Thursday 23 May 2013

ഒരു വേഴ്ചയ്ക്കുമപ്പുറം


ഒരു നിശീഥിനിയുടെ നിഴല്‍പാടുപോലെ
മനം നിറയും സാന്ദ്രയൗവ്വനംപോലെ
തുടിക്കും ഹൃദയത്തിനുറവയിലവള്‍തീര്‍ത്ത
അമൃതമാം കുംഭമെന്നില്‍ ചൊരിഞ്ഞീടവേ
പുളകമണികളായ് എന്നിലലിഞ്ഞതീ
മൃദുലപ്രേമത്തിന്‍ തണ്ണീര്‍ക്കുടങ്ങളോ?

കണ്ണിമപൂട്ടിഞാനവളെന്നെപുണര്‍ന്നപ്പോള്‍
തളിര്‍മെയ് കിളിര്‍ത്തവള്‍ ചുണ്ടുമൊപ്പി
മധുകണം തുടിക്കും ഹൃദയത്തിലേക്കൊരു
നേര്‍ത്തനിശ്വാസമൊന്നു പകര്‍ന്നുഞാന്‍

ഏറെനാളായ്പേറും പ്രണയത്തിലുള്‍ക്കൊണ്ട
നൊമ്പരം അകലത്തില്‍ മാടിവിളിക്കവേ
നാഭിച്ചുഴികളില്‍ അവളേറ്റവിയര്‍പ്പിന്‍
കണങ്ങളെന്നുയിരിനുള്‍പ്പൂവായ് തുടിക്കവേ
അരുണകിരണങ്ങള്‍ക്കിനി കാത്തിരിക്കും
നാളുകള്‍ വിദൂരമാകട്ടെയെന്നെന്നുയിര്‍ മന്ത്രിച്ചു.

ഒരു വേഴ്ചയ്ക്കുമപ്പുറമെന്‍ പ്രണയിനി
ഉടലാല്‍പറ്റിയുറങ്ങട്ടെയെന്നുമീ
നാവിനുയുരായ് ദാഹത്തിന്‍ ശമനമായ്
അഹിതമാമീ വേനല്‍കെടുക്കുവാന്‍

പുലര്‍ച്ചമണികളെന്‍ നിദ്രയ്ക്കുഭംഗമായെത്തവേ
അരണ്ടപുലര്‍കാലമൊന്നിലൂടേറനടന്നുഞാന്‍
പിച്ചവച്ചു നടന്നൊരാ മുറ്റത്തിലിത്തിരി
ചാറ്റലടിച്ചൊരാ നനവില്‍ ചവിട്ടവേ
അറിഞ്ഞുഞാനവളെയിന്നൊരു ശ്രുതിമധുരമാം
എന്‍പ്രിയ കുളിരാംപുതുമഴപ്പെണ്ണിനെ.

No comments:

Post a Comment