Sunday, 4 August 2013

ഒരു പ്രണയമുഖം

നിഴല്‍വീണ തറയിലാ പടിയിറമ്പുംചാരി
ഒരു നോവുപേറിഞാനുണര്‍ന്നിരിക്കേ
തൊടിയിലെ മാമ്പൂചെറുമണം കരളിലായ്
അലിയിച്ചുപോയെന്‍റെ പ്രണയദുഃഖം
മിഴിവാതില്‍തുമ്പിലെ ഓര്‍മകള്‍മൊട്ടിട്ട
കഥകളെ ഞാനിന്നു പങ്കുവയ്ക്കാം
പാദസരങ്ങളില്‍ നിസ്വനം ചേര്‍ത്തുഞാന്‍
പാടവരമ്പത്തൂടോടിയെത്തേ
ചെറുചിരിചുണ്ടിലൊളിപ്പിച്ചുനിന്നൊരാ
പൊടിമീശക്കാരനെ കണ്ടുഞാനും
എന്നിലെപ്രേമം പതിച്ചെടുത്തന്നവന്‍
നെഞ്ചിലെക്കൂട്ടില്‍ ഒളിച്ചുവച്ചു
കടലാസ്സുതുണ്ടുകള്‍ കോറി പകര്‍ന്നവന്‍
എന്നിലെ പ്രണയത്തെ പുല്‍കിയേറെ
എങ്കിലുമവനുടെ ഉള്ളിന്‍റയുള്ളിലായ്
പാര്‍ട്ടികൊടികളുയര്‍ന്നിരുന്നു
വിപ്ലവചിന്തകള്‍ പേറും മനസ്സിലായ്
പ്രണയത്തിന്‍ചിന്തു പതുങ്ങിനിന്നു
തന്നില്‍ജ്വലിക്കും കൊടികള്‍ക്കുപിന്നിലാ
വെറിപൂണ്ടകണ്ണവന്‍ കണ്ടതില്ല
വാള്‍മുനത്തുമ്പിലുതിരും രണത്തിന്‍റെ
നോവുകള് പാറുന്ന മണ്ഡപത്തില്‍
അവനും മയങ്ങുന്നൊരുരക്തസാക്ഷിയായ്
പ്രണയത്തിന്‍ നോവു പകുത്തുവയ്ക്കേ
കാലില്‍കിലുങ്ങും കൊലുസിനെ ഇന്നുഞാന്‍
പണിതീര്‍ത്തുചങ്ങലയാക്കിടുന്നു
പതറും മനസ്സിനെ ബലിയിട്ടുനല്‍കുവാന്‍
ഭ്രാന്തിന്‍റെ ചങ്ങല പേറിടുന്നു
ഞാന്‍ ഭ്രാന്തിന്‍റെ ചങ്ങല വാങ്ങിടുന്നു

No comments:

Post a Comment