Sunday, 26 May 2013

വിശ്വരൂപം


കണ്ണില്‍ കരടു പതിഞ്ഞുപോയി
എന്‍റെ കണ്ണുനീര്‍വറ്റി വരണ്ടുപോയി
ദര്‍ഭമുനകളില്‍ തീര്‍ന്നൊരാ സന്താന
കര്‍മ്മങ്ങള്‍ തീര്‍ക്കുവാന്‍ നേരമായി
നാക്കുപടച്ചുവിരിച്ച വലയ്ക്കുള്ളില്‍
പെറ്റൊരീ തുണ്ടങ്ങ് ഖഡ്ഗമായ്
ഞാന്‍ കാത്തുനില്‍ക്കുക മരണത്തിനായിനി
ഒരുവേളപായും ശരത്തിനായ്
മങ്ങിയ പീലികള്‍ തലമുടിക്കെട്ടിലായ്
ജരാനരകള്‍ക്ക്  കൂട്ടുനില്‍ക്കേ
മാനുഷനായ് പിറന്നൊരീ നാള്‍മുതല്‍
പാരിലെ ദുഃഖമായ് തീര്‍ന്നുഞാനും
ഇന്നെനിക്കില്ലയീ പൂങ്കുഴലും അതില്‍
പാടിരസിക്കുവാന്‍ രാഗമേഴും
പതിനായിരത്തിന്‍ കണക്കിലായ് ചൂടിയ
തോഴിപ്പടയുടെ ലീലകളും
കാണില്ല തോഴരും സാമ്രാജ്യവും
അതില്‍ യുദ്ധത്തില്‍ തേരാളിപട്ടങ്ങളും
കാണുന്നു ഞാന്‍ ദൂരെ നിഴലിന്‍റെ‌
ചേതന, കുരുക്ഷേത്രമാകുമീ യുദ്ധഭൂവില്‍
കാണുവാനാളില്ലയെന്‍റെയീ മായതന്‍
വിസ്താരമേറിയ വിശ്വരൂപം

No comments:

Post a Comment