Sunday 25 August 2013

ഒരു മൊഴി

കടലേ പറയുക നിന്നുടെ തിരകളെന്‍
പ്രണയത്തെയാകെ അപഹരിച്ചോ
എന്തിനെന്‍ മൗനവും സ്വപ്നത്തിനീണവും
ഇഴചേര്‍ത്തുനീയങ്ങു കൊണ്ടുപോയി
കരളിലുറയുമാ നൊമ്പരച്ചീളുകള്‍
പാടിപ്പറഞ്ഞു നടന്നിടാനോ?
ഇനിയെന്‍റെ നെറ്റീലെ കുങ്കുമസന്ധ്യയെ
മണിവര്‍ണ്ണചെപ്പിലടച്ചതെന്തേ
കാഴ്ചക്കുകേമമായി ചില്ലിന്‍റെയുള്ളിലായ്
പട്ടുവിരിച്ചങ്ങുറക്കുവാനോ
നിന്‍റെ നിശ്വാസങ്ങള്‍ കരയിലായെത്തുമ്പോള്‍
എന്നില്‍ ലയിക്കുമോ കൂട്ടുകാരി
എന്നിലെ സന്ധ്യകള്‍ ചൂടിക്കും സ്വപ്നങ്ങള്‍
പകരും പ്രകാശമായി മാറിടുവാന്‍
മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങി നീ
രാത്രിക്കുകാവലായ് എത്തിടുമോ
നിലാവറിയാതെ എഴുതുന്ന വാക്കുകള്‍
പടരാതിരുക്കുമോ ഈയിരുട്ടില്‍
എങ്കിലും കൂട്ടരെ പോകുന്നു ഞാനിന്ന്
ശയ്യയില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍
നാളെ വെളുപ്പിനുണര്‍ന്നെണീക്കുമ്പോള്‍
പാഠമെഴുതി പഠിച്ചുവയ്ക്കാന്‍
പാടവരമ്പിലെ കതിരറ്റ മണിയൊച്ച
എന്നുടെ നെഞ്ചിലായ് ചേര്‍ത്തുവയ്ക്കാന്‍
വിയര്‍പ്പറ്റ വേനലിന്‍ ഒടുവിലാപെണ്ണിന്‍റെ
മിഴിയിറ്റു മഴപോല്‍ പടര്‍ന്നിറങ്ങാന്‍
ഒരു മൊഴികൂടി പതിച്ചുപാടുന്നുഞാന്‍
എന്‍വയലങ്ങു കിളിര്‍ത്തുപൊന്താന്‍

No comments:

Post a Comment