Sunday, 19 May 2013

കടലുകാണുന്നോര്‍












എന്തിനീ കടലിന്‍ കരയിലെത്തി-
നമ്മളെന്തിനീ മനസ്സിന്‍ കടവിലെത്തി

നുരകളില്‍ സ്വപ്നത്തിന്‍
ചിറകുകള്‍ പേറാനോ?
ഉണരുമുഷസിന്‍റെ
വീചികള്‍ ചൂടാനോ?
സന്ധ്യയ്ക്കു മായും
വെളിച്ചത്തെ കാക്കാനോ?
കാലുനനയ്ക്കും
തിരകളെ പാര്‍ക്കാനോ?

ആരും പറവതില്ലിന്നതിനുത്തരം
ആര്‍ക്കുമറിവതില്ലെന്നുള്ള കൗതുകം.

വന്നവര്‍ വന്നവര്‍
തീരത്തടിയുന്നു
തീരം പുണരും
തിരകളെ തേടുന്നു.

ബാല്യങ്ങള്‍ തിരകളിന്‍
കൗതുകം പാര്‍ക്കുന്നു
കടലമ്മ കള്ളിയെന്നൊ-
രുവരി കോറുന്നു
തിരകളാ മണല്‍ക്കുറി
മെല്ലവേ ചീന്തുന്നു.
കെട്ടിമെനയും മണലിലാ കൂടാരം
സന്തോഷമോടവര്‍ തട്ടിയെറിയുന്നു

ഇണകളാ തിരകളില്‍
പ്രണയത്തെ പൂകുന്നു.
പ്രണയം പകുത്തങ്ങു
കടലിനു നല്കുന്നു
തിരകളിലവര്‍നെയ്യും
പ്രേമത്തിന്‍ മധുരിമ
ഉടലുകള്‍ചേര്‍ത്തൊരാ
നിമിഷങ്ങള്‍ നല്‍കുന്നു.

ദമ്പതിമാരൊട്ട് തിരകളറിയാതെ
കടലിന്‍റെ യൗവ്വനം ഏറെ നുകരാതെ
മണ്‍കൂന മനസ്സിലായ് കൂട്ടിമെതിച്ചിട്ട്
കൈയ്യില്‍ തുഴയും വ്യാമോഹമായവര്‍
മണ്‍തിട്ടതന്നില്‍ ചടഞ്ഞങ്ങിരിക്കുന്നു.

കല്പനാനൗകകള്‍ തള്ളിയിറക്കി കവിയാ
കയങ്ങളില്‍ കവിതകള്‍ തീര്‍ക്കവേ
ജീവന്‍ തുടിക്കും കഥകളുമായവര്‍
വലകളില്‍ ജീവനെ കെട്ടിമുറുക്കുന്നു
ഓളങ്ങള്‍ തീര്‍ക്കുമാ പ്രതിരോധക്കെട്ടുകള്‍
ചാടിമറിയുന്ന ചാളത്തടികളില്‍
യന്ത്രങ്ങള്‍ ചേര്‍ത്തൊരാ പൊങ്ങുതടികളില്‍
ജീവിതംകോര്‍ത്തവന്‍ തുഴഞ്ഞങ്ങകലുന്നു.

പട്ടം പറത്തവര്‍
കടലിനെ പൂകാതെ
നിറങ്ങളാല്‍ ചാലിക്കും
മേഘതുരുത്തിലാ
നൂലിനാല്‍ ബന്ധിച്ച
കടലാസ്സുതുണ്ടിനെ
ഏറെ പറത്തി
കടിഞ്ഞാണ്‍ പിടിക്കുന്നു.

തന്‍റുണ്ണിയെപ്പേടിച്ച്
മിണ്ടാ നടപ്പവര്‍
ഊന്നുവടികളില്‍
ഭാണ്ഡങ്ങള്‍ പേറുവോര്‍
കാണാകയത്തിന്‍റെ
നിര്‍വൃതിപൂകുവോര്‍
ആമോദ ജന്മങ്ങള്‍
ഏറെപ്പകുത്തവര്‍
വൃദ്ധരീ മണ്ണിലായ്
ആഴിപ്പുറങ്ങളില്‍
മണല്‍വിരിപാതയില്‍
പിച്ചനടക്കുന്നു.

പിന്നെയുമേറെയാലെണ്ണിയാല്‍ തീരാത്ത
സ്വപ്നങ്ങളും, പിന്നെ ദുഃഖങ്ങളും
വന്നവസാനമില്ലാതെ, പരിഭവക്കോണിലായ്
മിണ്ടാതറിയാതൊടുങ്ങുന്ന ദൈവത്തിന്‍ ചിന്തുകള്‍

ഞാനീ മണല്‍തിട്ട കണ്ടതിനൊക്കെയും
ഉത്തരമോതുവാനിന്നുമണയുന്നു
തിരകളെന്‍ കാതിലായ് മെല്ലെയുതിര്‍ക്കുന്നു
കാതുകേള്‍ക്കാത്ത സുഹൃത്തിനോടെന്നപോല്‍.

No comments:

Post a Comment