Tuesday, 7 May 2013

ഞാന്‍ മാത്രം

സൃഷ്ടിച്ചതാരെന്ന ചോദ്യത്തിനൊരറ്റയുത്തരം
ജഗത്തും നിന്നെയും സൃഷ്ടിപ്പതവന്‍തന്നെ
ജഗദീശ്വരന്‍, മറുചോദ്യമതെന്തിനവശേഷിപ്പൂ...
നില്‍ക്കയില്ലാ പാപം നിന്‍ ആയുസ്സൊടുങ്ങുംവരെ

ഏറെ ശാസനയിലും ഞാന്‍ പേറുമീ ചോദ്യങ്ങളൊക്കെയും
എന്തിനീ വിവേചനം, മനുഷ്യനായ് ജനിച്ചാല്‍ പോലും
ജനിക്കുന്ന മാത്രയിലെന്‍ ഉള്‍പൂവില്‍ നിറയും അമൃതാം 
ജീവകണത്തിനാദിയിലെന്താണെന്നുള്ള തത്വമറിയണം

നീണ്ടയീ ജീവിതസായ്ഹ്നത്തിലൊടുവിലെപ്പൊഴോ
തുടിക്കും ഹൃദയത്തിന്‍ തന്ത്രികള്‍ പൊട്ടിച്ചീ പാരില്‍ നിന്നെ-
ങ്ങു മറയുന്നു നീ ജഗത്മായതന്‍ രൂപമെടുത്തങ്ങകലങ്ങളില്‍
ചാരുതയൂറുമൊരു പ്രകാശത്തിനസ്തമയമെന്നുപോല്‍ .

നിന്ദ കൈമുതലാക്കി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവനൊട്ടു-
കീഴ്പോട്ടില്ല ഗതി അവന്‍റെയീ യാത്രതീരുംവരെ
ഗുണകാരിയെന്നാലവനൊട്ടുലഭിക്കുന്നു ദോഷദുഃഖ-
വിപത്തിന്‍ നാളുകളവന്‍തന്‍ ചോറ്റുപാത്രത്തിലും.

ജനനമരണസമസ്യതന്‍ അര്‍ത്ഥം രചിക്കുവാന്‍
പലവുരു നാരയമമര്‍ത്തി കുറിച്ചൊരാ മാത്രയില്‍
പലതുണ്ടു സംശയമെന്നമഹാസത്യമറിഞ്ഞതിന്‍-
പിന്നാലെ പായും മനസ്സിന്‍റെ കടിഞ്ഞാണ്‍ മുറിഞ്ഞുവോ?

ഇവിടെയാര്‍പ്പുവിളികളില്‍ മനസ്സെന്ന മിഥ്യ-
യൊളിഞ്ഞിരിക്കുന്നുവോ, ബുദ്ധി അതിനപ്പുറമേറെയെന്നോ
അല്ലാ രണ്ടിലുമെപ്പൊഴും ഒന്നുണ്ടന്ന ബോധമോ
അറിവിന്‍ പ്രവാഹമതു തുടിക്കും ജീവനോ?

ഒരു പ്രവാഹത്തിനപ്പുറത്തൊരു ജലകണം മാതിരി
എന്നില്‍ വിലയിക്കും ജീവനില്‍ ഒരു തുള്ളി എവിടെ-
യാരു കല്പിച്ചുതന്നതാണെന്നുള്ള സത്യമറിയണമീ-
ജീവജാലത്തിനുള്ളിലെ ഊര്‍ജ്ജശ്രോതസ്സിനെ.

എങ്ങനെ വന്നെത്തി ജാനീ ഗര്‍പാത്രത്തിനുള്ളിലൊരു 
ജീവനായ്, ഭോഗമൊരു നിമിത്തമാത്രമായി ജനിക്കും
കുഞ്ഞിളം കുരുന്നായ് , അമ്മയെ  മയക്കും വാത്സല്യ-
കുരുന്നായ്, മോഹിപ്പതിനപ്പുറം ചെന്നെത്തുകില്‍

ആദ്യമെത്തുന്നതാരെന്ന ചേദ്യത്തിനുത്തരവുമില്ല
മാംസമോ, അതുപേറും ജീവനോ, മായയോ
മാതാപിതാകള്‍തന്‍ ആശയോ, മോഹമോ
വിധിയെന്നു നാം ചൊല്ലും മഹാ സമസ്യയോ?

ആരായിരുന്നു ‍ഞാനെന്ന അറിവുണഅടാകുന്നതുനുമപ്പുറം
എവിടെ, ആരായിരുന്നു ഞാനെന്നറികവേണം
ഇന്നുകാണും രൂപത്തിനപ്പുറം ഉണ്ടായിരുന്നുവോ
എന്‍ ജനി, പുനര്‍ജനി എന്ന ചോദ്യത്തിനപ്പുറം.

ചിന്താതരങ്കങ്ങള്‍ ആര്‍ജ്ജിച്ച പൈതലോ, ബീജമോ
പ്രപഞ്ച കിരണങ്ങളോ, ഒരുവേള ഞാന്‍ മാത്രമോ
ചലിക്കും കരങ്ങളോ, അവയവ ശ്രേണിയോ
ഏന്തെന്നറിയുവാനാവില്ല, ഈ പ്രപഞ്ചമിഥ്യയില്‍.


കുറിപ്പ് :ഒരു സുഹൃത്തിന്‍റെ സംശയങ്ങള്‍ എന്‍റേയും സംശയമായപ്പോള്‍



No comments:

Post a Comment