Friday, 10 May 2013

വിഷത്തിന്‍റെ വിത്തുകള്‍















നീ നിന്‍റെ എഴുത്താണി കുത്തിയൊടിക്കൂ
മഷിതീരാക്കുപ്പികള്‍ കാട്ടിലെറിയൂ
ഉണ്മയെകാണുമ്പോള്‍ കണ്‍കളടക്കൂ
എഴുതിയതൊക്കെയും തീയിലെറിയൂ
സത്യത്തെ ചൊല്ലുകില്‍ നാവുമുറിക്കൂ
കേള്‍ക്കാതിരിക്കാന്‍ ഈയമൊഴിക്കൂ
ആരെയും നോവിക്കും നുണയെതുണച്ച്
സത്യത്തിന്‍ മീതെ കരിനിഴല്‍ വീഴ്ത്തൂ
കൊടികള്‍പിടിക്കൂ, അട്ടഹസിക്കൂ..
വേലകള്‍മെനയുന്ന നാടുമുടിക്കൂ...
സന്ധിചെയ്യുന്നോരെ തച്ചുവധിക്കൂ..
രക്തമൊഴുക്കി കതിനപൊട്ടിക്കൂ..
നിണമണിയും കൈയ്യുകള്‍ കൂട്ടിയടിക്കൂ
ബലിയുണ്ണാന്‍ കാക്കള്‍ചേര്‍ന്നുവരട്ടേ
ഒഴുകും ജലത്തില്‍ വിഷംചേര്‍ത്തുനല്കൂ
പിടയുന്ന കുഞ്ഞിന്‍റെ രോദനം കേള്‍ക്കൂ
അരുമയാം അമ്മയെ തല്ലിയകറ്റൂ
നീ നിന്‍റെ സാമ്രാജ്യം കെട്ടിയൊരുക്കൂ..
നീതന്നെ സാക്ഷിയും, നിയമവുമാകൂ..
വിധികള്‍ വിതയ്ക്കുന്ന മേലാളനാകൂ..
ഇവിടെയീ ചെകുത്താന്‍ ചൊല്ലുന്നകേട്ടാല്‍
അവിടെ നിനക്കൊരു സാമ്രാജ്യമാകും..
അട്ടഹസിച്ചവനെന്‍റെ നേരേപായുമ്പോള്‍
കാണുന്നു ഈ ചിന്ത കണ്ണാടിയില്‍ത്തന്നെ.
മനസ്സിന്‍റെ ഒരുകോണില്‍ പതിയിരിക്കുന്നൊരീ
വിഷത്തിന്‍റെ വിത്തുകള്‍ മുളക്കാതിരിക്കാന്‍
അറിക നാം നന്മയെ, കുഴിമാടമടുക്കിലും.

No comments:

Post a Comment