Tuesday 14 May 2013

ഗുരു










കടലും മലകളും തേടിഞാനിന്നെത്തി
അഗസ്ത്യകൂടത്തിന്‍റെ മുന്നിലൂടെ
മാറുപിളര്‍ന്നവന്‍ എന്നയാവാഹിച്ചു
മഞ്ഞണിക്കുന്നിന്‍ പുതപ്പിലൂടെ
കാല്‍വെള്ളതന്നില്‍ കിനിയും ജലത്തുള്ളി
കിക്കിളികൂട്ടിയങ്ങാനയിച്ചു
കളകളംപാടി,യരുവിയാ നെറുകയില്‍
ഭസ്മത്തില്‍ പൂക്കള്‍ വിടര്‍ത്തിയാടി
മുത്തുകിനിയും ഖനികളാതാഴ്വര
മെച്ചത്തില്‍ പച്ച പകുത്തു നല്കേ
കുഞ്ചിരോമങ്ങളായ് പുല്‍പ്പരപ്പങ്ങനെ
കുന്നിന്‍ ചരുവില്‍ പരിലസിച്ചു
കണ്‍മണിതന്നിലായ് മഞ്ഞിന്‍ പരപ്പുകള്‍
ശീതളഛായ പകുത്തു നല്കി
പീലിവിടര്‍ത്തിയ കാട്ടുമരങ്ങളില്‍
പക്ഷികള്‍നൃത്തം ചവുട്ടിനിന്നു.
ജീവജലത്തിലെ പ്രാണന്‍റെ ചുമ്പനം
മുമ്പു‍ഞാനിങ്ങനറിഞ്ഞിട്ടില്ല
കുഞ്ഞു തടാകങ്ങള്‍ മാടിവിളിച്ചെന്നെ
കൈകളാല്‍ കുളിരു പകര്‍ന്നുതന്നു
അമ്മതന്‍ മാറാപ്പില്‍ ചാഞ്ഞുമയങ്ങുന്ന
കുഞ്ഞിളം പൈതലതെന്നപോലെ
എന്നിലഭയമായി എന്‍ചിന്തയൊക്കെയും
പ്രാണന്‍റെയുള്ളില്‍ മടങ്ങിയെത്തി
ഞാനെന്നബോധമകന്നുനിന്നപ്പോഴാ
ശൂന്യതയെന്നില്‍ പ്രതിഫലിക്കേ
അഖണ്ഡമാം ബ്രഹ്മമീ ഞാനെന്നബോധം
അറിയാതെ എന്നിലന്നങ്കുരിച്ചു
ദൃക്കുമാദൃശ്യവുമേതന്നുകാണുവാന്‍
വേദപൊരുളുകള്‍ ചേര്‍ത്തുവയ്ക്കേ
അറിയാതറിഞ്ഞുഞാന്‍ എന്‍ഗുരുനാഥനെ
ബോധമാകുന്നൊരീ സത്യരൂപത്തെ.

No comments:

Post a Comment