Monday, 27 May 2013

സുഖമുള്ള വേദന


വിരഹം മുഴുപ്പിക്കുമിടയിലാ പ്രണയം ഞാന്‍
ഒരുവേള ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കേ
പ്രിയമോടെ പ്രേമത്തില്‍ ചാലിച്ചുതന്നൊരാ
ഒരു നോട്ടമെന്നില്‍ പതിച്ചുവച്ചു
കരകാണാകടലിന്‍റെ തീരത്തില്‍ ഞാന്‍ തീര്‍ത്ത
കളിയോടമൊന്നങ്ങൊഴുക്കിവിട്ടു
പരിഭവചിന്തിന്‍റെ നൂല്‍കോര്‍ത്തവള്‍തീര്‍ത്ത
മധുരമാം ശാഠ്യത്തിന്‍ തേന്‍നുകരേ
മുത്തുപതിപ്പിച്ച പാദസരങ്ങളായ് കടലമ്മ
പിന്നെയും തിരനിവര്‍ത്തി
ഉടലിലായ് പെയ്യുമീ ചുംബനമലരിനെ
കൈയ്യെത്തിയാതീരം കുളിരുകൊണ്ടു
പിന്നെയും പിന്നെയും പരിഭവമോടവള്‍
നെഞ്ചകംതന്നിലമര്‍ന്നിരിക്കേ
ഒരു കുഞ്ഞുകാറ്റായ് പറന്നെത്തിയിന്നവള്‍-
ക്കരുമയാം അളകത്തെ പുല്‍കിടുന്നു
അകലത്തിലെന്നിലെ ഹൃദയത്തെ നീറ്റുന്ന
സുഖമുള്ള വേദന ഈ പ്രണയം

No comments:

Post a Comment