Sunday 11 August 2013

സാക്ഷി

ഞാന്‍ വിട്ടപ്പട്ടത്തിന്‍ നൂലുപൊട്ടിച്ചതോ
എന്‍കോപമറിയുന്ന ഏകസാക്ഷി
പത്രത്തിന്‍താളിലായ് ഞാന്‍‍തീര്‍ത്തപട്ടമാ
പൊയ്മുഖത്താളത്തില്‍ പൊന്തിനില്‍ക്കേ
മഞ്ഞപതക്കങ്ങള്‍ വര്‍ണ്ണകടലാസില്‍
തുണ്ടു തുണ്ടായങ്ങു കൂട്ടിച്ചേര്‍ക്കേ
പട്ടത്തിന്‍വാലുകള്‍ ഊഴിയില്‍ നിന്നുമാ
ചേതോഹരമാകും കാഴ്ചയായി
എന്നുടെ പട്ടത്തെ കാര്‍മേഘചീളുകള്‍
ആലോലം താരാട്ടു പാടിനിര്‍ത്തേ
അവനുടെ കണ്ണുകള്‍ ഊഴിയിലുള്ളൊരാ
പൊയ്മുഖ കാഴ്ചകള്‍ കണ്ടടുത്തു
ഏറെത്തിരക്കിട്ട നഗരത്തിന്‍ പുതുമകള്‍
കണ്ണിലായ് തന്നവന്‍ ചേര്‍ത്തുവയ്ക്കേ
അറിയുന്നു ഭൂമിതന്‍ ചിറകിലെ ഭാരത്തെ
അറിയാത്തവരുടെ കൂട്ടം തന്നില്‍
പ്രണയവും വിരഹവും തീര്‍ക്കുന്ന മാനുഷര്‍
കരളില്ലാ പൊയ്മുഖമാടിടുന്നു
അമ്മകിനിഞ്ഞൊരാ അമ്മിഞ്ഞപാലിനെ
തെരുവിലായ്തന്നെ ചതച്ചിടുന്നു
കൂടപ്പിറപ്പിന്‍റെ ഉടുതുണി വില്‍ക്കുന്നു
നാളത്തെ പൗരനായ് മാറിടുന്നു
കണ്ണുകള്‍ കാണാത്ത ചില്ലുകൊട്ടാരങ്ങള്‍
ബന്ധത്തെ പാടെ മുറിച്ചിടുന്നു
രാഷ്ട്രീയ കോമരകക്ഷികള്‍ തീര്‍ക്കുന്ന
ചങ്ങലക്കൂട്ടിലാണെന്‍റെ മൗനം
തെരുവിലുപേക്ഷിച്ച കുഞ്ഞുങ്ങള്‍കുപ്പയില്‍
വറ്റുകള്‍ തേടി അലഞ്ഞിടുന്നു
എന്തെന്തു കാഴ്ചകള്‍ കണ്ടതാണെന്‍പട്ടം
പൊട്ടും ചരടിന്‍റെ തുമ്പിലായി
പൊട്ടിയ ചരടിന്‍റെ തുമ്പിലെന്‍ കണ്ണുകള്‍
കാഴ്ചതന്‍ സാക്ഷിക്കായ് കാത്തിരുപ്പൂ
ഇന്നും കാഴ്ചതന്‍ സാക്ഷിക്കായ് കാത്തിരിപ്പൂ.


No comments:

Post a Comment