Sunday, 12 May 2013

പുസ്തകസഞ്ചി












വണ്ടിവരണുണ്ടെന്നങ്ങുചൊല്ലി
പുസ്തകസഞ്ചി മുതുകിലേറ്റി
ഓടിക്കിതയ്ക്കുന്ന മോനെനോക്കി
സങ്കോചമോടെഞാന്‍ ഓര്‍ത്തുപോയി
പാടവരമ്പത്തൂടെ പാഠവരമ്പിലെന്‍
കൈവിരല്‍തുമ്പൊന്നുണര്‍ന്നെണീറ്റു.
കോണൊന്നുപൊട്ടിയ സ്ലേറ്റിലെന്‍
കൈപ്പിടിതുണ്ടുഞാന്‍ കണ്ടെടുത്തു
പാടത്തെക്കോമാളി ഞണ്ടിനെ
പുല്‍ത്തലപ്പാലെ പിടിയിലാക്കി
ചേറുതെറിപ്പിച്ച് കൂട്ടരോടൊത്താ
പാടത്തിന്‍ നെഞ്ചില്‍ഞാന്‍ പിച്ചവച്ചു
മെല്ലെയൊഴുകും അരുവിയില്‍
ഞാനെന്‍റെ കുപ്പായമൂരി വലവിരിച്ചു
മാനത്തുകണ്ണിയും, പരലും നിറയുന്ന
കൗതുകമേറെഞാനാസ്വദിച്ചു.
പാഠംകഴിഞ്ഞൊരാ പുസ്തകത്താളില്‍ഞാന്‍
വഞ്ചിമെടഞ്ഞങ്ങൊഴുക്കിവിട്ടു.
പിച്ചിയെറി‍ഞ്ഞൊരാ ഇലയുടെ പിന്നാലെ
പുഴനീന്തും വഴിയേ നടന്നുചെന്നു.
തുള്ളികളിക്കുന്ന പശുക്കിടാവിനെ
ഉത്സാഹമോടെഞാന്‍ നോക്കിനിന്നു.
ചേറില്‍മെനഞ്ഞൊരാ മടയിലെതൂമ്പിലെന്‍
പെനിസില്‍ തലപ്പൊന്നൊഴുക്കിവിട്ടു.
വഴിയിലാമൈനയെ കാണത്തകാരണം
കൈതോലമെല്ല വളച്ചുകുത്തി
ആശാന്‍റെ കൈയ്യിലെ ചൂരലിന്‍ വേദന
ചന്തിതരിപ്പായി നെഞ്ചിലെത്തി.
പാളവലിച്ചു മടുത്തൊരെന്‍ ചങ്ങാതി
മുള്ളിലക്കായ പറിച്ചെടുത്തു
കീറിപറിഞ്ഞൊരീ നിക്കറിന്‍നൂലിഴ
രാവുമിരവുമെനിക്കു നല്‍കി.
വീട്ടിലെ കോലായിലെത്തിയപാടെ‍ഞാന്‍
പുസ്തകക്കെട്ടു വലിച്ചെറിഞ്ഞു
അമ്മ വിളമ്പിയ മത്തന്‍കറിയുടെ
സ്വാദുരുചിച്ചുഞാന്‍ കൈകഴുകേ
കൊയ്ത്തുകഴിഞ്ഞൊരുപതിരുമായ്
പെണ്ണുങ്ങള്‍ ഉമ്മറവാതില്‍ കടന്നുപോയി.

No comments:

Post a Comment