Tuesday, 13 August 2013

അമ്മ

പൊക്കിള്‍മുറിച്ചെത്തും കുഞ്ഞിനെനോക്കി-
യന്നമ്മകരയുന്നതേതുരാഗം
ചോരിവാതന്നിലാ പാലമൃതൂട്ടുമ്പോള്‍
അമ്മചുരത്തുന്നതേതുരാഗം
നിര്‍ത്താതെ കരയുമ്പോള്‍ ചുംബിച്ചുറക്കുമാ
അമ്മതന്‍വാത്സല്യമേതുരാഗം
പിച്ചനടക്കുമ്പോള്‍കാലിണനോക്കിയാ
അമ്മ നിറയ്ക്കുന്നതേതുരാഗം
കണ്ണില്‍നിറയുന്ന വാത്സല്യപൂമഴ
താനേചുരത്തുന്നതേതുരാഗം
ആദ്യയുരുളയാ കുഞ്ഞുനുനല്കുമ്പോള്‍
അമ്മയറിയുന്നതേതുരാഗം
അദ്യാക്ഷരമായങ്ങമ്മയെ ചേര്‍ക്കുമ്പോള്‍
അമ്മനിനവിലന്നേതുരാഗം
പിന്നെയും നാളുകള്‍ചേര്‍ക്കുന്ന സ്വപ്നങ്ങള്‍
അമ്മയ്ക്കുചേര്‍ക്കുന്നതേതുരാഗം

എങ്കിലുമെന്നിലുറയുന്നകുഞ്ഞിനെ
താരാട്ടുപാടിയവളുറക്കേ
അമ്മതന്‍ വാത്സല്യ ചങ്ങലയ്ക്കുള്ളില്‍ഞാന്‍
ജീവിതച്ചുഴികള്‍ മറന്നിടുന്നു
പ്രായത്തിന്‍തൊങ്ങലില്‍ കാലിടറുന്നൊരാ
അമ്മയ്ക്കുതാങ്ങായുണര്‍ന്നിരിക്കാന്‍
മക്കളാം നമ്മളീ ജീവനത്തന്നെയും
കാല്‍ക്കലായ്ത്തന്നെ ഉഴിഞ്ഞുവയ്ക്കൂ.

No comments:

Post a Comment