Tuesday, 28 May 2013

നീ വരികവേണ്ട

എത്രനാള്‍ നീയെന്റെ മിഴികള്‍ക്കുകൂട്ടായ്
അരികത്തുചേര്‍ന്നങ്ങുണര്‍ന്നിരിക്കും
എന്‍ രോഗശയ്യയില്‍ ചേര്‍ന്നിരുന്നിങ്ങനെ
മിണ്ടാതെ തേങ്ങാതെ കാത്തിരിക്കും

ചുറ്റുമിരിക്കുമീ ബന്ധുക്കളൊന്നുമേ
നിന്നുടെ സ്നേഹമറിഞ്ഞതില്ല
ഇന്നവന്‍ വന്നെന്നെ ആനയിക്കുമ്പോഴും
നീയെന്റെയുള്ളിലെ തേങ്ങലാകും

താലിച്ചരടവന്‍ ചേര്‍ത്തുവച്ചീടുമ്പോള്‍
പിന്നിലായ് നീവേണം കോര്‍ത്തുകെട്ടാന്‍
ബന്ധുക്കളിറ്റിക്കും പാലിന്‍ മധുരമീ
തൊണ്ടയ്ക്കലെത്തുമ്പോള്‍ കൂടെവേണം

അരിയിട്ടവരെന്ന പടിയിറക്കുമ്പോഴും
തോഴനായ് നീയെന്റെ കൂടെവേണം
ചൂടുപകരുമാ മൂവാണ്ടെന്‍ മാവിലെന്‍
സ്നേഹം പകുക്കുവാന്‍ കൂട്ടുവേണം

നാളമൊരു കരിമേഘ വര്‍ണ്ണമായി മാറുമ്പോള്‍
ആത്മാവുമായി നീ പോയിടുക
പിന്നെയീ ബന്ധുക്കള്‍ നല്കുന്നവറ്റിനായ്
ഒരുവേളപോലും നീ വന്നിടേണ്ട

നിഴലേ മടങ്ങുക നിന്മണിചെപ്പിലായ്
എന്‍ ഹൃദയം കവര്‍ന്നൊരു തോഴനായി
പരിഭവമില്ലാതെ ഞാനൊന്നുറങ്ങട്ടെ
കനലുകള്‍ മിന്നും കിടക്കതന്നില്‍.

No comments:

Post a Comment