Friday, 23 August 2013

എന്നെ അറിയുക

ഞാന്‍ നഗ്നനാണ്
നാണമുള്ളവര്‍ 
എന്നെ കല്ലെറിയട്ടെ

എനിക്കു ഭ്രാന്താണ്
ഭ്രാന്തില്ലാത്തവര്‍ 
എന്നെ നോക്കി അട്ടഹസിക്കട്ടെ

ഞാന്‍ കുരുടനാണ്
കണ്ണുള്ളവര്‍
എന്‍റെ അന്ധതയില്‍
കാഴ്ചയൊരുക്കട്ടെ

ഞാന്‍ ചെകിടനാണ്
കാതറിയുന്നവര്‍
എനിക്കെതിരെ
സംസാരിക്കട്ടെ

ഞാന്‍ മൂകനാണ്
നാവുള്ളവന്‍
എന്നെ പരിഹസിക്കട്ടെ

നഷ്ടപ്പെട്ടുപോയ
എന്‍റെ വിരലുകള്‍ക്കായി
വിരലറിയുന്നവന്‍
മോതിരം ചാര്‍ത്തട്ടെ

എന്‍റെ തളര്‍ന്നകലുകളില്‍
നടവേഗത്തിനായി
കാലുള്ളവന്‍
ചമ്മട്ടി ചേര്‍ക്കട്ടെ

ഞാനിപ്പോഴുമൊരു
കാമുകനാണ്
പ്രണയമില്ലാത്തവന്‍
എന്നെ തുറുങ്കിലടയ്ക്കട്ടെ

മനസ്സ് മറന്ന്
ഉടലറുത്ത്
നിങ്ങള്‍ ഉറഞ്ഞു തുള്ളുക

ആത്മാവറിയുമ്പോള്‍
ജഡമില്ലാത്ത എന്‍റെ
ശൂന്യതയ്ക്ക്
ബലിതര്‍പ്പണം

ഞാന്‍ ആത്മാവാകുന്നു
ആത്മാവറിയാത്തവന്‍
എനിക്കു പടച്ചോറ്
വയ്ക്കട്ടെ

No comments:

Post a Comment