Sunday, 11 August 2013

മുഖങ്ങള്‍

ഒരു മുഖം
അതിന്‍റെ കാഴ്ചക്കുമുമ്പില്‍
വേറെചില മുഖങ്ങള്‍

അതില്‍ ഏതൊന്നിനും
മറ്റൊന്നിന്‍റേതായ ഭാവമില്ല

അവയിലൊന്ന്
രാജാവിന്‍റെ തലപ്പാവുകെട്ടി
മറ്റൊരാള്‍ മന്ത്രിയുടേയും
ഒപ്പം സൈന്യാധിപന്‍മാരുടേതായി
മറ്റുചിലരും

ഉപദേഷ്ടാക്കള്‍ വേറെ
കോടതികളും, ആരാച്ചാരും
ഇനിവേണ്ടത്
ഭരിക്കപ്പെടേണ്ടവര്‍

ആ മുഖങ്ങളാണ് ഏറെയും
അന്നം കഴിക്കുന്നവയും
കഴിക്കാത്തവയും
സ്ഥലനാമങ്ങളിലും
വര്‍ഗ്ഗനാമങ്ങളിലും
ഒറ്റപ്പെടുന്നവര്‍

അവരിലൊരാള്‍
എപ്പോഴെങ്കിലും
ഭരിക്കുന്നവന്‍റെ മുഖമണിഞ്ഞാല്‍
അവനും രാജാവാകുന്നു
അകമ്പടിക്കാരുടെ ഇടയില്‍
ദേശവും കുടിലും
അവന് അന്യമാകുന്നു

മുഖങ്ങള്‍ ലിംഗഭേദത്തിന്‍റെ
വാഗ്ശരങ്ങളില്‍ വശഗതരായി
തെരുവില്‍ കോര്‍‍ക്കുന്നു

അവര്‍ക്ക് തെമ്മാടിക്കുഴികളും
രക്തസാക്ഷിമണ്ഡപങ്ങളും ഒരുങ്ങുന്നു

ഭൂമി ഇതൊന്നുമറിയാതെ
ഈ മുഖങ്ങള്‍ക്കായി
ദാഹജലവും പ്രാണനും
ആഹാരവും ഒരുക്കുന്നു

എങ്കിലും അവളും
ചിലപ്പോള്‍ സഹികെട്ട്
പ്രളയവും മാരിയും
ഭൂകമ്പവും, കൊടുങ്കാറ്റും
വിതച്ച് മുഖങ്ങളെ
തൂത്തെറിയുന്നു

മറഞ്ഞുപോയമുഖങ്ങളുടെ
പൊയ്ക്കാലുകളുമായി
പുതിയമുഖങ്ങള്‍
ഇഴഞ്ഞു നീങ്ങുന്നു

സുര്യന്‍ തന്‍റെ
തോഴിയാം ഭൂമിയില്‍
ഇരുട്ടാകും ദുഃഖത്തെ തേടുന്നു

ഇതുവരേയും അവന്‍ കണ്ടതില്ല
അവളുടെ ശരീരത്തിലെ
കറുത്ത ഇരുട്ടിനെ.

No comments:

Post a Comment