ഞൊരാ
അര്‍ബുദച്ചെക്കനെ
നോക്കിശപിച്ചുഞാന്‍

എന്‍വിരല്‍ത്തുമ്പിലായ്
മുറുക്കിപ്പിടിച്ചവള്‍
തേങ്ങല്‍‍വിതച്ചെന്‍റെ
ഞരമ്പിലങ്ങാദ്യമായ്

വിധിയെന്നുനാംചൊല്ലും
പഴികള്‍മറക്കുവാന്‍
ആവില്ലെനിക്കെന്‍റെ
സ്വപ്നത്തിലോലുമേ

രോഗത്തിലെത്തിയാ
മിഴികള്‍നിറയ്ക്കുമോ
ഹൃദയത്തിനുള്ളിലെ
ഉള്‍ത്തുടിപ്പൊന്നിനെ

ചുവരിലായ് സമയത്തിന്‍
സൂചികറങ്ങവേ
നിമിഷങ്ങളവള്‍തന്ന
പരിഭവചിന്തുകള്‍

നടക്കട്ടെ ഞാനിനി
ചിതയിലേക്കിത്തിരി
പണ്ടവള്‍തന്ന
മണ്‍ചെരാതൊന്നുമായ്

Monday, 27 May 2013

സുഖമുള്ള വേദന


വിരഹം മുഴുപ്പിക്കുമിടയിലാ പ്രണയം ഞാന്‍
ഒരുവേള ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കേ
പ്രിയമോടെ പ്രേമത്തില്‍ ചാലിച്ചുതന്നൊരാ
ഒരു നോട്ടമെന്നില്‍ പതിച്ചുവച്ചു
കരകാണാകടലിന്‍റെ തീരത്തില്‍ ഞാന്‍ തീര്‍ത്ത
കളിയോടമൊന്നങ്ങൊഴുക്കിവിട്ടു
പരിഭവചിന്തിന്‍റെ നൂല്‍കോര്‍ത്തവള്‍തീര്‍ത്ത
മധുരമാം ശാഠ്യത്തിന്‍ തേന്‍നുകരേ
മുത്തുപതിപ്പിച്ച പാദസരങ്ങളായ് കടലമ്മ
പിന്നെയും തിരനിവര്‍ത്തി
ഉടലിലായ് പെയ്യുമീ ചുംബനമലരിനെ
കൈയ്യെത്തിയാതീരം കുളിരുകൊണ്ടു
പിന്നെയും പിന്നെയും പരിഭവമോടവള്‍
നെഞ്ചകംതന്നിലമര്‍ന്നിരിക്കേ
ഒരു കുഞ്ഞുകാറ്റായ് പറന്നെത്തിയിന്നവള്‍-
ക്കരുമയാം അളകത്തെ പുല്‍കിടുന്നു
അകലത്തിലെന്നിലെ ഹൃദയത്തെ നീറ്റുന്ന
സുഖമുള്ള വേദന ഈ പ്രണയം

Sunday, 26 May 2013

വിശ്വരൂപം


കണ്ണില്‍ കരടു പതിഞ്ഞുപോയി
എന്‍റെ കണ്ണുനീര്‍വറ്റി വരണ്ടുപോയി
ദര്‍ഭമുനകളില്‍ തീര്‍ന്നൊരാ സന്താന
കര്‍മ്മങ്ങള്‍ തീര്‍ക്കുവാന്‍ നേരമായി
നാക്കുപടച്ചുവിരിച്ച വലയ്ക്കുള്ളില്‍
പെറ്റൊരീ തുണ്ടങ്ങ് ഖഡ്ഗമായ്
ഞാന്‍ കാത്തുനില്‍ക്കുക മരണത്തിനായിനി
ഒരുവേളപായും ശരത്തിനായ്
മങ്ങിയ പീലികള്‍ തലമുടിക്കെട്ടിലായ്
ജരാനരകള്‍ക്ക്  കൂട്ടുനില്‍ക്കേ
മാനുഷനായ് പിറന്നൊരീ നാള്‍മുതല്‍
പാരിലെ ദുഃഖമായ് തീര്‍ന്നുഞാനും
ഇന്നെനിക്കില്ലയീ പൂങ്കുഴലും അതില്‍
പാടിരസിക്കുവാന്‍ രാഗമേഴും
പതിനായിരത്തിന്‍ കണക്കിലായ് ചൂടിയ
തോഴിപ്പടയുടെ ലീലകളും
കാണില്ല തോഴരും സാമ്രാജ്യവും
അതില്‍ യുദ്ധത്തില്‍ തേരാളിപട്ടങ്ങളും
കാണുന്നു ഞാന്‍ ദൂരെ നിഴലിന്‍റെ‌
ചേതന, കുരുക്ഷേത്രമാകുമീ യുദ്ധഭൂവില്‍
കാണുവാനാളില്ലയെന്‍റെയീ മായതന്‍
വിസ്താരമേറിയ വിശ്വരൂപം

ഒരോര്‍മ്മക്കുറിപ്പ്


നദിയിന്നു ഞാന്‍കണ്ട പ്രണയമായി
ഒരു ദിക്കിലൊഴുകിയാ പുഴയു‌ടെ ചിരികളില്‍
അറിയാകയത്തിന്‍റ ചിതയൊരുങ്ങി
ഒരു പാദമൊരുവേള നനയുവാനാകാതെ
പുഴകീറി ഒഴുകിയീ മണല്‍പ്പരപ്പില്‍
ചിറകെട്ടി നിറുത്തിയ നിലകളിലൊടുങ്ങാത്ത
മാല്യന്യകൂമ്പലായ് ഇന്നു നില്‍പ്പൂ

മതവും മരങ്ങളും ശോഷിച്ചവര്‍തന്‍റെ
നിഴല്‍തേടിയെത്തുന്ന മാനവര്‍ക്ക്
ഒരുക്കിയീ ഭൂമിയില്‍ വിഷംചേര്‍ത്തവര്‍ക്കുള്ള
ലഹരിയായ് മാറുമീ വീഞ്ഞുപാത്രം
ഒരു മുത്തമറിയാതെ മുത്തിയാല്‍ മയങ്ങുന്ന
മതഭ്രാന്തു ചേര്‍ത്തൊരീ ലഹരിമന്ത്രം

നിലയ്ക്കാ പ്രവാഹത്തിനുള്‍പ്പൂവിനുള്ളിലെ
മുത്തുമായ് നിന്നൊരാ ജലപ്രവാഹം
തീണ്ടിയാലൊടുങ്ങാത്ത രോഗങ്ങള്‍ പേറിയീ
അമ്മ മടിയിലുറഞ്ഞിരിപ്പൂ

അമ്മിഞ്ഞപോലെ നുകര്‍ന്നൊരീയുറവകള്‍
കാലന്‍ കണക്കിലെ ഓര്‍മ്മമാത്രം
വാനൊളി ചന്ദ്രനെ ചുംബിച്ചൊരാകുന്ന്
അമ്മ മടിക്കുത്തഴിഞ്ഞപോലെ
ഏങ്ങുമീ നഗ്നത കണ്ടുനടക്കുവാന്‍
ആവില്ലെ നമ്മളായ് നെയ്തുകൊള്‍ക
വിത്തുവിതച്ചൊരീ നന്മതന്‍ പാടത്ത്
പച്ചപ്പിന്‍ ഉത്സാഹം കൊയ്തെടുക്ക

Thursday, 23 May 2013

ഒരു വേഴ്ചയ്ക്കുമപ്പുറം


ഒരു നിശീഥിനിയുടെ നിഴല്‍പാടുപോലെ
മനം നിറയും സാന്ദ്രയൗവ്വനംപോലെ
തുടിക്കും ഹൃദയത്തിനുറവയിലവള്‍തീര്‍ത്ത
അമൃതമാം കുംഭമെന്നില്‍ ചൊരിഞ്ഞീടവേ
പുളകമണികളായ് എന്നിലലിഞ്ഞതീ
മൃദുലപ്രേമത്തിന്‍ തണ്ണീര്‍ക്കുടങ്ങളോ?

കണ്ണിമപൂട്ടിഞാനവളെന്നെപുണര്‍ന്നപ്പോള്‍
തളിര്‍മെയ് കിളിര്‍ത്തവള്‍ ചുണ്ടുമൊപ്പി
മധുകണം തുടിക്കും ഹൃദയത്തിലേക്കൊരു
നേര്‍ത്തനിശ്വാസമൊന്നു പകര്‍ന്നുഞാന്‍

ഏറെനാളായ്പേറും പ്രണയത്തിലുള്‍ക്കൊണ്ട
നൊമ്പരം അകലത്തില്‍ മാടിവിളിക്കവേ
നാഭിച്ചുഴികളില്‍ അവളേറ്റവിയര്‍പ്പിന്‍
കണങ്ങളെന്നുയിരിനുള്‍പ്പൂവായ് തുടിക്കവേ
അരുണകിരണങ്ങള്‍ക്കിനി കാത്തിരിക്കും
നാളുകള്‍ വിദൂരമാകട്ടെയെന്നെന്നുയിര്‍ മന്ത്രിച്ചു.

ഒരു വേഴ്ചയ്ക്കുമപ്പുറമെന്‍ പ്രണയിനി
ഉടലാല്‍പറ്റിയുറങ്ങട്ടെയെന്നുമീ
നാവിനുയുരായ് ദാഹത്തിന്‍ ശമനമായ്
അഹിതമാമീ വേനല്‍കെടുക്കുവാന്‍

പുലര്‍ച്ചമണികളെന്‍ നിദ്രയ്ക്കുഭംഗമായെത്തവേ
അരണ്ടപുലര്‍കാലമൊന്നിലൂടേറനടന്നുഞാന്‍
പിച്ചവച്ചു നടന്നൊരാ മുറ്റത്തിലിത്തിരി
ചാറ്റലടിച്ചൊരാ നനവില്‍ ചവിട്ടവേ
അറിഞ്ഞുഞാനവളെയിന്നൊരു ശ്രുതിമധുരമാം
എന്‍പ്രിയ കുളിരാംപുതുമഴപ്പെണ്ണിനെ.

ഒരു ഭയത്തിന്‍റെ തുടര്‍ച്ച

അമ്മതന്‍ ഗര്‍ഭപാത്രത്തില്‍നിന്നുഞാനീ
ഭൂമിയില്‍ പിറക്കുന്നവേളയില്‍
ചുറ്റുമറിയാ പ്രപഞ്ചത്തിനത്ഭുതംകണ്ടു
ഞാനേറെ ഭയപ്പെട്ടിട്ടാദ്യമായ്
ചുണ്ടുപിളര്‍ത്തിക്കരഞ്ഞതും, ചുറ്റുമിരിക്കും
പ്രജകളാ കരകണ്ടേറെചിരിച്ചതും
ഭയമൊരു വികൃതിയായ് എന്നില്‍ചുരത്തുന്നു
നിഷ്കളങ്കമായ് തുടികളില്‍ പലവിധം.

മുട്ടിലിഴഞ്ഞു നടക്കും വഴിക്കുഞാന്‍
കണ്ണില്‍ തടയും കരടുകളൊക്കെയും
കൈയ്യത്തി തിന്നുവാന്‍ നീന്തിതുടിക്കവേ
എന്നെക്കരയിച്ച അമ്മതന്‍ ശബ്ദവും
ഓണത്തിനെത്തുമാ കരിയിലഭൂതവും
തുള്ളിയുറയുന്ന ദൈവത്തിന്‍കോലവും
ഗുരുവിന്‍റെ കൈയ്യിലെ ചൂരല്‍ വടികളും
പ്രണയംനടിക്കും കിരാതസംസ്കാരവും
പൊയ്മുഖംപേറുമീ മാധ്യമലോകവും
എല്ലാ ഭയത്തിന്‍ നിഴലുകളായ്ത്തന്നെ
എന്നില്‍ നിറയുന്നു ചിന്തയിലിന്നുമേ

Monday, 20 May 2013

സ്വപ്നം


സ്വപ്നമൊരു പാഴ്കനിയാണുപോലും
കല്പന തന്‍കളികൂട്ടുപോലും
ഇമയൊന്നടയ്ക്കുമ്പോള്‍ കാണാമറയത്ത്
തേടാതെയെത്തുന്ന സ്വപ്നജാലം
തോറ്റവും, മുടിയുമായ് ആടിത്തിമിര്‍ക്കുന്ന
കാളിയെകാണുന്നരാവുകളും
കൈകളില്‍ ദാരികതലയുമായുറയുന്ന
രൗദ്രഭാവത്തിന്‍റെ ശാന്തഭാവം
പടയണിക്കോലങ്ങള്‍ തുള്ളിയുറയുമ്പോള്‍
മിഴികളടയാതെ കണ്‍മിഴിക്കേ
തന്മടിത്തട്ടിലായ് ചാഞ്ഞുമയങ്ങുന്ന
ഉണ്ണിയും കാണുന്നു സ്വപ്നജാലം
പന്തുമായ് ഓടിനടക്കുന്ന നേരത്ത്
കാല്‍വഴുതിയയ്യാ കുളത്തിലായി
അഴത്തിലാഴത്തിലാകവേ പോകുമ്പോള്‍
കൈകളടിച്ചവനുയര്‍ന്നുപൊന്തി
എന്തെന്‍റെയുണ്ണീ കിതയ്ക്കുന്നു നീയെന്ന്
മെല്ലൊന്നുതട്ടിയങ്ങമ്മ ചൊല്ലേ
സ്വപ്നത്തില്‍ഞാനാകുളത്തില്‍വീണു
എന്നുടെ പന്ത് കളഞ്ഞുപോയി
തന്മണിക്കുട്ടനെമാറോടുചേര്‍ത്തമ്മ
ചുമ്മാതെ ചുമ്മാതെയെന്നുചൊല്ലി
കണ്‍കളടച്ചങ്ങരുട്ടത്തിരിക്കവേ
പിന്നെയുമെത്തുന്നു സ്വപ്നജാലം
മാനത്തുനിന്നങ്ങു മാലാഖപ്പെണ്ണുങ്ങള്‍
ഭൂമിയില്‍ത്തനെ അവതരിച്ചു
കൈയ്യില്‍നിറയെപൊന്മണിനാണയം
അമ്മയ്ക്കുതന്നെ എടുത്തുകൊള്‍ക
കണ്‍ചിമ്മുമാതങ്കവട്ടത്തില്‍നിന്നൊന്ന്
നേടിയപാടെ കടയിലെത്തി
അരിയുംപയറുമായ് അടുക്കളതിണ്ണയില്‍
കൂനിപ്പിടിച്ചങ്ങിരുന്നശേഷം
അടുപ്പിലെരിയും വിറകിന്‍റെയുള്ളിലെ
പുകമറയെല്ലാമെ ഊതിമാറ്റി
കാച്ചിയെടുത്തൊരാ കഞ്ഞിവെള്ളം
ആറിച്ചു തന്‍മകനേകിമെല്ലെ
പെട്ടെന്നുഞെട്ടിയുണര്‍ന്നകുഞ്ഞ്
അമ്മയെനോക്കി കരഞ്ഞുപിന്നെ
വിശക്കുംവയറിന്‍റെ സങ്കടങ്ങള്‍
തേങ്ങലായ് തന്നെ വിറങ്ങലിക്കേ
അമ്മതന്‍ മാറില്‍ മുഖമമര്‍ത്തി
കുഞ്ഞിളം കണ്ണ് മയങ്ങിടുന്നു.
സ്വപ്നങ്ങള്‍ കാണുവാനെന്നപോലെ
അമ്മയുംചാരി മയങ്ങിടുന്നു.

Sunday, 19 May 2013

ഘടികാരം

നോക്കുകുത്തിയായ്
നില്‍ക്കുമാമക്കത്തിനപ്പുറം
ഓടിക്കിതച്ചൊരാ സൂചി ചലിക്കവേ
ഒരു നിമിഷത്തിന്‍റെ സ്പന്ദനമാത്രയായ്
ചലിക്കുമീകല്പന ഏറെ പഴക്കമായ്

സമയഘടികാരത്തിന്‍റെ ഇടവഴിക്കോണിലായ്
നാം തീര്‍ത്ത സ്വപ്നങ്ങള്‍
മഷിപടരും പഴയപ്രമാണങ്ങള്‍
കുരുത്തോലകെട്ടും കാവുമാടങ്ങള്‍
പിതൃക്കളണയും ആല്‍ത്തറക്കോണുകള്‍
എല്ലാം സമയത്തിന്‍ കല്പനയാകവേ
ഒരു നിമിഷത്തിന്‍റെ പുതുമയെതേടിനാം
കാലചക്രത്തില്‍ ചിറകുകള്‍ തേടുന്നു.

ഒന്നായ് മരിക്കുവാന്‍ ഇരവുകള്‍
തേടിയൊരു മഴയില്‍ കുളിരവേ
പകലുറങ്ങുന്ന കാവല്‍മാടങ്ങളായ്
സമയമതുപിന്നെയും 'പിന്നോട്ടു' പായുന്നു

കാത്തു നില്‍ക്കാത്ത സൂചിക്കുപിന്നാലെ
ഓടികിതച്ചുഞാന്‍ പിന്നോട്ടു നോക്കവേ
കൈയ്യില്‍ കരുതിയ ചില്ലുപാത്രങ്ങളില്‍
ഒരു മഴപിന്നെയും ബാക്കി നില്‍ക്കുന്നു.

ജീവിതചാലുകള്‍ കീറിയെടുത്തവര്‍
ആത്മസുഖത്തിന്‍റെ പാഠമുതിര്‍ത്തവര്‍
കല്പനതേടും പുതിയപ്രവാഹങ്ങള്‍
ആര്‍ത്തലയ്ക്കുന്നദുഃഖമുതിര്‍ത്തവര്‍
കണ്ണിലീഹര്‍ഷത്തിന്‍ പുളകമണിഞ്ഞവര്‍
പിന്നാലെ പായുന്ന സൂചിമുനമ്പിനെ
ചീന്തീയെടിക്കട്ടെ ഞാനീ കരങ്ങളാല്‍
സമയമാകുന്നൊരീ മായക്കുരുന്നിനെ,

തുറക്കട്ടെ ഞാനീ പ്രപഞ്ചത്തിന്‍കോട്ടകള്‍
നിലവറയ്ക്കുള്ളിലൊതുക്കട്ടെ ഞാനീ
സമയപെരുമ്പറ പേറുന്ന സഞ്ചിയെ
മൂഢവിശ്വസങ്ങളല്ലെയീ ചിന്തകള്‍
സമയങ്ങള്‍ പേറുന്നോരല്ലയീ ജന്മങ്ങള്‍
സമയമൊരു കല്പന, നമ്മള്‍ രചിച്ചവര്‍.

കടലുകാണുന്നോര്‍












എന്തിനീ കടലിന്‍ കരയിലെത്തി-
നമ്മളെന്തിനീ മനസ്സിന്‍ കടവിലെത്തി

നുരകളില്‍ സ്വപ്നത്തിന്‍
ചിറകുകള്‍ പേറാനോ?
ഉണരുമുഷസിന്‍റെ
വീചികള്‍ ചൂടാനോ?
സന്ധ്യയ്ക്കു മായും
വെളിച്ചത്തെ കാക്കാനോ?
കാലുനനയ്ക്കും
തിരകളെ പാര്‍ക്കാനോ?

ആരും പറവതില്ലിന്നതിനുത്തരം
ആര്‍ക്കുമറിവതില്ലെന്നുള്ള കൗതുകം.

വന്നവര്‍ വന്നവര്‍
തീരത്തടിയുന്നു
തീരം പുണരും
തിരകളെ തേടുന്നു.

ബാല്യങ്ങള്‍ തിരകളിന്‍
കൗതുകം പാര്‍ക്കുന്നു
കടലമ്മ കള്ളിയെന്നൊ-
രുവരി കോറുന്നു
തിരകളാ മണല്‍ക്കുറി
മെല്ലവേ ചീന്തുന്നു.
കെട്ടിമെനയും മണലിലാ കൂടാരം
സന്തോഷമോടവര്‍ തട്ടിയെറിയുന്നു

ഇണകളാ തിരകളില്‍
പ്രണയത്തെ പൂകുന്നു.
പ്രണയം പകുത്തങ്ങു
കടലിനു നല്കുന്നു
തിരകളിലവര്‍നെയ്യും
പ്രേമത്തിന്‍ മധുരിമ
ഉടലുകള്‍ചേര്‍ത്തൊരാ
നിമിഷങ്ങള്‍ നല്‍കുന്നു.

ദമ്പതിമാരൊട്ട് തിരകളറിയാതെ
കടലിന്‍റെ യൗവ്വനം ഏറെ നുകരാതെ
മണ്‍കൂന മനസ്സിലായ് കൂട്ടിമെതിച്ചിട്ട്
കൈയ്യില്‍ തുഴയും വ്യാമോഹമായവര്‍
മണ്‍തിട്ടതന്നില്‍ ചടഞ്ഞങ്ങിരിക്കുന്നു.

കല്പനാനൗകകള്‍ തള്ളിയിറക്കി കവിയാ
കയങ്ങളില്‍ കവിതകള്‍ തീര്‍ക്കവേ
ജീവന്‍ തുടിക്കും കഥകളുമായവര്‍
വലകളില്‍ ജീവനെ കെട്ടിമുറുക്കുന്നു
ഓളങ്ങള്‍ തീര്‍ക്കുമാ പ്രതിരോധക്കെട്ടുകള്‍
ചാടിമറിയുന്ന ചാളത്തടികളില്‍
യന്ത്രങ്ങള്‍ ചേര്‍ത്തൊരാ പൊങ്ങുതടികളില്‍
ജീവിതംകോര്‍ത്തവന്‍ തുഴഞ്ഞങ്ങകലുന്നു.

പട്ടം പറത്തവര്‍
കടലിനെ പൂകാതെ
നിറങ്ങളാല്‍ ചാലിക്കും
മേഘതുരുത്തിലാ
നൂലിനാല്‍ ബന്ധിച്ച
കടലാസ്സുതുണ്ടിനെ
ഏറെ പറത്തി
കടിഞ്ഞാണ്‍ പിടിക്കുന്നു.

തന്‍റുണ്ണിയെപ്പേടിച്ച്
മിണ്ടാ നടപ്പവര്‍
ഊന്നുവടികളില്‍
ഭാണ്ഡങ്ങള്‍ പേറുവോര്‍
കാണാകയത്തിന്‍റെ
നിര്‍വൃതിപൂകുവോര്‍
ആമോദ ജന്മങ്ങള്‍
ഏറെപ്പകുത്തവര്‍
വൃദ്ധരീ മണ്ണിലായ്
ആഴിപ്പുറങ്ങളില്‍
മണല്‍വിരിപാതയില്‍
പിച്ചനടക്കുന്നു.

പിന്നെയുമേറെയാലെണ്ണിയാല്‍ തീരാത്ത
സ്വപ്നങ്ങളും, പിന്നെ ദുഃഖങ്ങളും
വന്നവസാനമില്ലാതെ, പരിഭവക്കോണിലായ്
മിണ്ടാതറിയാതൊടുങ്ങുന്ന ദൈവത്തിന്‍ ചിന്തുകള്‍

ഞാനീ മണല്‍തിട്ട കണ്ടതിനൊക്കെയും
ഉത്തരമോതുവാനിന്നുമണയുന്നു
തിരകളെന്‍ കാതിലായ് മെല്ലെയുതിര്‍ക്കുന്നു
കാതുകേള്‍ക്കാത്ത സുഹൃത്തിനോടെന്നപോല്‍.

Friday, 17 May 2013

കാടിന്‍റെ മക്കള്‍

കാലം ഇരുട്ടിന്‍റെ കണ്മഷികണ്ണുമായ്
ഏറെ പുറകോട്ടുപോകെ
കാടിന്‍ കയങ്ങളില്‍ വഴിതെറ്റിയുഴലുന്ന
കാടിന്‍റെമക്കളെ കണ്ടു
ഇരവുംപകലുമവര്‍പാര്‍ക്കുമിടത്തിന്‍റെ
നേര്‍വഴികണ്ടുരസിക്കേ
വിതുമ്പുമാകോലായിലെല്ലിച്ചബാല്യങ്ങള്‍
ചുണ്ടുപിളര്‍ത്തിയിരിപ്പു
നീതിനിയമങ്ങളോതിഭരിപ്പവര്‍കാട്ടിലാ
ചട്ടത്തിന്‍തുണ്ടുകള്‍ നീട്ടി
ഇരതേടിവയറിന്‍റെനോവലകറ്റുവാന്‍
പാടില്ലമക്കളേ നിങ്ങള്‍
കാട്ടിലായ് നിങ്ങള്‍ പരിഷ്കൃത ദേശത്തിന്‍
കമ്പളം നീട്ടിപുതയ്ക്കേ
കൂടുന്നു വിധവകള്‍, ഭണ്ഡാരവിഴുപ്പുകള്‍
ഏറെച്ചുമക്കുന്നോരമ്മ
കണിവച്ചനാളിലായ് കുഞ്ഞുപിറക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്നോരമ്മ
ബാല്യച്ചിറകിന്‍റെ മാറപ്പുമാറാത്ത
രക്തചുവയുള്ളോരമ്മ
കണ്ടുവോനിങ്ങളാ ദൈവത്തിന്‍ കുട്ടിയെ
കാണാതിരിക്കുവോര്‍നിങ്ങള്‍
പണ്ടൊരു നാളിലീ ദൈവത്തിന്‍ ദേശത്ത്
രോഗംപിടിപ്പെട്ടുവെന്നാല്‍
കോഴിയെ കഷ്ണിച്ച് തലവലിച്ചെറിയുന്നു
ദിക്കുകള്‍നോക്കിപ്പറയാന്‍
വീഴുന്നദിക്കിലും, നോക്കുന്നദിക്കിലും
രോഗത്തിന്‍ശാന്തികണക്കേ
തുള്ളിയുറഞ്ഞങ്ങു നോക്കിപറയുന്നു
ഊരിന്‍ തലവനാം മൂപ്പന്‍
ഇന്നുമാ ജീവിതമങ്ങനെ തന്നെ
നാട്ടുമൃഗങ്ങളില്‍നിന്നും
കോടിപുതപ്പിക്കാന്‍, വാര്‍ത്തപിടിപ്പിക്കാന്‍
ആയിരമെണ്ണങ്ങളെത്തും
കരയുന്നകുഞ്ഞിളംമുഖത്തിന്‍റെ യാചന
ചിത്രത്തില്‍ കോറുന്നോര്‍ നമ്മള്‍
ശങ്കിക്കവേണ്ടനാം നമ്മളുമൊക്കെയും
കാടിന്‍കയത്തിലായ്തന്നെ

Thursday, 16 May 2013

പാദസരം












എന്‍ മനസ്സിന്‍ കയങ്ങളില്‍
അവള്‍ തന്ന നൊമ്പരം
പ്രണയത്തിനപ്പുറം കാണ്‍കേ
ഹൃദയത്തിനുള്ളിലെ
മണ്‍ചിരാവൊന്നിനെ
മെല്ലക്കെടുത്തി
ഞാന്‍ തേങ്ങി

മഷിതേച്ച കണ്ണുകള്‍
കൂമ്പി അവള്‍തന്ന
ചുംബനചുണ്ടുകള്‍ക്കൊപ്പം
കാറ്റിന്‍തലോടലായ്
എന്നില്‍ ലയിപ്പിക്കും
കുളിരിന്‍റെ കൂമ്പുകള്‍ മെയ്യില്‍

അറിയാതെ ഞാനാ
വിരലുകള്‍ പൂകവേ
ഒഴുകീ മയങ്ങിയീ മാറില്‍

പ്രേമസുരഭില
സമ്മാനമായവള്‍
കര്‍ണ്ണങ്ങളെ തൊട്ടുണര്‍ത്തേ

നാഭിചുഴികളില്‍
മുഖംചേര്‍ത്തവള്‍ക്കൊരു
മുത്തത്തിനുത്തരം നല്‍കി

ആദ്യമായ് കുഞ്ഞിന്‍റെ
രോദനം ഹര്‍ഷത്തിന്‍
നാളിലമൃതുനിറയ്ക്കേ
എന്തു ഞാന്‍ നല്‍കേണ്ടു
എന്‍പ്രിയ തോഴി നീ
എന്നോടു മെല്ലവേചൊല്ലൂ

കണ്‍കള്‍ നിറയ്ക്കും
പുളകമായ് അന്നവള്‍
എന്‍കാതില്‍ മെല്ലവേ ചൊല്ലി
പാദസരത്തിന്‍റെ
കിലുകിലെശബ്ദമീ
വേളയില്‍ ഉത്സാഹമല്ലേ

ഏറെ മണികളില്‍
തീര്‍ത്തൊരാപുളകങ്ങള്‍
ആ നാളില്‍ പ്രേമമായ് നല്കാന്‍

വര്‍ണ്ണകടലാസില്‍
പൊതിഞ്ഞൊരാ സമ്മാനം
നല്‍കുവാന്‍ ഞാനിന്നു പോയി

അഗ്നിനിറയ്ക്കാന്‍
ഒരുക്കുംചിതയിലെ
പട്ടിളംമെത്തയില്‍തന്നെ

Wednesday, 15 May 2013

നദി













അമ്മയാംമേഘത്തിന്‍ ഗര്‍ഭപാത്രത്തിങ്കല്‍
പേറ്റുനോവായാമിന്നല്‍ പൂകെ

ഇടിമുഴക്കത്തിലാ രോദനം ചേര്‍ത്തവള്‍
മഴയാകും പെണ്ണിനെ പെറ്റുവീഴ്ത്തി

കുന്നിന്‍ നെറുകകള്‍ പട്ടുവിരിച്ചൊരാ
കുഞ്ഞിളം പൈതലെയൊന്നുപുല്‍കേ

ചോലമരങ്ങളീകാറ്റിന്‍റെ ഈണത്തില്‍
താരാട്ടുപാടിയുറക്കിടുന്നു

തന്‍റെ മാറാപ്പിലായ് ചേര്‍ത്തുപിടിച്ചിങ്ങ്
ധരണിയാ കുഞ്ഞിനെ ഏറ്റെടുത്തു

പോറ്റമ്മയായവള്‍ തന്മണികുഞ്ഞിനെ
അരുവിയായ് ചേര്‍ത്ത് മുലകൊടുത്തു

പിച്ചനടന്നവള്‍ കുറുമ്പിയായ് തീര്‍ന്നൊരാ
പാറയ്ക്കുതാഴെയങ്ങൂര്‍ന്നിറങ്ങി

ധാവണിമാറ്റി പുടവയണിഞ്ഞവള്‍
താഴ്വരതന്നില്‍ പരിലസിച്ചു

ഋതുവായ് നദിയവള്‍ മെല്ലെയൊഴുകവേ
തീരങ്ങള്‍ കാവലായ് നിന്നിരുന്നു

കാമവെറിപൂണ്ട മാനുഷക്കണ്ണുകള്‍
പിച്ചിയെറിഞ്ഞൊരാ കണ്മണിയെ

ചാരിത്ര്യഭംഗത്താല്‍ ആര്‍ത്തലച്ചിന്നവള്‍
സംഹരരുദ്രയായ് ആഴിപൂകെ

കൈകളില്‍ നിദ്രതന്‍ നിശ്വാസവുംപേറി
അര്‍ക്കനാപെണ്ണിനെ ഏറ്റെടുത്തു

അവന്‍റെ മടിത്തട്ടിലെപ്പൊഴോ പിന്നവള്‍
മേഘമലരായ് മറഞ്ഞുനിന്നു.

Tuesday, 14 May 2013

ഗുരു










കടലും മലകളും തേടിഞാനിന്നെത്തി
അഗസ്ത്യകൂടത്തിന്‍റെ മുന്നിലൂടെ
മാറുപിളര്‍ന്നവന്‍ എന്നയാവാഹിച്ചു
മഞ്ഞണിക്കുന്നിന്‍ പുതപ്പിലൂടെ
കാല്‍വെള്ളതന്നില്‍ കിനിയും ജലത്തുള്ളി
കിക്കിളികൂട്ടിയങ്ങാനയിച്ചു
കളകളംപാടി,യരുവിയാ നെറുകയില്‍
ഭസ്മത്തില്‍ പൂക്കള്‍ വിടര്‍ത്തിയാടി
മുത്തുകിനിയും ഖനികളാതാഴ്വര
മെച്ചത്തില്‍ പച്ച പകുത്തു നല്കേ
കുഞ്ചിരോമങ്ങളായ് പുല്‍പ്പരപ്പങ്ങനെ
കുന്നിന്‍ ചരുവില്‍ പരിലസിച്ചു
കണ്‍മണിതന്നിലായ് മഞ്ഞിന്‍ പരപ്പുകള്‍
ശീതളഛായ പകുത്തു നല്കി
പീലിവിടര്‍ത്തിയ കാട്ടുമരങ്ങളില്‍
പക്ഷികള്‍നൃത്തം ചവുട്ടിനിന്നു.
ജീവജലത്തിലെ പ്രാണന്‍റെ ചുമ്പനം
മുമ്പു‍ഞാനിങ്ങനറിഞ്ഞിട്ടില്ല
കുഞ്ഞു തടാകങ്ങള്‍ മാടിവിളിച്ചെന്നെ
കൈകളാല്‍ കുളിരു പകര്‍ന്നുതന്നു
അമ്മതന്‍ മാറാപ്പില്‍ ചാഞ്ഞുമയങ്ങുന്ന
കുഞ്ഞിളം പൈതലതെന്നപോലെ
എന്നിലഭയമായി എന്‍ചിന്തയൊക്കെയും
പ്രാണന്‍റെയുള്ളില്‍ മടങ്ങിയെത്തി
ഞാനെന്നബോധമകന്നുനിന്നപ്പോഴാ
ശൂന്യതയെന്നില്‍ പ്രതിഫലിക്കേ
അഖണ്ഡമാം ബ്രഹ്മമീ ഞാനെന്നബോധം
അറിയാതെ എന്നിലന്നങ്കുരിച്ചു
ദൃക്കുമാദൃശ്യവുമേതന്നുകാണുവാന്‍
വേദപൊരുളുകള്‍ ചേര്‍ത്തുവയ്ക്കേ
അറിയാതറിഞ്ഞുഞാന്‍ എന്‍ഗുരുനാഥനെ
ബോധമാകുന്നൊരീ സത്യരൂപത്തെ.

Monday, 13 May 2013

പരിഭവം















വേനലവധി കഴിഞ്ഞെത്തിയിന്നവള്‍
യേറെ ഭയന്നങ്ങിരുട്ടിന്‍റെയോരത്ത്
കിനുകിനെ ശീല്‍ക്കാരമായവള്‍ മന്ത്രിച്ചു
ആവില്ലെനിക്കിനി പെയ്തുതീര്‍ക്കാന്‍
ഏറെത്തളര്‍ന്നുപോയ് എന്‍മാറുനിങ്ങള്‍ക്കു-
ചുരത്തിത്തരുവാനോ കാണ്‍മതില്ല
കേട്ടുവോ നിങ്ങളാ പരിഹാസഗര്‍ജ്ജനം
മേഘതുരുത്തിന്‍റെ അട്ടഹാസം
എന്നെയും പേറിഗമിക്കുന്ന പുഷ്പക-
മൊന്നിനെ ഏറെ തടയാനുമാരുമില്ല
ചിറകുകള്‍ ചേദിച്ചൊതിക്കിയ കുന്നുകള്‍
കണ്‍കളടച്ചു മറഞ്ഞിരിക്കേ
ചിന്നിച്ചിതറി പുടവകളോരോന്നും
എങ്ങുമേ പാറി മറഞ്ഞിടുന്നു
മാനസഭൂവിലായ് ഞാന്‍ചേര്‍ത്തുവച്ചൊരാ
മിന്നല്‍പിണരൊന്നു വിട്ടുപോകെ
തന്‍ മടിക്കുത്തില്‍ കടന്നുപിടിച്ചവന്‍
വേനലായ് ധരണിയിലവതരിക്കേ
അഗ്നിയില്‍ ശുദ്ധിവരുത്തിയീ ജീവിതം
തിരികെത്തരില്ലെനിക്കിന്നുനൂനം

ഒരു വാരഫലം തേടി










പ‍ഞ്ഞ‍മാസത്തിന്‍റെ വേനലില്‍ ഞാനൊരു
ജ്യോത്സ്യഗൃഹത്തിന്‍റെ മുന്നിലെത്തേ
നക്ഷത്രജാലങ്ങളെണ്ണിയാല്‍ കിട്ടുന്ന
കൂട്ടത്തെ ഞാനന്നു കണ്ടു.

ദൈവജ്ഞനാണന്നു തിട്ടയില്‍ തട്ടിയില്‍
കണ്ടടത്തെല്ലാം കുറിച്ചുവച്ച്
ടോക്കണെടുപ്പിക്കാന്‍ മാത്രമൊരഞ്ചുപേര്‍
സീറ്റങ്ങുറപ്പാക്കാന്‍ നാട്ടുകാരും

തിക്കിത്തിരക്കി ഞെരിപിരികൊണ്ടുഞാന്‍
ടോക്കെനെടുക്കാനായി 'കൈടോക്കണ്‍'നല്‍കി
ആദ്യത്തെ അഞ്ചുപേര്‍ കെട്ടിയ കുരുക്കിന്‍റെ
പിന്നാലെ തന്നവന്‍ എന്‍റെ ടോക്കണ്‍

നെഞ്ചിലിടിപ്പുമായ് എന്‍ ഭാവി തപ്പിഞാന്‍
ഭൂതത്തിന്‍ മുമ്പിലിരുന്നപാടെ
കണ്‍കളില്‍ കത്തുന്ന അഗ്നിയെകൊണ്ടവന്‍
എന്നിലെ ചോദ്യമെടുത്തുവിട്ടു

പ്രശ്നങ്ങളൊക്കെയും മാറ്റുന്ന ജോലിയാ
ദൈവത്തില്‍ തന്നെയുറഞ്ഞിരിപ്പൂ
കാരണമാത്രമാണെങ്ങനെയെന്നുള്ള
പരിഹാരം മാത്രമറിഞ്ഞുകൊള്‍ക

താണ്ടിയ കര്‍മ്മങ്ങളോക്കെയും നിങ്ങള്‍ക്കു
ദൈവത്തിന്‍ ദാനമറിഞ്ഞുകൊള്‍ക
നെല്ലും പതിരുമറിയാത്തമാതിരി
പ്രശ്നങ്ങളേറെ വരുന്നുചാരെ

ബന്ധിക്കവേണമാ കാരണവര്‍ തന്‍റെ
തോന്ന്യാസരൂപത്തിന്‍ ബാക്കിപത്രം
അമ്മതന്‍ ക്ഷേത്രത്തില്‍ ചെയ്തോരു
കര്‍മ്മങ്ങള്‍ അല്പക്ഷയത്താലിങ്ങത്തിപ്പെട്ടു

ധരിക്കണം കൂടുകള്‍ മന്ത്രങ്ങളൊക്കെയും
ഞാന്‍ ചൊല്ലും ദൈവത്തിന്‍ കാല്‍ക്കല്‍ചെന്ന്
അമ്മമുതലിങ്ങെല്ലാരുമെത്തണം
മക്കള്‍ക്കു ദക്ഷിണവേറെവേണം

ഭയന്നമുഖത്തിനാല്‍ ചൊല്ലുന്നതൊക്കെയും
മിണ്ടാതെ കേട്ടങ്ങിരുന്നപാടെ
നെറ്റിയില്‍ കൈവച്ചു, ഭസ്മത്തിന്‍ കുറിയൊന്നു
നെറുകയില്‍ചാര്‍ത്തി അവന്‍ മൊഴിഞ്ഞു

നാളെപ്രഭാതത്തില്‍ കുളിച്ചുജപിച്ചുടന്‍
കൈയ്യിലീ നാരങ്ങപോന്തിയെടുത്തിട്ട്
ആരാനുംകാണാതെ, ആലിന്‍ചുവട്ടിലോ
ഒഴുകുന്ന നദിയിലോ എറികവേണം

പന്ത്രണ്ടാം ഭാവത്തിന്‍ നാശസ്ഥിതികളെ
ആരാനുംകൊണ്ടു തടുക്കലാമോ?
(ചിലവ്,പാപം,സ്ഥാനഭ്രംശം)

Sunday, 12 May 2013

പുസ്തകസഞ്ചി












വണ്ടിവരണുണ്ടെന്നങ്ങുചൊല്ലി
പുസ്തകസഞ്ചി മുതുകിലേറ്റി
ഓടിക്കിതയ്ക്കുന്ന മോനെനോക്കി
സങ്കോചമോടെഞാന്‍ ഓര്‍ത്തുപോയി
പാടവരമ്പത്തൂടെ പാഠവരമ്പിലെന്‍
കൈവിരല്‍തുമ്പൊന്നുണര്‍ന്നെണീറ്റു.
കോണൊന്നുപൊട്ടിയ സ്ലേറ്റിലെന്‍
കൈപ്പിടിതുണ്ടുഞാന്‍ കണ്ടെടുത്തു
പാടത്തെക്കോമാളി ഞണ്ടിനെ
പുല്‍ത്തലപ്പാലെ പിടിയിലാക്കി
ചേറുതെറിപ്പിച്ച് കൂട്ടരോടൊത്താ
പാടത്തിന്‍ നെഞ്ചില്‍ഞാന്‍ പിച്ചവച്ചു
മെല്ലെയൊഴുകും അരുവിയില്‍
ഞാനെന്‍റെ കുപ്പായമൂരി വലവിരിച്ചു
മാനത്തുകണ്ണിയും, പരലും നിറയുന്ന
കൗതുകമേറെഞാനാസ്വദിച്ചു.
പാഠംകഴിഞ്ഞൊരാ പുസ്തകത്താളില്‍ഞാന്‍
വഞ്ചിമെടഞ്ഞങ്ങൊഴുക്കിവിട്ടു.
പിച്ചിയെറി‍ഞ്ഞൊരാ ഇലയുടെ പിന്നാലെ
പുഴനീന്തും വഴിയേ നടന്നുചെന്നു.
തുള്ളികളിക്കുന്ന പശുക്കിടാവിനെ
ഉത്സാഹമോടെഞാന്‍ നോക്കിനിന്നു.
ചേറില്‍മെനഞ്ഞൊരാ മടയിലെതൂമ്പിലെന്‍
പെനിസില്‍ തലപ്പൊന്നൊഴുക്കിവിട്ടു.
വഴിയിലാമൈനയെ കാണത്തകാരണം
കൈതോലമെല്ല വളച്ചുകുത്തി
ആശാന്‍റെ കൈയ്യിലെ ചൂരലിന്‍ വേദന
ചന്തിതരിപ്പായി നെഞ്ചിലെത്തി.
പാളവലിച്ചു മടുത്തൊരെന്‍ ചങ്ങാതി
മുള്ളിലക്കായ പറിച്ചെടുത്തു
കീറിപറിഞ്ഞൊരീ നിക്കറിന്‍നൂലിഴ
രാവുമിരവുമെനിക്കു നല്‍കി.
വീട്ടിലെ കോലായിലെത്തിയപാടെ‍ഞാന്‍
പുസ്തകക്കെട്ടു വലിച്ചെറിഞ്ഞു
അമ്മ വിളമ്പിയ മത്തന്‍കറിയുടെ
സ്വാദുരുചിച്ചുഞാന്‍ കൈകഴുകേ
കൊയ്ത്തുകഴിഞ്ഞൊരുപതിരുമായ്
പെണ്ണുങ്ങള്‍ ഉമ്മറവാതില്‍ കടന്നുപോയി.

ജീവിതം












കാല്‍വഴുതിവീഴാ ചിന്തതന്‍
ചെളിയുണ്ടതിന്‍മീതെ
വള്ളമിറക്കുവാന്‍ പോകെ.
പുഴനിറഞ്ഞങ്ങൊഴുക്കുകൂടുന്നു
ജീവിത, തുഴനിന്‍റെ കൈയില്‍ മുറുക്കൂ
ആശയാകുന്ന അനിലന്‍റെ കൈപ്പിഴ
നിന്‍റെ യാത്രയില്‍ കലിയായ് ജനിക്കേ
നിലതെറ്റിയുറയുന്ന മനസ്സിന്‍റെ കൈത്തുഴ
കൈവിട്ടുപോകാതെ കാക്കൂ.
അടുത്തായ് കാണും മരീചിക,
നിന്‍ ഭയത്തിന്‍ വേനലായ് മാറാം
ചാഞ്ചാടിയാടിയുലയുന്നനൗകയില്‍
കുളിര്‍മഴയേറ്റുനീ തുഴയുന്നനേരത്ത്
ദുഃഖത്തിന്‍ ചാറുനിറയുന്ന വഞ്ചിയെ
മുങ്ങാതെ താഴാതെ കാക്കൂ.
കാലമാംപുഴതാണ്ടുവാനിനിയു-
മൊരുകാതമീ തുഴനീപിടിയിലമര്‍ത്തൂ.

കണ്‍കളിരുട്ടിന്‍റെ ചങ്ങാതിയാകുവാന്‍
ഓളപ്പരപ്പില്‍ നീന്തിതുടിക്കുവാന്‍
നക്ഷത്രക്കൂട്ടരോടാര്‍ത്തുചിരിക്കുവാന്‍
മെല്ലെനീ തുഴയണം എന്നുമീവഞ്ചിയില്‍.

കണ്ടുപിടിത്തങ്ങള്‍













എത്രയോ മക്കളെ
പ്രസവിച്ച വയല്‍
ജരകയറി വിണ്ട്
നിവര്‍ന്നുകിടക്കുന്നു..

അരുവികളാല്‍ മാലകള-
ണിഞ്ഞ മഞ്ഞണികുന്നുകള്‍
ഉടുപുടവയഴിഞ്ഞ്
എത്രയോ സംഗങ്ങള്‍ക്കടിമയായി
ഭേദമാകാത്തരോഗം ബാധിച്ച്
അന്ത്യശ്വാസം വലിക്കുന്നു.

ശുദ്ധജലത്തിന്‍റെ
പരവതാനിവിരിച്ച്
ഓടിവള്ളങ്ങള്‍ക്കും ചുണ്ടനും
കളിക്കളമൊരുക്കിയ നീര്‍പുഴകള്‍
പാതാളസീമയില്‍
തൊണ്ടനനയ്ക്കാനാവാതെ
അലമുറയിടുന്നു.

കടല്‍ തന്‍റെ രൗദ്രരൂപംപൂണ്ട്
മുടിയഴിച്ച് തീരങ്ങള്‍
തല്ലിത്തകര്‍ത്ത്
തന്‍റെ കാമുകിമാരുടെ (നദി)
വിരഹത്തിന് പകരം വീട്ടുന്നു.

ഇപ്പോഴും
പുതിയ പ്രപഞ്ചത്തിന്‍റെ സൃഷ്ടിക്കായ്
പുതിയ വന്‍ യന്ത്രസാമഗ്രികള്‍
മനുഷ്യന്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നു.

ആകാശത്തിലെ നക്ഷത്രങ്ങളും
പ്രപഞ്ചവും മുത്തശ്ശിയുമൊക്കെ
തന്‍റെ വിരല്‍ത്തുമ്പിലെ
കണ്ണാടിക്കുള്ളില്‍
അവന്‍ സ്പര്‍ശിച്ച് സ്വപ്നം കാണുന്നു

ഒന്നു തിരിഞ്ഞ്
തീന്‍മേശയിലെ ജഗ്ഗ് കമിഴ്ത്തുമ്പോള്‍
ഒരിറ്റുജലം
അവന്‍റെ നാവുനനയ്ക്കാനെത്തിയില്ല
എന്നറിഞ്ഞപ്പോള്‍......

Saturday, 11 May 2013

ഒരു പ്രണയം തുടങ്ങുന്നു















കണ്ണിണയ്ക്കുള്ളിലീ പൊന്‍മണിതിങ്കളെ
ഒന്നുപുണര്‍ന്നങ്ങുണര്‍ന്നെണീക്കേ
ദൂരത്തൊരായിരം ഓര്‍മകളാലെന്‍റെ
അകതാരിന്‍ നൊമ്പരം വീണുടഞ്ഞു.
കൈയ്യാലമേലുള്ള തെച്ചിപ്പൂയിതളിനെ
മെല്ലൊന്നുചീന്തിയവള്‍മൊഴിഞ്ഞു
നീ വരുംവേളയില്‍ ഉത്സാഹമാണതിന്‍
പൊരുളറിയില്ലെന്നതെനിക്കുനൂനം
കണ്‍പീലിമെല്ലൊന്നുയര്‍ത്തിയമിഴികളില്‍
പ്രേമത്തിന്‍പൂങ്കനിയെനിക്കുനല്കി
ധാവണിമെല്ലവള്‍പാറിച്ചനേരത്ത്
പാദസരങ്ങള്‍കുണിങ്ങിയാടി
മാന്‍പേടപോലവള്‍ ഓടിമറഞ്ഞപ്പോള്‍
അവളുടെ സാമീപ്യം ഞാനറിഞ്ഞു.
കണ്ണുകള്‍മെല്ലയടച്ചുഞാന്‍ സ്വപ്നത്തില്‍
അവളെക്കുറിച്ചുള്ള ഓര്‍മ്മപൂകാന്‍
ഒരുനിമിഷത്തിന്‍റെ നൊമ്പരചെപ്പിലായ്
അവള്‍തന്‍റെ സാമീപ്യം തന്നുമെല്ലെ
മൃദുലമായവളെന്നില്‍ ഒരുമേഘചിന്തിന്‍റെ
മഴയായ് കുളിരായ് പെയ്തിറങ്ങി.

Friday, 10 May 2013

വിഷത്തിന്‍റെ വിത്തുകള്‍















നീ നിന്‍റെ എഴുത്താണി കുത്തിയൊടിക്കൂ
മഷിതീരാക്കുപ്പികള്‍ കാട്ടിലെറിയൂ
ഉണ്മയെകാണുമ്പോള്‍ കണ്‍കളടക്കൂ
എഴുതിയതൊക്കെയും തീയിലെറിയൂ
സത്യത്തെ ചൊല്ലുകില്‍ നാവുമുറിക്കൂ
കേള്‍ക്കാതിരിക്കാന്‍ ഈയമൊഴിക്കൂ
ആരെയും നോവിക്കും നുണയെതുണച്ച്
സത്യത്തിന്‍ മീതെ കരിനിഴല്‍ വീഴ്ത്തൂ
കൊടികള്‍പിടിക്കൂ, അട്ടഹസിക്കൂ..
വേലകള്‍മെനയുന്ന നാടുമുടിക്കൂ...
സന്ധിചെയ്യുന്നോരെ തച്ചുവധിക്കൂ..
രക്തമൊഴുക്കി കതിനപൊട്ടിക്കൂ..
നിണമണിയും കൈയ്യുകള്‍ കൂട്ടിയടിക്കൂ
ബലിയുണ്ണാന്‍ കാക്കള്‍ചേര്‍ന്നുവരട്ടേ
ഒഴുകും ജലത്തില്‍ വിഷംചേര്‍ത്തുനല്കൂ
പിടയുന്ന കുഞ്ഞിന്‍റെ രോദനം കേള്‍ക്കൂ
അരുമയാം അമ്മയെ തല്ലിയകറ്റൂ
നീ നിന്‍റെ സാമ്രാജ്യം കെട്ടിയൊരുക്കൂ..
നീതന്നെ സാക്ഷിയും, നിയമവുമാകൂ..
വിധികള്‍ വിതയ്ക്കുന്ന മേലാളനാകൂ..
ഇവിടെയീ ചെകുത്താന്‍ ചൊല്ലുന്നകേട്ടാല്‍
അവിടെ നിനക്കൊരു സാമ്രാജ്യമാകും..
അട്ടഹസിച്ചവനെന്‍റെ നേരേപായുമ്പോള്‍
കാണുന്നു ഈ ചിന്ത കണ്ണാടിയില്‍ത്തന്നെ.
മനസ്സിന്‍റെ ഒരുകോണില്‍ പതിയിരിക്കുന്നൊരീ
വിഷത്തിന്‍റെ വിത്തുകള്‍ മുളക്കാതിരിക്കാന്‍
അറിക നാം നന്മയെ, കുഴിമാടമടുക്കിലും.

ജനാധിപത്യം



എന്നെ പഠിപ്പിച്ച പുസ്തകത്താളുകള്‍
ഈ വാക്കിന്‍ പ്രതിധ്വനി തന്നതില്ല

കത്തിയൊഴുകി എരിഞ്ഞടങ്ങുന്നോരാ
നാളങ്ങള്‍ എന്നെ നയിച്ചതില്ല

ആകാശകോട്ടയില്‍ എല്ലാമറിയുന്ന
സൂര്യനും, ചന്ദ്രനും മിണ്ടിയില്ല

എന്നുടെ നേതാവായ് മുമ്പേനടന്നവന്‍
ഞങ്ങളെയൊട്ടും നയിച്ചുമില്ല

സ്വതന്ത്രയായ് ഭാരതം കൈകളിലെത്തുമ്പോള്‍
പാതി മുറിച്ചു പകുത്തിരുന്നു

ഭാരതമെന്നു നാം ഘോഷിക്കും ഭൂമിയില്‍
ഭാഷയും വേഷവും വേറെ വേറെ

ജാതിമതത്തിന്‍റെ സ്പര്‍ദകൂട്ടുന്നൊരീ
നാടുമുഴുവനും തമ്പടിച്ചു.

നാള്‍വഴിപുസ്തക താളിലായ് നേതാക്കള്‍
തായ്‍വഴി പണ്ടേ കുറിച്ചുവച്ചു.

തന്‍റെ മടിയിലായ് കൊള്ളുന്നതൊക്കെയും
മക്കള്‍ക്കായി മെല്ലെ പകുത്തെടുക്കേ

ഭണ്ഡാരമോരൊന്നും അന്തപുരത്തിലെ
കമ്മട്ടമായിയവര്‍മെനഞ്ഞു

കാവലിന്‍ കാലാളായ് നിന്നുകൊടുക്കുവാന്‍
വിശപ്പിന്‍ വിളികളായ് നമ്മള്‍ മാത്രം

ചൂതാട്ട പലകയില്‍ കൂനിയിരിക്കുന്ന
കാപ്പിരികൂട്ടമീ ജനസമൂഹം

തലയേതുവാലെന്നറിയാത്ത മക്കള്‍ക്ക്
ഞറുക്ക് വീഴുമ്പോള്‍ പടക്കണക്ക്

രണ്ടിലുമേതേലുമൊന്നെന്നു നോക്കിയീ
പാപം ജനത്തിന്‍റെ വോട്ടു പോകേ

കണക്കുമെനഞ്ഞങ്ങു വാഗ്ദാനമേറ്റുമ്പോള്‍
വാരിപ്പറത്തുവാന്‍ നോട്ടുമാത്രം

കൂട്ടിനായ് ഇപ്പൊഴും കമ്പനിയ്ക്കുള്ളിലീ
പട്ടാള മേലാളര്‍ കാവല്‍ നില്‍പൂ

പാര്‍ട്ടികൊടികള്‍ പ്രസംഗാദി തോരണമല്ലാതെ
സത്യത്തെ കൂട്ടി ജയിപ്പാനായാവതുണ്ടോ

ആണല്ല, പെണ്ണല്ലാ എല്ലാര്‍ക്കുമീഭയം
ചൂതാട്ട അക്ഷത്തില്‍ മാറിനില്‍പൂ

ആകാശംമേലെ വലിച്ചെറിയുന്നൊരീ
നാണയതുണ്ടിന്‍റെ രണ്ടുവശം

സാദ്ധ്യത ഏതെന്നു നോക്കുവാനായിട്ടൊരു
സാദ്ധ്യതപോലും നമുക്കതില്ല

എറിഞ്ഞുമടുത്തൊരീ പഴന്തുണി തുണ്ടുമായ്
നേട്ടങ്ങള്‍ കാട്ടി അവര്‍ ചിരിക്കേ

തമ്മിലായ് ഭേദമാരെന്നു നോക്കിയീ
പകിടകളിയില്‍നാം പങ്കുകൊള്‍കേ

എന്‍വസ്ത്രമുരിഞ്ഞവര്‍ ആകാശകോട്ടയില്‍
കെട്ടുംകമാനത്തിനുള്ളിലാക്കി

മുഖമൊന്നുയര്‍ത്തി കരയാതെ ഞാനെന്‍റെ
കണ്‍കളിറുക്കി കുനിഞ്ഞിരിന്നു

അലറുവാന്‍വെമ്പിഞാന്‍ നാവുന്നുയര്‍ത്തുമ്പോള്‍
കൂക്കിവിളിച്ചവര്‍ ചുറ്റുംകൂടും

ഒത്തിരി അപ്പംഞാന്‍ മോഷ്ടിച്ച കാരണം
ചുട്ടികുത്തിച്ചവര്‍ നാടുചുറ്റും

കരുത്തിന്‍ കരങ്ങളായ് ബലിഷ്ഠമുഖങ്ങളായ്
പാടിനടന്നവര്‍ കഴുവിലേറ്റും

കഴിയുമവര്‍ക്കതിനെല്ലാം കവര്‍ന്നോരു
ഭണ്ഡാരപ്പെട്ടിയിരിക്കയല്ലേ

എന്‍റെയും നിന്‍റെയും പാത്രത്തില്‍ നിന്നവര്‍
എല്ലാം കവര്‍ന്നങ്ങെടുത്തതല്ലേ

മിണ്ടുവാന്‍, കാണുവാന്‍, കേള്‍ക്കുവാനൊട്ടു
നമ്മള്‍ക്കുമാവില്ല കൂട്ടുകാരേ.

Thursday, 9 May 2013

അമ്മയ്ക്കൊരുരുള

പിടയുന്നനൊമ്പരം ഉള്ളിലൊതുക്കി
അവള്‍തന്‍റെ കുഞ്ഞിനെ മാറോടടക്കി
ഒഴുകുന്ന കണ്ണുനീര്‍ ഹൃയത്തിലിറ്റിച്ച്
നിശ്വാസചുംബനം നല്കുന്നതോര്‍ത്തുഞാന്‍
വിശക്കും വയറിനെ മുറുക്കിയുടുക്കുവാന്‍
ശക്തിപോരാത്തൊരാ പുടവയും പേറി
എല്ലിച്ചുനില്‍ക്കുന്നൊരമ്മയെക്കാണുവാന്‍
ആവില്ലെനിക്കിനി സ്വപ്നത്തിലോലുമേ.

അന്നൊരു സന്ധ്യയില്‍ അവള്‍തന്‍റെ കുഞ്ഞിനെ
തൊട്ടിലില്‍ തഞ്ചത്തിലിട്ടേച്ചുപോകുമ്പോള്‍
പിന്നാലെ കേള്‍ക്കുന്ന കുഞ്ഞിന്‍റെ രോദനം
മിന്നല്‍പിണര്‍പോലെ നെഞ്ചിലമര്‍ന്നതും
ഒട്ടിയമാറിന്‍റെ ചുടുനെടുവീര്‍പ്പുകള്‍
കുഞ്ഞിന്‍റെ രോദനം ഏറ്റുവാങ്ങുമ്പൊഴും
ഓര്‍ക്കുന്നു ഞാനെന്‍റെ അമ്മയെത്തന്നെ
കുഞ്ഞായിരിക്കുന്ന മനസ്സുകൊണ്ടിപ്പൊഴും.

അന്നവള്‍ക്കില്ലൊന്നും വീതിച്ചുനല്‍കുവാന്‍
തന്മണിക്കുട്ടനെയൂട്ടിയുറക്കുവാന്‍
കെട്ടിപ്പറുക്കി ഒതുക്കിവയ്ക്കുമ്പൊഴും
ഇല്ല കഴിക്കില്ലൊരുവറ്റുപോലുമേ
തന്‍മണിക്കുഞ്ഞിനുരുള നല്കീടുവാന്‍

ഇന്നിനിക്കാണുവാനില്ലെനിക്കെന്‍റമ്മ
ഉള്ളുതകര്‍ന്നു മരിക്കും വരേക്കുമേ.
ഓര്‍മയില്‍ ചാലിച്ച സ്നേഹത്തിന്‍ ചുംബനം
മിഥ്യാ ഒഴുക്കില്‍ ബലിയിട്ടുനല്‍കവേ
ഒരുപിടിവറ്റിന്‍ പരിതാപമായല്ലോ
സമയക്കുറവിന്‍റെ മേലാളനായി ഞാന്‍
കണ്ടില്ലറിഞ്ഞില്ല അവള്‍ക്കുള്ള വേദന
എന്‍ വഴിത്താരയിലുല്ലാസവേളയില്‍.




വിലപ്പെട്ട യാത്ര


യാത്ര തുടങ്ങുന്നു ഞാനിതാവേഗത്തില്‍
ചൊട്ടിയ കുപ്പിയില്‍ ജീവജലത്തിനായ്
കൊട്ടിയടച്ചൊരാ കിണറ്റിന്‍ കരയിലെ
തൊട്ടി കമിഴ്ത്തിയെന്‍ കൂടെ വന്നോളുക.

കാല്‍വലിച്ചെങ്ങോട്ടോ യാത്രതുടങ്ങുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍റെ പാടവരമ്പിനെ
തുമ്പയും, കറുകയും ഏറെ വളര്‍ന്നൊരാ
പൊന്തയ്ക്കുമീതെ ഒഴുക്കുചാലൊന്നിനെ

വിണ്ടു തുടങ്ങുന്ന പാടത്തിന്‍ ചുണ്ടിലെ
മഞ്ഞണിമുത്തിന്‍ കടുകുമണികളെ,
നീര്‍മണിത്തുള്ളികള്‍ കൂട്ടിവരച്ചൊരാ
പാടത്തിന്‍ മാറത്തെ നെല്‍ക്കതിരൊന്നിനെ

കളകളം പാടുന്നരുവിതന്‍ ചാരത്ത്
കുളിരുമായ് പൊഴിയുന്ന താഴമ്പൂവൊന്നിനെ
ഓടിയെടുക്കുവാനാവില്ല, സ്വപ്നമായ്..
കണ്‍കളിരുട്ടിന്‍റെ ചാരത്തണയുന്നു.

ഓടിയലയുന്ന കാറ്റിന്‍റെ സ്പര്‍ശനം
നെഞ്ചില്‍ കുളിരായുയിര്‍ക്കുന്ന സന്ധ്യയില്‍
മേടകൊയ്ത്തിനുണര്‍ത്തുപാട്ടായങ്ങ്
താളത്തില്‍കൊട്ടിയുറയുന്ന ചാത്തനെ

ഇന്നെനിക്കാവില്ല ഒറ്റക്കുപാടുവാന്‍
തൊണ്ടയ്ക്കുനീരിനായ് കേഴുവാനല്ലാതെ
മിഴികളിലുറയില്ല സങ്കടപെരുമഴ
നിനവിലാണെപ്പൊഴും കണ്ണുനീര്‍പൂക്കളും

എന്‍ മണിച്ചെപ്പിലെ തണ്ണീര്‍കുടങ്ങളെ
മോഷ്ടിപ്പതാരെന്ന ചോദ്യത്തിനുത്തരം
നെഞ്ചത്തുതൊട്ടുഞാന്‍ ചോദിച്ചവേളയില്‍
നീതന്നെയെന്നങ്ങു കേട്ടതും, ഞെട്ടിഞാന്‍.

എന്‍സുഖമൊന്നിനുവേണ്ടിയീ പാടങ്ങള്‍
വെട്ടിനിറച്ചു കൂരകള്‍ തീര്‍ക്കുന്ന,
പൊള്ളത്തരങ്ങളില്‍ വീമ്പുപറയുന്ന,
മാന്യനാം മര്‍ത്യകുലത്തിലെ കണ്ണിഞാന്‍

തൊണ്ടയിടറുന്നു, നിശ്വാസമേറുന്നു
കാല്‍വലിച്ചോടുവാനാവില്ലെനിക്കിന്ന്
താങ്ങുമോ അപ്പുറത്തേക്കിത്തിരി
വെള്ളവും പേറിയാ വണ്ടി വരുന്നേരം.

Tuesday, 7 May 2013

ഞാന്‍ മാത്രം

സൃഷ്ടിച്ചതാരെന്ന ചോദ്യത്തിനൊരറ്റയുത്തരം
ജഗത്തും നിന്നെയും സൃഷ്ടിപ്പതവന്‍തന്നെ
ജഗദീശ്വരന്‍, മറുചോദ്യമതെന്തിനവശേഷിപ്പൂ...
നില്‍ക്കയില്ലാ പാപം നിന്‍ ആയുസ്സൊടുങ്ങുംവരെ

ഏറെ ശാസനയിലും ഞാന്‍ പേറുമീ ചോദ്യങ്ങളൊക്കെയും
എന്തിനീ വിവേചനം, മനുഷ്യനായ് ജനിച്ചാല്‍ പോലും
ജനിക്കുന്ന മാത്രയിലെന്‍ ഉള്‍പൂവില്‍ നിറയും അമൃതാം 
ജീവകണത്തിനാദിയിലെന്താണെന്നുള്ള തത്വമറിയണം

നീണ്ടയീ ജീവിതസായ്ഹ്നത്തിലൊടുവിലെപ്പൊഴോ
തുടിക്കും ഹൃദയത്തിന്‍ തന്ത്രികള്‍ പൊട്ടിച്ചീ പാരില്‍ നിന്നെ-
ങ്ങു മറയുന്നു നീ ജഗത്മായതന്‍ രൂപമെടുത്തങ്ങകലങ്ങളില്‍
ചാരുതയൂറുമൊരു പ്രകാശത്തിനസ്തമയമെന്നുപോല്‍ .

നിന്ദ കൈമുതലാക്കി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവനൊട്ടു-
കീഴ്പോട്ടില്ല ഗതി അവന്‍റെയീ യാത്രതീരുംവരെ
ഗുണകാരിയെന്നാലവനൊട്ടുലഭിക്കുന്നു ദോഷദുഃഖ-
വിപത്തിന്‍ നാളുകളവന്‍തന്‍ ചോറ്റുപാത്രത്തിലും.

ജനനമരണസമസ്യതന്‍ അര്‍ത്ഥം രചിക്കുവാന്‍
പലവുരു നാരയമമര്‍ത്തി കുറിച്ചൊരാ മാത്രയില്‍
പലതുണ്ടു സംശയമെന്നമഹാസത്യമറിഞ്ഞതിന്‍-
പിന്നാലെ പായും മനസ്സിന്‍റെ കടിഞ്ഞാണ്‍ മുറിഞ്ഞുവോ?

ഇവിടെയാര്‍പ്പുവിളികളില്‍ മനസ്സെന്ന മിഥ്യ-
യൊളിഞ്ഞിരിക്കുന്നുവോ, ബുദ്ധി അതിനപ്പുറമേറെയെന്നോ
അല്ലാ രണ്ടിലുമെപ്പൊഴും ഒന്നുണ്ടന്ന ബോധമോ
അറിവിന്‍ പ്രവാഹമതു തുടിക്കും ജീവനോ?

ഒരു പ്രവാഹത്തിനപ്പുറത്തൊരു ജലകണം മാതിരി
എന്നില്‍ വിലയിക്കും ജീവനില്‍ ഒരു തുള്ളി എവിടെ-
യാരു കല്പിച്ചുതന്നതാണെന്നുള്ള സത്യമറിയണമീ-
ജീവജാലത്തിനുള്ളിലെ ഊര്‍ജ്ജശ്രോതസ്സിനെ.

എങ്ങനെ വന്നെത്തി ജാനീ ഗര്‍പാത്രത്തിനുള്ളിലൊരു 
ജീവനായ്, ഭോഗമൊരു നിമിത്തമാത്രമായി ജനിക്കും
കുഞ്ഞിളം കുരുന്നായ് , അമ്മയെ  മയക്കും വാത്സല്യ-
കുരുന്നായ്, മോഹിപ്പതിനപ്പുറം ചെന്നെത്തുകില്‍

ആദ്യമെത്തുന്നതാരെന്ന ചേദ്യത്തിനുത്തരവുമില്ല
മാംസമോ, അതുപേറും ജീവനോ, മായയോ
മാതാപിതാകള്‍തന്‍ ആശയോ, മോഹമോ
വിധിയെന്നു നാം ചൊല്ലും മഹാ സമസ്യയോ?

ആരായിരുന്നു ‍ഞാനെന്ന അറിവുണഅടാകുന്നതുനുമപ്പുറം
എവിടെ, ആരായിരുന്നു ഞാനെന്നറികവേണം
ഇന്നുകാണും രൂപത്തിനപ്പുറം ഉണ്ടായിരുന്നുവോ
എന്‍ ജനി, പുനര്‍ജനി എന്ന ചോദ്യത്തിനപ്പുറം.

ചിന്താതരങ്കങ്ങള്‍ ആര്‍ജ്ജിച്ച പൈതലോ, ബീജമോ
പ്രപഞ്ച കിരണങ്ങളോ, ഒരുവേള ഞാന്‍ മാത്രമോ
ചലിക്കും കരങ്ങളോ, അവയവ ശ്രേണിയോ
ഏന്തെന്നറിയുവാനാവില്ല, ഈ പ്രപഞ്ചമിഥ്യയില്‍.


കുറിപ്പ് :ഒരു സുഹൃത്തിന്‍റെ സംശയങ്ങള്‍ എന്‍റേയും സംശയമായപ്പോള്‍



ശവക്കൂന




ഒരു മണി, അതിന്‍റെ മുഴക്കം സര്‍വ്വത്ര നാശത്തിലേക്ക് ....
എന്റെ മനസ്സുമന്ത്രിച്ചു....
ഒരു നാള്‍ വഴിയില്‍ കുടുങ്ങിയ ജീവിതം,
വഴിവക്കിലമരുന്ന മൃദുലമാം വിരഹത്തിന്‍
ഒരു നോക്കു മാത്രമാണഭയം...
നിഴലിന്‍റെ നിശാബോധത്തിലുറയുന്ന,
ചന്ദ്രനും നാള്‍വഴി പുസ്തക താളില..
മിഴിയായ് ശലഭമായ് ഒഴുകിടുന്നു...
എന്റെ യൗവ്വനം കവരുന്ന
ഇരുമ്പുപാത്രങ്ങളില്‍ നിനവാര്‍ന്ന സ്വപ്നങ്ങള്‍
അടിയാളര്‍കള്‍.. അവര്‍ നോവിന്‍റെ
സാന്ത്വന കാവല്‍ കൂടാരങ്ങള്‍..
നോക്കു... മുത്തുചിപ്പി എന്‍റെ നിശ്വാസങ്ങളില്‍
വിലയിപ്പിച്ച പ്രണയം..
അടിക്കട്ടെ ഒരു നാഴിക മണികൂടി...
എന്റെ ശവക്കൂന കൂട്ടുംമുമ്പേ...