Sunday 18 August 2013

കാല്‍ചങ്ങല

ഞാന്‍ വലിഞ്ഞു നടന്നു
എന്‍റെ കാലിലൊരു ചങ്ങല

അതിന്‍റെ മറുതല
അതങ്ങ് വിദൂരതയില്‍
കാഴ്ചമങ്ങുന്നു

ഞാനെന്‍റെ കണങ്കാലില്‍
തൊട്ടുനോക്കി
അവിടെ വൃണങ്ങളുണ്ടായിരുന്നില്ല

മനസ്സിലായിരുന്നു
ആ വേദന
മുറിവുകള്‍
അവിടെയായിരുന്നിരിക്കണം

കടലിനും തിരകള്‍ക്കും
എന്നെ സന്തോഷിപ്പിക്കാനായില്ല
അവരും അവരിലെ
നിശ്വാസങ്ങള്‍
എനിക്കുപകരുകയായിരുന്നു

അതിന്‍റെ ശ്വാസഗതികളില്‍
ഒരുപിടിവറ്റെറിഞ്ഞ്
തിരികെ

പിച്ചവച്ച പുരയിടത്തിലെ
കരിയിലകളില്‍ അമര്‍ത്തിചവുട്ടി
വേച്ചുനടക്കുമ്പോള്‍
അറിഞ്ഞിരുന്നില്ല
ഞാന്‍ തേടിവന്ന തെങ്ങും
മണ്ണിലേക്ക് അമ്മയ്ക്കൊപ്പം
അലിഞ്ഞുചേര്‍ന്നിരുന്നെന്ന്

ഇനിയൊരു കാത്തിരിപ്പ്
എന്‍റെ ചുടലയ്ക്കുമുകളില്‍
കാത്തുവയ്ക്കാന്‍
എന്‍റെ കാല്‍ചങ്ങല
നീതന്നെ അഴിച്ചുകൊള്ളുക

നീഎന്നിലെ സന്തത സഹചാരി
ഞാന്‍ ജനിച്ചപ്പോള്‍മുതല്‍
എന്നിലെ ഭയമായി
എന്നിലൊളിഞ്ഞിരിക്കുന്നവന്‍

നീ തന്നെ അഴിച്ചുമാറ്റുക
ഞാന്‍ നിന്നോടൊപ്പം
വരുവാന്‍ തയ്യാറായിരിക്കുന്നു

No comments:

Post a Comment