Tuesday, 13 August 2013

മുല ചേദിക്കപ്പെട്ടവള്‍

ഞാന്‍ കാണുമ്പോള്‍
അവള്‍ക്ക് മുലകളുണ്ടായിരുന്നു

അതുപിന്നെ എപ്പോഴാണ്
ചേദിക്കപ്പെട്ടതെന്ന് അറിയില്ല

പകരം ചോദിക്കാന്‍
അവള്‍ക്കൊരു കൂടപ്പിറപ്പോ
പത്തുതലകളോ ഇല്ലായിരുന്നു

അവള്‍ ഒഴുക്കിയ
കണ്ണുനീര് ഇടക്കെവിടെയോ
വറ്റിയിരിക്കുന്നു

അവള്‍ക്കിനിയും മുലകളുണ്ടെന്നും
അതെല്ലാം ചേദിക്കപ്പെടേണ്ടതാണെന്നും
പുതുമൊഴി

വലിച്ചറിഞ്ഞ ഉടയാടകളില്‍
അഭയമിരുന്നവര്‍
വെയില്‍കൊണ്ട്
വിണ്ടുകീറിയിരിക്കുന്നു

ഇനിയെപ്പോഴാണ്
അവളുടെ വിറയലില്‍
മുല ചേദിച്ചവര്‍
നൊന്തുചാകുന്നത്

അറിയില്ല, എങ്കിലും
അവശേഷിച്ചകൊങ്കകളില്‍
പാലമൃതൂട്ടി
കേണുറങ്ങുകയാണ്
ധരിത്രി

No comments:

Post a Comment