Saturday, 17 August 2013

വിഡ്ഢികള്‍

ഇലകള്‍ക്കടിയിലെ
കടുകുമണിയോളംപോന്ന മുട്ടകള്‍
കറുത്തമുഖമുള്ള
വെളുത്തപുഴുക്കളായി
തളിരിലകളില്‍
ഭൂപടങ്ങള്‍ തീര്‍ത്തു

ഒരു യുഗം കഴിഞ്ഞിരിക്കുന്നു
ഇനി ജീവസമാധിയിലേക്ക്
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
ശ്വാസഗതിതേടി
ഒരു ഘടികാരവട്ടം

പട്ട് പൊട്ടിച്ച്
കണ്‍തുറന്ന്
ഒന്നു നിവര്‍ന്നപ്പോള്‍
പുതിയലോകവും
പുതിയകാലുകളും
തേന്‍കൊമ്പും
വര്‍ണ്ണമാര്‍ന്നചിറകും

തിളങ്ങുന്ന സൂര്യപ്രഭയില്‍
അച്ചുതണ്ടിനൊപ്പം
ഒരുപറക്കല്‍യുഗം

വസന്തത്തിന്‍റെ
തേന്‍കുടുക്കകളില്‍
വിരുന്നൊരുക്കിയ
സസ്യലലാതികള്‍

ഇനിയൊന്നുമുത്തണം
പറക്കണം,
മധുനുകരണം

ഇനിയൊരു പുലര്‍ച്ചേ
ഉറുമ്പുകള്‍ നീട്ടിയ
ശവഘോഷയാത്രയില്‍
ചിറകറ്റ ജീവിയായി
ഒരു മടക്കം

ഇതിനിടയില്‍
വീണ്ടുമൊരിലക്കടിയില്‍
ഒളിപ്പിച്ചുവച്ച
മുട്ടകള്‍
പുഴുവാകാനുള്ള
കാത്തിരിപ്പ്

ഒടുങ്ങാത്ത മായയില്‍
യുഗങ്ങള്‍ചേര്‍ത്ത നാം
മനുഷ്യര്‍,  വിഡ്ഢികള്‍

No comments:

Post a Comment