Monday, 12 August 2013

സ്വാതന്ത്ര്യം

ഞാന്‍ ജനിച്ചപ്പോള്‍ അമ്മാമ്മ എന്നെ
തുണിയില്‍ പൊതിഞ്ഞ്
അമ്മയുടെ അരികില്‍ക്കിടത്തി

മുലകുടിപ്പിച്ചപ്പോള്‍ അവരുടെ
ഇഷ്ടത്തിനായിരുന്നു എന്നെ എടുത്തിരുന്നത്

പിന്നെ കാണുന്നതൊക്കെ വായിലാക്കാന്‍
ഞാന്‍ ശ്രമിച്ചപ്പോള്‍ അമ്മ വിലക്കി

കണ്ടെടുത്ത മണികള്‍
പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു

അന്നുമുതല്‍ നിയന്ത്രണങ്ങളായിരുന്നു
മണ്ണില്‍ കളിക്കരുത് തല്ലുകൂടരുത്
റോഡു വശം ചേര്‍ന്നു നടക്കണം
ഇന്ന വസ്ത്രങ്ങള്‍ ധരിക്കണം

ഞാനുമത് ശീലിച്ചു
ചട്ടങ്ങളുടെ നിഴല്‍ ബന്ധനങ്ങള്‍

പൗരനായി വളര്‍ന്നപ്പോള്‍
പുതിയനിയമങ്ങള്‍, ശാസനകള്‍

വിവാഹത്തിന്
കളങ്ങളിലെ അക്ഷരക്കൂട്ടിലെ ബന്ധനം

പ്രണയം
അവിടെയും പരസ്പര ബന്ധനം

ഇന്ന് സ്വാതന്ത്ര്യദിനമാണ്
മകനെ ചാച്ചാജിയെപ്പോലെ
വസ്ത്രങ്ങള്‍ അണിയിക്കുമ്പോള്‍
അവന്‍റെ അസഹ്യത ഞാനറിഞ്ഞു

ഞാന്‍ മകനെ ഉപദേശിച്ചു
റോഡില്‍ പദയാത്രക്കുപോകുമ്പോ
അരുകുചേര്‍ന്ന്
പതാക ഉയര്‍ത്തിപ്പിടിച്ചുപോകണം

അവന്‍ നടക്കുന്നതിലെ സ്വാതന്ത്യം പോലും
ഞാന്‍ ശീലിച്ച വഴികളിലൂടെ
കവര്‍ന്നെടുക്കുകയായിരുന്നു

No comments:

Post a Comment