Friday, 31 May 2013

അമ്മയെത്തേടി

ഇനിയെത്രദൂരം നടക്കേണ്ടതുണ്ടുഞാന്‍
അകലത്തിലായെന്‍റെ പ്രാണനെപുല്‍കുവാന്‍
മനസ്സില്‍തുടിക്കുമാ മാതൃവാത്സല്യത്തെ
തേടിഅലഞ്ഞു നടന്നു നീങ്ങുന്നുഞാന്‍
എന്നമ്മയെങ്ങെന്നു ചൊല്ലിക്കരയവേ
നെഞ്ചിലെ പാല്‍മുത്തു തന്നുധരിത്രിയും
സ്വച്ഛമുറങ്ങിയാകുന്നിന്‍നെറുകയില്‍
കണ്ണാല്‍ തുടിക്കുന്ന സൂര്യപ്രഭയതില്‍
നാണിച്ചുഞാനവന്‍ കരങ്ങള്‍ നുകരവേ
ശോഭിച്ചുഞാനൊരു ഋതുമതിയെന്നപോല്‍
വീശുന്നവെഞ്ചാമരങ്ങളായ് ചില്ലകള്‍
കാറ്റിനുദാസീനഭാവത്തിലെന്നപോല്‍
അവരോടുമാരാഞ്ഞു എന്‍മാതൃഹംസത്തെ
അറിയുമോനിങ്ങളെന്‍ മാതൃഗര്‍ഭത്തിനെ
അവരോതിഎന്നോടുകാതിലൊരുമന്ത്രമായ്
കേള്‍വിയാണെങ്കിലും കടലാണുനിന്‍റമ്മ
പുളകങ്ങള്‍ പൂത്തനിമിഷങ്ങള്‍കൊണ്ടുഞാന്‍
കണ്ണുനീര്‍മുത്തില്‍ നനയിച്ചുചില്ലയെ
കാതങ്ങള്‍ താണ്ടുവാനുണ്ടെന്നതോന്നലില്‍
ഓ‌ടിനടന്നങ്ങുദൂരേയ്ക്കുപോകവേ
പാറകള്‍തട്ടിതെറിപ്പിച്ചുചിന്തയും, തേങ്ങുമീ
ഹൃദയത്തിന്‍ നോവുന്നഭാണ്ഡവും
കാലില്‍പൊതിയും മണല്‍ത്തരിചിന്തുകള്‍
സ്നേഹമായെന്നോട് കൊഞ്ചിക്കുഴയവേ
എന്നില്‍നിന്നവരെയടര്‍ത്തിയെടുക്കുവാന്‍
മാനവര്‍കൈക്കോട്ടിന്‍ മൂര്‍ച്ചകൂട്ടീടവേ
ഹൃദയംപിളര്‍ന്നെന്‍റെസൗഹൃദബന്ധനം
കുഴികളില്‍ത്തന്നെ തളംകെട്ടിനില്‍ക്കവേ
അമ്മയെക്കാണുവാനെന്നുള്ളമോഹങ്ങള്‍
പാടെമറന്നുഞാന്‍ കുഴഞ്ഞുനിന്നീടുന്നു
ഹൃദയംതകര്‍ന്നെന്‍റെ അവശതകണ്ടൊരാ
മേഘങ്ങള്‍മഴയായി കൂട്ടുവന്നീടവേ
എണ്ണിയാലൊടുങ്ങാത്ത സങ്കടംപേറിഞാന്‍
പിന്നെയുംതാണ്ടുന്നുകാതങ്ങളേറെയും
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ.

No comments:

Post a Comment