Friday 10 May 2013

ജനാധിപത്യം



എന്നെ പഠിപ്പിച്ച പുസ്തകത്താളുകള്‍
ഈ വാക്കിന്‍ പ്രതിധ്വനി തന്നതില്ല

കത്തിയൊഴുകി എരിഞ്ഞടങ്ങുന്നോരാ
നാളങ്ങള്‍ എന്നെ നയിച്ചതില്ല

ആകാശകോട്ടയില്‍ എല്ലാമറിയുന്ന
സൂര്യനും, ചന്ദ്രനും മിണ്ടിയില്ല

എന്നുടെ നേതാവായ് മുമ്പേനടന്നവന്‍
ഞങ്ങളെയൊട്ടും നയിച്ചുമില്ല

സ്വതന്ത്രയായ് ഭാരതം കൈകളിലെത്തുമ്പോള്‍
പാതി മുറിച്ചു പകുത്തിരുന്നു

ഭാരതമെന്നു നാം ഘോഷിക്കും ഭൂമിയില്‍
ഭാഷയും വേഷവും വേറെ വേറെ

ജാതിമതത്തിന്‍റെ സ്പര്‍ദകൂട്ടുന്നൊരീ
നാടുമുഴുവനും തമ്പടിച്ചു.

നാള്‍വഴിപുസ്തക താളിലായ് നേതാക്കള്‍
തായ്‍വഴി പണ്ടേ കുറിച്ചുവച്ചു.

തന്‍റെ മടിയിലായ് കൊള്ളുന്നതൊക്കെയും
മക്കള്‍ക്കായി മെല്ലെ പകുത്തെടുക്കേ

ഭണ്ഡാരമോരൊന്നും അന്തപുരത്തിലെ
കമ്മട്ടമായിയവര്‍മെനഞ്ഞു

കാവലിന്‍ കാലാളായ് നിന്നുകൊടുക്കുവാന്‍
വിശപ്പിന്‍ വിളികളായ് നമ്മള്‍ മാത്രം

ചൂതാട്ട പലകയില്‍ കൂനിയിരിക്കുന്ന
കാപ്പിരികൂട്ടമീ ജനസമൂഹം

തലയേതുവാലെന്നറിയാത്ത മക്കള്‍ക്ക്
ഞറുക്ക് വീഴുമ്പോള്‍ പടക്കണക്ക്

രണ്ടിലുമേതേലുമൊന്നെന്നു നോക്കിയീ
പാപം ജനത്തിന്‍റെ വോട്ടു പോകേ

കണക്കുമെനഞ്ഞങ്ങു വാഗ്ദാനമേറ്റുമ്പോള്‍
വാരിപ്പറത്തുവാന്‍ നോട്ടുമാത്രം

കൂട്ടിനായ് ഇപ്പൊഴും കമ്പനിയ്ക്കുള്ളിലീ
പട്ടാള മേലാളര്‍ കാവല്‍ നില്‍പൂ

പാര്‍ട്ടികൊടികള്‍ പ്രസംഗാദി തോരണമല്ലാതെ
സത്യത്തെ കൂട്ടി ജയിപ്പാനായാവതുണ്ടോ

ആണല്ല, പെണ്ണല്ലാ എല്ലാര്‍ക്കുമീഭയം
ചൂതാട്ട അക്ഷത്തില്‍ മാറിനില്‍പൂ

ആകാശംമേലെ വലിച്ചെറിയുന്നൊരീ
നാണയതുണ്ടിന്‍റെ രണ്ടുവശം

സാദ്ധ്യത ഏതെന്നു നോക്കുവാനായിട്ടൊരു
സാദ്ധ്യതപോലും നമുക്കതില്ല

എറിഞ്ഞുമടുത്തൊരീ പഴന്തുണി തുണ്ടുമായ്
നേട്ടങ്ങള്‍ കാട്ടി അവര്‍ ചിരിക്കേ

തമ്മിലായ് ഭേദമാരെന്നു നോക്കിയീ
പകിടകളിയില്‍നാം പങ്കുകൊള്‍കേ

എന്‍വസ്ത്രമുരിഞ്ഞവര്‍ ആകാശകോട്ടയില്‍
കെട്ടുംകമാനത്തിനുള്ളിലാക്കി

മുഖമൊന്നുയര്‍ത്തി കരയാതെ ഞാനെന്‍റെ
കണ്‍കളിറുക്കി കുനിഞ്ഞിരിന്നു

അലറുവാന്‍വെമ്പിഞാന്‍ നാവുന്നുയര്‍ത്തുമ്പോള്‍
കൂക്കിവിളിച്ചവര്‍ ചുറ്റുംകൂടും

ഒത്തിരി അപ്പംഞാന്‍ മോഷ്ടിച്ച കാരണം
ചുട്ടികുത്തിച്ചവര്‍ നാടുചുറ്റും

കരുത്തിന്‍ കരങ്ങളായ് ബലിഷ്ഠമുഖങ്ങളായ്
പാടിനടന്നവര്‍ കഴുവിലേറ്റും

കഴിയുമവര്‍ക്കതിനെല്ലാം കവര്‍ന്നോരു
ഭണ്ഡാരപ്പെട്ടിയിരിക്കയല്ലേ

എന്‍റെയും നിന്‍റെയും പാത്രത്തില്‍ നിന്നവര്‍
എല്ലാം കവര്‍ന്നങ്ങെടുത്തതല്ലേ

മിണ്ടുവാന്‍, കാണുവാന്‍, കേള്‍ക്കുവാനൊട്ടു
നമ്മള്‍ക്കുമാവില്ല കൂട്ടുകാരേ.

No comments:

Post a Comment