Tuesday 28 May 2013

നടക്കട്ടെ ഞാനിനി ചിതയിലേക്കിത്തിരി

എന്‍മണിപ്പെണ്ണിനെ
കാണുവാനയങ്ങ്
ആതുരക്കോലായില്‍
എത്തിഞാന്‍നില്‍ക്കവേ

അകലത്തിലായൊരാ
മാടപ്പിറാവിനെ
കണ്ടുഞാന്‍ പിന്നെ-
യടുത്തെത്തുംവേളയില്‍

കുപ്പായകെട്ടിന്‍റെ
കുടുക്കൊന്നഴിച്ചവള്‍
നൊന്തുപോയ്
കണ്ണിന്‍കൃഷ്ണമണികളും

ഒരു മുലചുമ്മാ
പറിച്ചങ്ങെറിഞ്ഞൊരാ
അര്‍ബുദച്ചെക്കനെ
നോക്കിശപിച്ചുഞാന്‍

എന്‍വിരല്‍ത്തുമ്പിലായ്
മുറുക്കിപ്പിടിച്ചവള്‍
തേങ്ങല്‍‍വിതച്ചെന്‍റെ
ഞരമ്പിലങ്ങാദ്യമായ്

വിധിയെന്നുനാംചൊല്ലും
പഴികള്‍മറക്കുവാന്‍
ആവില്ലെനിക്കെന്‍റെ
സ്വപ്നത്തിലോലുമേ

രോഗത്തിലെത്തിയാ
മിഴികള്‍നിറയ്ക്കുമോ
ഹൃദയത്തിനുള്ളിലെ
ഉള്‍ത്തുടിപ്പൊന്നിനെ

ചുവരിലായ് സമയത്തിന്‍
സൂചികറങ്ങവേ
നിമിഷങ്ങളവള്‍തന്ന
പരിഭവചിന്തുകള്‍

നടക്കട്ടെ ഞാനിനി
ചിതയിലേക്കിത്തിരി
പണ്ടവള്‍തന്ന
മണ്‍ചെരാതൊന്നുമായ്

No comments:

Post a Comment