Friday, 23 August 2013

ഒരോണംകൂടി

നീ വന്നോ തുമ്പിയെന്‍ മുറ്റത്തെ തുമ്പയില്‍
ഓണനിലാവിന്‍റെ ചന്തംപേറി
തിരുവോണനാളിലാ കോടിയുമായെന്‍റെ
കണ്ണനിങ്ങെത്തുമോ കൂട്ടുകാരി
പൂക്കള്‍ നിറയ്ക്കുവാന്‍ പൂക്കൂടതുന്നണം
കളിത്തോഴിയൊന്നിനെ കൂട്ടവേണം
തുമ്പനിറച്ചൊരാ ചേമ്പിലയൊന്നിലെന്‍
മിഴിയിതള്‍സ്വപ്നവും ചേര്‍ക്കവേണം
അത്തമൊരുക്കണം ചിങ്ങപ്പുലരിയില്‍
നേദ്യത്തിന്‍ അടയുമൊരുക്കവേണം
ആലോലമാട്ടുവാന്‍ ഊഞ്ഞാലുകെട്ടണം
മുറ്റത്തെ മാവിന്‍ ചുവട്ടിലായ്
ഉണ്ണികളെത്തിയന്‍ മനസ്സിന്‍റെ മുറ്റത്ത്
പിച്ചനടന്നേറെ കൊഞ്ചിനില്‍ക്കാന്‍
തെറ്റികള്‍പൂത്ത പഴമനസ്സിന്നുമീ
തേന്‍നുകരുന്നുണ്ടോ നൂല്‍വലിച്ച്
തുളസിത്തറയിലെ തുളസിക്കതിരിനെ
ചൂടിക്കാന്‍ വെള്ളിത്തലമുടിയോ
ഇനിയെന്‍റെ കണ്‍കളില്‍ ഉതിരുന്നസ്വപ്നത്തില്‍
ഓണനിലാവൊളി തന്നുപോകാന്‍
തിരുവോണനാളിലാ കോടിയുമായെന്‍റെ
കണ്ണനിങ്ങെത്തുമോ കൂട്ടുകാരി

No comments:

Post a Comment