Monday, 20 May 2013

സ്വപ്നം


സ്വപ്നമൊരു പാഴ്കനിയാണുപോലും
കല്പന തന്‍കളികൂട്ടുപോലും
ഇമയൊന്നടയ്ക്കുമ്പോള്‍ കാണാമറയത്ത്
തേടാതെയെത്തുന്ന സ്വപ്നജാലം
തോറ്റവും, മുടിയുമായ് ആടിത്തിമിര്‍ക്കുന്ന
കാളിയെകാണുന്നരാവുകളും
കൈകളില്‍ ദാരികതലയുമായുറയുന്ന
രൗദ്രഭാവത്തിന്‍റെ ശാന്തഭാവം
പടയണിക്കോലങ്ങള്‍ തുള്ളിയുറയുമ്പോള്‍
മിഴികളടയാതെ കണ്‍മിഴിക്കേ
തന്മടിത്തട്ടിലായ് ചാഞ്ഞുമയങ്ങുന്ന
ഉണ്ണിയും കാണുന്നു സ്വപ്നജാലം
പന്തുമായ് ഓടിനടക്കുന്ന നേരത്ത്
കാല്‍വഴുതിയയ്യാ കുളത്തിലായി
അഴത്തിലാഴത്തിലാകവേ പോകുമ്പോള്‍
കൈകളടിച്ചവനുയര്‍ന്നുപൊന്തി
എന്തെന്‍റെയുണ്ണീ കിതയ്ക്കുന്നു നീയെന്ന്
മെല്ലൊന്നുതട്ടിയങ്ങമ്മ ചൊല്ലേ
സ്വപ്നത്തില്‍ഞാനാകുളത്തില്‍വീണു
എന്നുടെ പന്ത് കളഞ്ഞുപോയി
തന്മണിക്കുട്ടനെമാറോടുചേര്‍ത്തമ്മ
ചുമ്മാതെ ചുമ്മാതെയെന്നുചൊല്ലി
കണ്‍കളടച്ചങ്ങരുട്ടത്തിരിക്കവേ
പിന്നെയുമെത്തുന്നു സ്വപ്നജാലം
മാനത്തുനിന്നങ്ങു മാലാഖപ്പെണ്ണുങ്ങള്‍
ഭൂമിയില്‍ത്തനെ അവതരിച്ചു
കൈയ്യില്‍നിറയെപൊന്മണിനാണയം
അമ്മയ്ക്കുതന്നെ എടുത്തുകൊള്‍ക
കണ്‍ചിമ്മുമാതങ്കവട്ടത്തില്‍നിന്നൊന്ന്
നേടിയപാടെ കടയിലെത്തി
അരിയുംപയറുമായ് അടുക്കളതിണ്ണയില്‍
കൂനിപ്പിടിച്ചങ്ങിരുന്നശേഷം
അടുപ്പിലെരിയും വിറകിന്‍റെയുള്ളിലെ
പുകമറയെല്ലാമെ ഊതിമാറ്റി
കാച്ചിയെടുത്തൊരാ കഞ്ഞിവെള്ളം
ആറിച്ചു തന്‍മകനേകിമെല്ലെ
പെട്ടെന്നുഞെട്ടിയുണര്‍ന്നകുഞ്ഞ്
അമ്മയെനോക്കി കരഞ്ഞുപിന്നെ
വിശക്കുംവയറിന്‍റെ സങ്കടങ്ങള്‍
തേങ്ങലായ് തന്നെ വിറങ്ങലിക്കേ
അമ്മതന്‍ മാറില്‍ മുഖമമര്‍ത്തി
കുഞ്ഞിളം കണ്ണ് മയങ്ങിടുന്നു.
സ്വപ്നങ്ങള്‍ കാണുവാനെന്നപോലെ
അമ്മയുംചാരി മയങ്ങിടുന്നു.

No comments:

Post a Comment