Sunday 18 August 2013

താക്കോലുകള്‍

എ‍ന്‍റെ കൈയ്യില്‍
ഒരുകൂട്ടം താക്കോലുണ്ടായിരുന്നു

ആ താഴിലെ
താക്കോല്‍ദ്വാരത്തിലൂടെ
പലയാവര്‍ത്തി
പലരീതിയില്‍
ഞാനതുതുറക്കാന്‍ശ്രമിച്ചു

താക്കോല്‍,
കൂട്ടത്തോടെ
ഇളകിമറിയുന്ന ശബ്ദം,
ആ കൂട്ടകരച്ചില്‍
തോറ്റു പിന്മാറലുകളുടേതായിരുന്നോ?

കുറേയേറെ താക്കോലുകള്‍
മുന്‍വിധിയുറപ്പിച്ച്
പണിയപ്പെട്ടവ

എന്‍റെ ശരീരമാകുന്ന
ഈ ചെറിയതാഴ്തുറന്ന്
ഉള്ളില്‍ പ്രവേശിക്കാന്‍

ഓരോ തുറക്കലുകളും
പാഴ്ശ്രമമായി
മനസാകുന്ന താക്കോല്‍ ദ്വാരത്തിലുടെ
വഴുതിമാറുന്നു

ഒടുവില്‍ തളര്‍ന്ന്
താക്കോല്‍ വലിച്ചെറിഞ്ഞ്
ചിന്തയറ്റ്
ആശ നശിക്കുമ്പോള്‍

അഹന്തയകന്ന്
താക്കോലുകള്‍ ഇല്ലാതായി
ഒരു മന്ത്രണം പോലെ
തുറന്ന താഴ്

കടന്നുചെന്ന
പരബ്രഹ്മത്തിലേക്ക്
തിരിഞ്ഞുനോക്കുമ്പോള്‍
ഉടലറിയാതെ
ഞാനില്ലാതാകുന്നു

No comments:

Post a Comment