Friday, 23 August 2013

കൂട്ടിനായി

ഞാനൊരു ജനി
വളഞ്ഞുവച്ച
നാല് അഴിച്ചുമരുകള്‍ക്കുള്ളില്‍
തുറക്കാത്ത വാതിലിന്‍റെ
ശബ്ദവും പേറി
ഞാന്‍ മയങ്ങുന്നു

എനിക്കു ചുറ്റും നാലുപേര്‍
സ്ത്രീയുടെ പര്യായയങ്ങള്‍

കാമുകിയുടെ
പ്രണയനൊമ്പരങ്ങളില്‍
ഭാര്യയായി
ഒടുവില്‍ ഗര്‍ഭപാത്രമൊരുക്കി
ഞാനെന്ന ജനിക്കായി
കാത്തിരിക്കുന്നവള്‍

വളര്‍ന്ന പ്രകൃതിയില്‍
കളിത്തോഴിയായി
സ്നേഹം മൗനത്തിന്‍റെ
വാതായനങ്ങളില്‍
ഒളിപ്പിച്ച രാധയായവള്‍

നിശബ്ദതയുടെ മൂടുപടങ്ങളില്‍
താലികോര്‍ത്ത് വാമഭാഗത്ത്,
എന്നിലൂടെ ബീജം പകര്‍ന്നവള്‍

ഇനിയുമൊണ്ടൊരാള്‍,

എന്നും നിഴലായി
മൗനമായി ദിശയറിയാത്ത
എന്‍റെ പ്രയാണത്തില്‍
എന്നെ കൊണ്ടുപോകാന്‍
വിരല്‍ത്തുമ്പുനീട്ടി
നില്‍ക്കുന്നവള്‍

അഴികള്‍ക്കിടയിലൂടെ
അവര്‍ നീട്ടുന്ന കൈവിരലുകളില്‍
ഏതില്‍ പിടിച്ചാലാണ്
എനിക്കുണരാനാവുക

ആകാശത്തിലെ
കറുത്ത മേഘങ്ങളില്‍
ഞാനാചോദ്യമയച്ചു

എന്‍റെ മനസ്സിലേക്ക്
മഴയായി അവന്‍
പെയ്തിറങ്ങി

കാമുകിയും ഭാര്യയും
മഴസഹിക്കാനാവാതെ
ഇറമ്പിലേക്ക് മാറിനിന്നെന്നെ
വിളിച്ചു

അമ്മയും മരണവും
വിറച്ച വിരലുകള്‍ നീ‌ട്ടി
എന്നെ വിളിച്ചു

ഞാനെന്‍റെ വേച്ച കാലുകളില്‍
എഴുന്നേറ്റുനിന്നു

അപ്പോഴേക്കും അവള്‍
അമ്മയെ തോളിലേറ്റിയിരുന്നു

ഞാനും പോകുന്നു അവള്‍ക്കൊപ്പം
എന്‍റെ അമ്മയ്ക്ക് കൂട്ടായി
മരണത്തിന്‍റെ വിരല്‍തുമ്പു പിടിച്ച്.

No comments:

Post a Comment