Sunday, 12 May 2013

കണ്ടുപിടിത്തങ്ങള്‍













എത്രയോ മക്കളെ
പ്രസവിച്ച വയല്‍
ജരകയറി വിണ്ട്
നിവര്‍ന്നുകിടക്കുന്നു..

അരുവികളാല്‍ മാലകള-
ണിഞ്ഞ മഞ്ഞണികുന്നുകള്‍
ഉടുപുടവയഴിഞ്ഞ്
എത്രയോ സംഗങ്ങള്‍ക്കടിമയായി
ഭേദമാകാത്തരോഗം ബാധിച്ച്
അന്ത്യശ്വാസം വലിക്കുന്നു.

ശുദ്ധജലത്തിന്‍റെ
പരവതാനിവിരിച്ച്
ഓടിവള്ളങ്ങള്‍ക്കും ചുണ്ടനും
കളിക്കളമൊരുക്കിയ നീര്‍പുഴകള്‍
പാതാളസീമയില്‍
തൊണ്ടനനയ്ക്കാനാവാതെ
അലമുറയിടുന്നു.

കടല്‍ തന്‍റെ രൗദ്രരൂപംപൂണ്ട്
മുടിയഴിച്ച് തീരങ്ങള്‍
തല്ലിത്തകര്‍ത്ത്
തന്‍റെ കാമുകിമാരുടെ (നദി)
വിരഹത്തിന് പകരം വീട്ടുന്നു.

ഇപ്പോഴും
പുതിയ പ്രപഞ്ചത്തിന്‍റെ സൃഷ്ടിക്കായ്
പുതിയ വന്‍ യന്ത്രസാമഗ്രികള്‍
മനുഷ്യന്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നു.

ആകാശത്തിലെ നക്ഷത്രങ്ങളും
പ്രപഞ്ചവും മുത്തശ്ശിയുമൊക്കെ
തന്‍റെ വിരല്‍ത്തുമ്പിലെ
കണ്ണാടിക്കുള്ളില്‍
അവന്‍ സ്പര്‍ശിച്ച് സ്വപ്നം കാണുന്നു

ഒന്നു തിരിഞ്ഞ്
തീന്‍മേശയിലെ ജഗ്ഗ് കമിഴ്ത്തുമ്പോള്‍
ഒരിറ്റുജലം
അവന്‍റെ നാവുനനയ്ക്കാനെത്തിയില്ല
എന്നറിഞ്ഞപ്പോള്‍......

No comments:

Post a Comment