Thursday, 9 May 2013

വിലപ്പെട്ട യാത്ര


യാത്ര തുടങ്ങുന്നു ഞാനിതാവേഗത്തില്‍
ചൊട്ടിയ കുപ്പിയില്‍ ജീവജലത്തിനായ്
കൊട്ടിയടച്ചൊരാ കിണറ്റിന്‍ കരയിലെ
തൊട്ടി കമിഴ്ത്തിയെന്‍ കൂടെ വന്നോളുക.

കാല്‍വലിച്ചെങ്ങോട്ടോ യാത്രതുടങ്ങുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍റെ പാടവരമ്പിനെ
തുമ്പയും, കറുകയും ഏറെ വളര്‍ന്നൊരാ
പൊന്തയ്ക്കുമീതെ ഒഴുക്കുചാലൊന്നിനെ

വിണ്ടു തുടങ്ങുന്ന പാടത്തിന്‍ ചുണ്ടിലെ
മഞ്ഞണിമുത്തിന്‍ കടുകുമണികളെ,
നീര്‍മണിത്തുള്ളികള്‍ കൂട്ടിവരച്ചൊരാ
പാടത്തിന്‍ മാറത്തെ നെല്‍ക്കതിരൊന്നിനെ

കളകളം പാടുന്നരുവിതന്‍ ചാരത്ത്
കുളിരുമായ് പൊഴിയുന്ന താഴമ്പൂവൊന്നിനെ
ഓടിയെടുക്കുവാനാവില്ല, സ്വപ്നമായ്..
കണ്‍കളിരുട്ടിന്‍റെ ചാരത്തണയുന്നു.

ഓടിയലയുന്ന കാറ്റിന്‍റെ സ്പര്‍ശനം
നെഞ്ചില്‍ കുളിരായുയിര്‍ക്കുന്ന സന്ധ്യയില്‍
മേടകൊയ്ത്തിനുണര്‍ത്തുപാട്ടായങ്ങ്
താളത്തില്‍കൊട്ടിയുറയുന്ന ചാത്തനെ

ഇന്നെനിക്കാവില്ല ഒറ്റക്കുപാടുവാന്‍
തൊണ്ടയ്ക്കുനീരിനായ് കേഴുവാനല്ലാതെ
മിഴികളിലുറയില്ല സങ്കടപെരുമഴ
നിനവിലാണെപ്പൊഴും കണ്ണുനീര്‍പൂക്കളും

എന്‍ മണിച്ചെപ്പിലെ തണ്ണീര്‍കുടങ്ങളെ
മോഷ്ടിപ്പതാരെന്ന ചോദ്യത്തിനുത്തരം
നെഞ്ചത്തുതൊട്ടുഞാന്‍ ചോദിച്ചവേളയില്‍
നീതന്നെയെന്നങ്ങു കേട്ടതും, ഞെട്ടിഞാന്‍.

എന്‍സുഖമൊന്നിനുവേണ്ടിയീ പാടങ്ങള്‍
വെട്ടിനിറച്ചു കൂരകള്‍ തീര്‍ക്കുന്ന,
പൊള്ളത്തരങ്ങളില്‍ വീമ്പുപറയുന്ന,
മാന്യനാം മര്‍ത്യകുലത്തിലെ കണ്ണിഞാന്‍

തൊണ്ടയിടറുന്നു, നിശ്വാസമേറുന്നു
കാല്‍വലിച്ചോടുവാനാവില്ലെനിക്കിന്ന്
താങ്ങുമോ അപ്പുറത്തേക്കിത്തിരി
വെള്ളവും പേറിയാ വണ്ടി വരുന്നേരം.

No comments:

Post a Comment