Friday, 29 November 2013

മറയാതെ കാറ്റേ

മധുരം വിളമ്പി കടന്നുപോ കാറ്റേ
മൗനത്തിലായിനീ മറയാതെ കാറ്റേ
സുഗന്ധം ചുരത്തുമീ പ്രണയമായ് മാറുവാന്‍
അവള്‍തന്‍ മൊഴിനീ പകര്‍ത്തുമോ കാറ്റേ

നോവുകള്‍ദൂരെ കളഞ്ഞൊരാ സ്വപ്നങ്ങള്‍
പേറിനീപിന്നാലെ എത്തല്ലേ കാറ്റേ
മഞ്ഞിന്‍കണമായി മുറ്റത്തെമുല്ലയില്‍
അവളുടെ പുഞ്ചിരി തങ്ങിനില്‍ക്കേ

ചുമ്മായുലച്ചതിന്‍ ചുമ്പനപൂവുകള്‍
ചെമ്മേ തെറിപ്പിച്ചു പോകല്ലെ കാറ്റേ
നെറ്റിയില്‍ചാര്‍ത്തിയ കുങ്കുമരേണുക്കള്‍
തല്ലിയുടച്ചുകളയല്ലേകാറ്റേ

നീറും മനസ്സിലായ് പാറിപറന്നൊരാ
കുറുനിരരാജികള്‍ ചേര്‍ത്തുവയ്ക്കേ
നിര്‍ത്തല്ലേ നീ നിന്റെ സ്നേഹത്തിന്‍ സ്പര്‍ശനം
അവളെന്റെ മാറില്‍ മയങ്ങിടട്ടേ

ഹൃദയംപകര്‍ന്നൊരാ മധുരമാം സ്നേഹത്തെ
തച്ചുടച്ചന്നവള്‍ പോയതല്ലേ
തൂകിയകണ്ണുനീര്‍ ചാലിച്ചചാലുകള്‍
അന്നുംതുടച്ചത് നീതന്നെ കാറ്റേ

മുറ്റത്തുനില്‍ക്കും തുളസികതിരുപോല്‍
ചിതയിലേക്കന്നവള്‍ പോയനാളില്‍
അഗ്നിയില്‍ നീചേര്‍ത്ത മധുരമാം സ്പര്‍ശനം
കുളിരായവളെ പുണര്‍ന്നതല്ലേ

എങ്കിലും നീയെന്റെ ഓര്‍മ്മതന്‍ ചെപ്പുകള്‍
സ്പര്‍ശിച്ചുതന്നെയുണര്‍ത്തിടുന്നു
നീപേറും മുല്ലസുഗന്ധത്തിന്‍ നറുമണം
എന്നിലേക്കവളെ മയക്കിടുന്നു

ഞാനും മയങ്ങട്ടെ ഈനീലരാത്രിയില്‍
തഴുകിനീമെല്ലെയുറക്കിടുക
പാദസരങ്ങള്‍ കിലുങ്ങുന്നസ്വപ്നങ്ങള്‍
പേറിനീമല്ലെ അലിഞ്ഞിടുക

മധുരം വിളമ്പി കടന്നുപോ കാറ്റേ
മൗനത്തിലായിനീ മറയാതെ കാറ്റേ

കാറ്റ്

വിളകളുടെയിടയിലൊരുകളകളുടെവിളകണ്ടു
മനമിളകികരവെടിഞ്ഞളകങ്ങള്‍തഴുകിയൊരു
പുളകങ്ങളൊഴുകുന്നൊരരുവിയിലലകളില്‍
കുളിരുന്നപുളകമായൊഴുകുന്നകാറ്റു

ഒരുവരി

നനുത്തവിരലിനാല്‍ തൊട്ടനോവുകള്‍
മറഞ്ഞസന്ധ്യതന്‍ കുളിര്‍നിലാവുകള്‍
വിതുമ്പുമോര്‍മ്മതന്‍ തണല്‍പരപ്പിലായ്
കുണുങ്ങിനില്‍ക്കുമോ വിരുന്നുകാരികള്‍
ചിണുങ്ങിനില്‍ക്കുമാ മഴപ്പിറാവുകള്‍
ചിറകടിക്കുമോ നനുത്തസന്ധ്യയില്‍
ഒഴുകിവന്നൊരാ കുളിര്‍നിലാവില്‍ഞാന്‍
മറന്നുപോകുമോ സ്നേഹനൊമ്പരം

ഒരു ചാറ്റല്‍ മഴ

തൊടിയിലൊരു മാമ്പഴം വീഴുമ്പോഴെത്തുമീ
നനുനനുപ്പുള്ളോരീ ചാറ്റല്‍മഴ
വഴിയില്ലാ പുല്‍ക്കാടു താണ്ടിഞാനോടുമ്പോള്‍
നനയല്ലേ നീയന്നങ്ങമ്മചൊല്ലും
മാങ്ങയെടുത്തുഞാന്‍ തിരികെയെത്തുന്നേരം
തോര്‍ത്തുമുണ്ടാലമ്മ തലതുവര്‍ത്തും
മാമ്പഴത്തുണ്ടെന്നിലിറ്റിച്ച മധുരമായ്
സ്നേഹവിരുന്നെന്റെയമ്മയൂട്ടും
മുറ്റത്തുമുന്നിലായ് കാച്ചപയറിലൊരായിരം
തത്തമ്മ ചാഞ്ഞിറങ്ങി
കൈകൊട്ടിഞാനതു പായിക്കുംനേരത്തു
അമ്മയടുത്തങ്ങണഞ്ഞിരിക്കും
മടിയിലായ് കരുതിയ ചുട്ടപയറിനെ
സ്നേഹത്താലമ്മ വിടര്‍ത്തിനല്കും
മുറ്റത്തുകൂമ്പിയ കുഞ്ഞുകൂണൊന്നിനെ
നുള്ളിയെടുത്തമ്മ ചുട്ടുനല്കും
അമ്മമടിയിലായ് ചാഞ്ഞുറങ്ങുംനേരം
വിഷ്ണുവായ് ഞാനങ്ങഹങ്കരിക്കും
ഒടുവിലെന്‍ മടിയില്‍കിടന്നുകൊണ്ടെന്റമ്മ
മാമ്പഴതുണ്ടുരുചിച്ചിറക്കേ
ഒരുനേര്‍ത്തമഴപോലെ ഇറ്റിച്ച കണ്ണുനീര്‍
വിടപറയുന്നൊരാ മേഘമായി
തൊടിയിലെമാവിന്റെ കൊമ്പുകൊണ്ടമ്മയെ
തീകൂട്ടിഞാനതില്‍ ചേര്‍ത്തുവയ്ക്കേ
ഇനിയുംമരിക്കാത്ത സ്നേഹമായാമഴ
പിന്നെയും ചാറി അകന്നിടുന്നോ?

പ്രേമമോടെ

മൗനമായ് നീയെന്റെ 
അരികിലായ് നില്‍ക്കുമ്പോള്‍
മരണമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല
മധുരമായ് ചുമ്മാ ചിരിക്കുന്നനേരത്തും
എന്നരികിലാണല്ലേനിന്‍ പ്രണയരൂപം
മഴമേഘതുണ്ടിലും അണയുന്നകാറ്റിലും
ഒളിച്ചിരിക്കുന്നുവോ പ്രണയമേ നീ
സുഹൃത്തായെന്നിലേക്കൊഴുകുന്ന സ്നേഹവും
ഒരുനാള്‍ മരണമായ് അടുത്തറിഞ്ഞു
വാല്സല്യമേറിനുകര്‍ന്നൊരാമ്മിഞ്
നിന്നിലേക്കലിഞ്ഞതും മരണമായി
‌ഇനിയെത്രനാളെന്റെ ചാരത്തണഞ്ഞുനീ
സുഹൃദമായ് സ്നേഹം ചൊരിഞ്ഞുവയ്പൂ
നിഴലുകള്‍ചിമ്മിയ പകലിന്റെ നേരുകള്‍
എന്നുടെയഴലുകളറിവതുണ്ടോ
വരു നീ സഖിയെന്‍ ദേഹമകറ്റുവാന്‍
ദേഹിയില്‍ സ്നേഹമായ് ലയിച്ചിരിക്കാന്‍
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല

ഒരു നിസ്വനം

ഒരുമൊഴിമൗനമായലിയുന്നുസഖിനിന്‍
കണ്ണിണതുമ്പിലുറയുന്നേരം
വിതുമ്പുന്നചുണ്ടുകള്‍ മൗനം മറക്കുന്നു
നിസ്വനം തേങ്ങലായ് മാറിടുന്നു
മധുരമാം പ്രണയത്തിന്‍ മഴകളീരാവുകള്‍
പ്രളയത്തിന്‍ നോവു പകര്‍ന്നിടുന്നു
എങ്കിലും മീട്ടാംനിനക്കായ് ഞാനൊരു
മണ്‍വീണയെന്റെ മനസ്സിനുള്ളില്‍
പകരാം നിനക്കൊരു ചുംബനപ്പൂമഴ
ഗാനമായ് എന്നില്‍ ലയിച്ചിറങ്ങാന്‍
ആടുക നീയെന്‍ ഹൃദയത്തിനുള്ളിലായ്
മനസ്സില്‍ ചിരിക്കും കൊലുസ്സുമായി
കാലം വിതച്ചിട്ട പൂവുകളൊക്കെയും
ഓര്‍മയില്‍ കനലുകളായിടുന്നു
സ്നേഹം പടുത്തൊരാ മഴമുകില്‍ മേടകള്‍
മഴയായലിഞ്ഞങ്ങകന്നിടുന്നു
ഒരു കുളിര്‍തെന്നലായരികിലെത്തൂ നീ
മധുരമാം വിരഹത്തിന്‍ കുളിരുനല്കൂ
അമൃതമായ് ഞാനിനി നുകരട്ടെയീമഴ
മനസില്‍ തപിക്കും കനലടങ്ങാന്‍

മൗനമായി

ഓര്‍മകള്‍ പൂത്തകണിക്കൊന്നമേലൊരു
അഴകുള്ള കുയിലമ്മ കൂകിവന്നു
നിറമുള്ളമേഘങ്ങള്‍ വിതറുന്ന സന്ധ്യകള്‍
പനിമതി ചന്ദ്രനായ് കാത്തുനിന്നു
മധുരമായ് ഗാനം പകരുവാന്‍ വേണ്ടിയീ
കടലമ്മപിന്നെയും തിരപകര്‍ന്നു
കുളിരും തിരകളിലൊഴുകും മണല്‍തരി
പകരും പ്രണയത്തെ കണ്ടുനില്‍ക്കാന്‍
ഒരുവേളപോലുമീ മനസ്സിന്റെ കണ്ണുകള്‍
പീലിവിടര്‍ത്തി ചുരന്നതില്ല
താളം പിടക്കും മനസ്സിന്റെ നോവുകള്‍
പ്രേമം പകര്‍ന്ന ജലത്തിനുള്ളില്‍
തിരയറ്റയോളമായ് നിരനീണ്ടജാലമായ്
പഴയപുരാണങ്ങള്‍ചൊല്ലിനിന്നു
മുരടിച്ചപാദങ്ങള്‍ താണ്ടുമീ കാതങ്ങള്‍
ഒരുവേള മൗനത്തിലായിരിക്കാം
എങ്കിലും ജന്മമേ നീ തന്ന ജീവിതം
മരണത്തിന്‍ മുമ്പു നടന്നുതീര്‍ക്കാന്‍
ചൂടും കുടകളിന്നേതെന്നറിയില്ല
പിച്ചനടക്കുകയല്ലേഞാന്‍ ഭൂമിയില്‍

Tuesday, 29 October 2013

പറന്നു തുടങ്ങുമ്പോള്‍

ഏകാന്തതതയുടെ
തടവറകളില്‍
വിശ്രമിച്ചൊടുങ്ങാത്ത നൊമ്പരങ്ങള്‍

ചിറകടിച്ചുയരുമ്പോള്‍
വര്‍ണ്ണചിറകുകളില്‍
അല്പായുസ്സിന്‍റെ വിധിരേഖകള്‍
കോറിവരച്ചിരിക്കുന്നു

ലഹരിമൂത്ത്
മധു നുകരുമ്പോള്‍
ഇരിക്കുന്നദളങ്ങള്‍ വാടിവീഴാന്‍
ഇനിയെത്ര സമയമെന്നൂഹിക്കുന്നില്ല

ഓരോ പൂവുകളും
അധികാരത്തിന്‍റെ
വര്‍ണ്ണസിംഹാസനങ്ങള്‍
സമ്മാനിക്കുമ്പോള്‍
അരികില്‍ പതിയിരിക്കുന്ന
നരകവാതിലുകള്‍
നിശബ്ദമായി മലര്‍ക്കെ
തുറന്നിരിക്കുന്നു

ഒന്നു നിവര്‍ന്നുപറക്കുമ്പോഴേക്കും
കണ്ണുകളില്‍ ഇരുട്ടുകയറി
ചിറകുകള്‍ തളര്‍ന്ന്
അവശനാകുന്നു

ഇനിയുള്ള സമയം
മധുനുകര്‍ന്ന് ലഹരിയില്‍
ദുരകൊണ്ട സമയത്തെയോര്‍ത്ത്
ഒന്നു പശ്ചാത്തപിക്കാം

ഇനി പുനര്‍ജനിക്കേണ്ടതില്ലല്ലോ?

Friday, 18 October 2013

ആല്‍മരം

ഒരു കവിതമെല്ലെ കുറിക്കട്ടെ ഞാനെന്‍റെ
മിഴികള്‍ കടംകൊണ്ട സ്വപ്നമായി
നാലമ്പലത്തിന്‍ വെളിയിലീ കാവലാള്‍
ജടതീര്‍ത്തു നോവു പകര്‍ന്നിടട്ടേ
ബോധിമരമെന്നുബുദ്ധന്‍പറഞ്ഞൊരാ
ആത്മവൃക്ഷത്തിന്‍റെ പന്തല്‍ തീര്‍ക്കാന്‍
ഇന്നെന്‍റെ കൈകള്‍ നിലത്തുപതിച്ചുഞാന്‍
കുമ്പിട്ടു കുമ്പിട്ടു നിന്നിടുന്നു
പണ്ടെന്‍റെ മടിയില്‍ തളര്‍ന്നുമയങ്ങിയ
പഥിതരെ ഞാനേറേ കണ്ടിരുന്നു
എന്നെകുറിച്ചേറെ മന്ത്രങ്ങള്‍ ചൊല്ലിയോര്‍
ഏറെ പ്രദക്ഷിണം വച്ചിടുന്നു
കുറ്റവും ശിഷയും തീര്‍പ്പുമായന്നേറെ
നാട്ടുപ്രമാണികള്‍ വന്നിരുന്നു
പെരുമ്പറതീര്‍ത്തൊരാ രാജവിളംബരം
പണ്ടേറെക്കണ്ടുഞാന്‍ എന്‍റെ മുന്നില്‍
കഴുമരമേറിയകന്നോരാ ചിന്തകള്‍
ബലിയിട്ടുവന്നൊരാ കാകനായി
വീണ്ടുമൊരു തണല്‍ക്കാത്തകന്ന ദിനത്തിനെ
മാറില്‍പുതയ്ക്കാനായ് കാറ്റുവന്നു
ചേക്കേറിയെന്നുടെ പീലി ഞരമ്പിലായ്
കളംകളം പാടി രസിച്ചിടുന്നു
വേനലടര്‍ത്തിയെടുത്തൊരാ ഇലകളില്‍
ചിതപോലെ അഗ്നി പടര്‍ന്നിടുന്നു
കാതില്‍കുരുങ്ങുമൊരു ഗ്രാമത്തിന്‍ചിന്തുകള്‍
കുളിരായ് മനസ്സില്‍ കരുതിടുന്നു
വടികുത്തിയിന്നെന്‍റെയരുകിലിരിക്കുന്ന
വൃദ്ധന്‍റെ ബാല്യമെന്‍ വിരലിലെത്തേ
കാലം പറത്തിയ അപ്പൂപ്പന്‍ താടിപോല്‍
ജന്മങ്ങള്‍ വന്നു മറഞ്ഞിടുന്നു
ഇനിയെത്രനാളീത്തണല്‍പിച്ച നല്കുവാന്‍
ആകാശകോട്ടകള്‍ കാവല്‍ നില്‍ക്കും
രാത്രിതന്‍ ഭീകരസ്വപ്നത്തിലെത്തെവേ
നിഴല്‍പോലുമെന്നെ പിരിഞ്ഞിടുന്നു
നീട്ടിവളര്‍ത്തിയ കാല്‍ നഖമൊന്നുമേ
വെള്ളതണുവൊട്ടു കണ്ടതില്ല
ഭൂമിയാം അമ്മയും കണ്ണുമിഴിക്കുന്നു
വേനല്‍തുടിപ്പിക്കും ദാഹത്താലേ
ഒരുവേളകൂടിഞാന്‍ മധുരം ചുരത്തട്ടേ
കാക്കേ നീ വായ്പുണ്ണ് മാറ്റിവയ്ക്കൂ
നാളെപ്രഭാതത്തില്‍ ബലിയിട്ടുനല്കുവാന്‍
എന്നുടെ മൂടു പറിച്ചുമാറ്റും
മുറിയറ്റ പിണ്ഡത്തിന്‍ മുകളിലായ്പാറിനീ
ചരിത്രം പറഞ്ഞു കരഞ്ഞിടുക

കലി

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍

വിടര്‍ന്നാടട്ടെ തരുണികള്‍
വിഷധൂളികള്‍ ചുരത്തും ഫണങ്ങളില്‍

പകര്‍ന്നുറയട്ടെ രുധിരവും
രതിമറന്ന കാമവെറികളില്‍

പകലുറങ്ങട്ടെ ലഹരിതണുപ്പിച്ചൊരീ
നിഴലറിയാക്കയങ്ങളില്‍

പെയ്തുതോരട്ടെ കണ്ണീര്‍വറ്റിചുളിഞ്ഞ
കൃശഗാത്രരാം മേഘരൂപികള്‍

പടര്‍ന്നോഴുകട്ടെ മൗനം രക്തതളങ്ങളില്‍
ചലനമറ്റ കബന്ധങ്ങള്‍ പോലവേ

മനസ്സിന്‍ ദാനപാത്രങ്ങളില്‍ വിഷംചേര്‍ത്ത്
പകരട്ടെ മതഭ്രാന്തില്‍ പുതിയ ലായങ്ങളില്‍

മൂക്കളയൊലിപ്പിച്ചലയും തെരുവുകള്‍
പിച്ചതെണ്ടിക്കരയും ചെറുബാല്യങ്ങളാകട്ടെ

മുലചുരത്തട്ടെ അധികാരകോണുകള്‍
കലിചേര്‍ത്തുണര്‍ത്തുന്ന തെരുവുയുദ്ധങ്ങള്‍

മറക്കുക നാം നമ്മെത്തന്നെ, യുള്ളിലുറയും
നന്മയെ ബലിവച്ച്, കാക്കുക കലിമനസ്സിനെ

ഇതു കലികാലം, സ്നേഹവും പ്രണയവും
വഴിതെറ്റിയകലുന്ന ബലാല്കാരങ്ങള്‍

വേഴ്ചകള്‍ മനസ്സിന്‍കുടിലതന്ത്രങ്ങള്‍
കാഴ്ചദ്രവ്യങ്ങള്‍ മനസും പിതൃത്വവും

നാവുനീണ്ടലറുമാ കറുത്തകലിയെ
കാണുവാനാവില്ലെനിക്കിനിയശേഷവും

കണ്ണടയ്ക്കുന്നു, മറന്നുറങ്ങുന്നൂ ഞാനാ
മനുഷ്യത്വം പിച്ചിയെറിഞ്ഞകുഴിമാടങ്ങളില്‍

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍.

Friday, 11 October 2013

അനാഥത്വം

ഞാന്‍ നിന്‍റെവഴികളില്‍
പഥികനായ്നില്‍ക്കാം
നീ നിന്‍റെഭാണ്ഡ-‌
മെടുത്തുകൊള്‍ക

ഉണരുമുഷസിന്‍റെ
നിഴലായ് നടക്കാം
പ്രാരാബ്ദദുഃഖങ്ങള്‍
കൂട്ടിവയ്ക്കാതെ

അന്നുനീ കണ്ട
കിനാക്കളായ് മാറാന്‍
കൈകോര്‍ത്തുമെല്ലെയീ
നെഞ്ചിലായ്ചായൂ

വൃദ്ധരാം നമ്മളീ
തെരുവിലല്ലാതെ
തീര്‍ത്ഥാടനത്തിന്‍റെ
നാള്‍വഴിപൂകാം

നമ്മള്‍ പടഞ്ഞിട്ട
ജീവിതപാത
നല്കുക നീ നിന്‍റെ
കുഞ്ഞിനായ്തന്നെ

നാളെ പുലര്‍കാലെ-
യാകുന്നവേള
അവനുടെ മാര്‍ഗ്ഗവും
ഇതുതന്നെയോര്‍ക്കൂ

പിച്ചവയ്ക്കുന്നോരു
കുഞ്ഞിന്‍റെ സ്നേഹം
മായില്ലൊരിക്കലും
ഉള്ളിന്‍റെയുള്ളില്‍

കൈയ്യിലണക്കുന്ന
കൈക്കുഞ്ഞുതന്നെ
ഇന്നുമവനെന്‍റെ
നെഞ്ചകം തന്നില്‍

നീവരിക പെണ്ണെയെന്‍
ഒപ്പത്തിനൊപ്പം
കാഴ്ചകള്‍ പലതിനി
കാണുവാനായി

അമ്പലമുറ്റത്തെ
ആല്‍ത്തറക്കോണില്‍
കഥകള്‍പറഞ്ഞങ്ങു-
ണര്‍ന്നുചിരിക്കാം

സഞ്ചിയില്‍കൊള്ളുമീ
ജീവിതവേഷം
തോളിലായ്തൂക്കി
നടന്നുരസിക്കാം

ഉണ്ണിയാംകൃഷ്ണനെ
കണ്ടുരസിക്കാം
നമ്മുടെയുണ്ണിയെ
കണ്ടങ്ങുറങ്ങാം

ഒരു നേരമന്നത്തെ
കണ്ടുഭുജിക്കാം
നന്മനിറഞ്ഞൊരാ
ദൈവത്തെപൂകാം

നാഥനവന്‍തന്നെ
എന്നുമീഭൂവില്‍
ഓര്‍ക്കുകനമ്മളില്‍
പ്രാണനായ്തന്നെ

Thursday, 10 October 2013

സ്ത്രീ

സ്ത്രീ
നീണ്ട ഇകാരംചേര്‍ന്ന
കൂട്ടക്ഷരത്തിന്‍റെ
അര്‍ത്ഥവ്യാപ്തി

സ്വാതന്ത്ര്യത്തിന്‍റെ
പകുതിയക്ഷരങ്ങളും
കാര്‍ന്നുതിന്നുമ്പോഴും
വിലപിച്ചുകൊണ്ട്

ചുടലഭംസ്മംപൂശി
മൃഗത്തോലുടുത്ത്
നാഗാഭരണംചാര്‍ത്തി
ഭയമറ്റ ശിവനാമത്തിന്‍റെ
ഇകാരമായവള്‍
ഇവിടെ ശക്തിയാര്‍ക്ക്

കണ്ണീര്‍തുള്ളികളില്‍
അലിയിച്ചെടുത്ത
കവിഭാവനകള്‍
സ്ത്രീയുടേതാകുമ്പോള്‍
അവളബലയാകുന്നോ?

വലിച്ചഴിക്കപ്പെട്ട
സാരിതുമ്പിലേക്കു
വിശുദ്ധിയുടെപുടവകള്‍
ഇഴചേരുമ്പോള്‍
തളര്‍ന്നത് സ്ത്രീയോ
പുരുഷനോ

വിശുദ്ധിയുടെ
നിഴല്‍ചിത്രങ്ങള്‍ക്കുമീതെ
മുഴുമിച്ചെടുത്ത കഥകളില്‍
കവി പുരുഷനാകുമ്പോള്‍
സ്ത്രീ വിതുമ്പുകയാണോ?

നിവര്‍ന്ന നട്ടെല്ലുകളില്‍
ബീജവാഹിനിയായി
മാതൃവാത്സല്യം
ചുരത്തുമ്പോള്‍
അവള്‍ പൂജ്യയാകുന്നില്ലേ

തലകുനിക്കപ്പെടുന്ന
കാമപൂരിതങ്ങളായ
ആഭരണചാര്‍ത്തിനിപ്പുറം
ഉറഞ്ഞാടുന്ന ദേവീയെ
കുമ്പിടുന്നതു നീയറിയുന്നില്ലേ

നിന്‍റെ വിലാപങ്ങള്‍
രോദനങ്ങളല്ല
പുതിയലോകത്തിന്‍റെ
ശംഖ്വലികളാണ്

പെണ്ണെഴുത്തില്‍
പുരുഷനുനേരേ
വലിച്ചെറിയുന്നവാഗ്ശരങ്ങള്‍
നിന്‍റെയുയര്‍ച്ചയാക്കായ്
നീ തൊടുത്തുവിടുക

നിന്‍റെയിണയുടെ താഴ്ചയിലല്ല
നിന്‍റെ വളര്‍ച്ചയിലാണ്
നിന്‍റെയുയര്‍ച്ച

നിനക്കുമുകളില്‍
മതവും സമൂഹവും
വളര്‍ത്തി വീശിയ
ശിഖരം നീ വെട്ടിമാറ്റൂ

നീയും പുരുഷനും
കാലത്തിന്‍റെ കണക്കുതാളില്‍
വലിച്ചറിയപ്പെട്ട മാംസഗോപുരങ്ങള്‍

അവശേഷിക്കുന്നതപ്പോഴും
ഉരുകിയുറഞ്ഞ
ആത്മാവിന്‍റെ നന്മമാത്രം

ഒരുബലിതര്‍പ്പണം

കൈക്കുടന്നയില്‍ ചേര്‍ത്തൊരു നൊമ്പരം
നെഞ്ചിലെ നാളമായ് ബലിയിട്ടു നല്കവേ
ചുണ്ടുകള്‍വിങ്ങിയ വാക്കുകള്‍കേട്ടെന്റെ
നെഞ്ചകംതന്നെ തകര്‍ന്നങ്ങലിഞ്ഞുപോയ്

തേടുമോ നീയെന്റെയമ്മയെ യാത്രയില്‍
നല്കുമോ നീയവള്‍ക്കീച്ചെറുവറ്റുകള്‍
കണ്ണിലുരുണ്ടൊരാ നീര്‍മണിത്തുള്ളിയെ
ഞാനാം പുഴയങ്ങുചേര്‍ത്തുവച്ചീടവേ

മുങ്ങിക്കുളിച്ചവന്‍ എന്മടിത്തട്ടിലായ്
കൈകൂപ്പിയമ്മയെ തെല്ലുസ്മരിച്ചുടന്‍
അമ്മയെ വാഴ്ത്തുമാ പിഞ്ചിളംകുഞ്ഞിന്റെ
നോവുകള്‍ ചേര്‍ത്തുഞാനെന്റെയാത്മാവിലും

ദര്‍ഭയണിഞ്ഞൊരാ കുഞ്ഞുവിരലുകള്‍
അമ്മയ്ക്കുനല്കിയ പുത്തരിവറ്റുകള്‍
നെഞ്ചില്‍ത്തുടിക്കും പെരുമ്പറയോടെഞാന്‍
നെഞ്ചകം തന്നിലായ് ചേര്‍ത്തുവച്ചെപ്പൊഴേ

കാണാത്തൊരമ്മതന്‍ പൈതലുനല്കിയ
സ്മൃതിയുടെ നൊമ്പരം നെഞ്ചില്‍ നിറച്ചുഞാന്‍
കളങ്കംനിറയാത്ത കണ്‍മണികുഞ്ഞിനായ്
അമ്മിഞ്ഞപോലെ ചുരന്നങ്ങൊഴുകിഞാന്‍

എവിടെത്തിരയേണ്ടു അമ്മയെ ഞാനിനി
കുഞ്ഞുണ്ണിക്കുട്ടന്റെ നൊമ്പരം മായ്ക്കുവാന്‍.

Tuesday, 8 October 2013

മായ

പൊട്ടിച്ചെറിഞ്ഞെന്‍റെ
പൊന്‍മണിവീണഞാന്‍
കാതിലെനിക്കിനി ഈണംവേണ്ട

കണ്ണിലിളകും
തിരകള്‍ക്ക്മുന്നിലീ
പ്രണയം തുടിക്കുന്നതാളംവേണ്ട

പാറിപറക്കും
മനസ്സിന്‍റെ താളമീ
കാറ്റില്‍ ലയിപ്പിക്കും വീണവേണ്ട

ഞരങ്ങും വിരലുകള്‍
ചേര്‍ത്തുവയ്ക്കുന്നൊരാ
ശ്രുതിചേര്‍ന്നമൗനമാണെന്‍റെ ഗാനം

പ്രണയത്തിന്‍ പൂവുകള്‍
ഉള്ളില്‍ ജനിപ്പിച്ച
മധുരമാം തന്ത്രികള്‍ എവിടെയാണോ?

ജീവിതനൗകതന്‍
ചോര്‍ച്ചയാം കണ്ണീരെന്‍
ഹൃദയത്തില്‍ തീര്‍ക്കും പെരുമഴയില്‍

കാലമൊരുക്കി
പടുത്തുവയ്ക്കുന്നൊരാ
അമൃതമാം കുംഭമൊന്നുള്ളില്‍ വയ്ക്കേ

തരുമോ വസന്തമേ
ഒരുതാലികൂടിനീ
കിരണങ്ങളേറും പ്രഭാതമായി

നീ തരും സ്നേഹമെന്‍
മൗനത്തിലര്‍ച്ചിച്ച
മധുരമാം സ്വപ്നമാണെന്‍റെ ജീവന്‍

മധുചേര്‍ന്ന പൂവിന്‍റെ
യുള്ളില്‍തുടിക്കുമീ
ബീജമായ് സ്വപ്നത്തെ മാറ്റിവയ്ക്കാന്‍

ഒരു രാവില്‍ നീയെന്നെ
ക്രീഡയില്‍ ബന്ധിക്കൂ
പുതിയയുഷസിനായ് പൂവുചൂടാന്‍

അലയുമീകാറ്റിന്‍റെ
താളത്തിനൊത്തൊരു
താരാട്ടുകൂടി പകുത്തുവയ്ക്കൂ

അലിയുന്നു ഞാനീ
പ്രപഞ്ചമായെന്നുമീ
ശൂന്യപൊരുളിന്‍റെ റാണിയായി

Monday, 7 October 2013

ഒളിച്ചോട്ടം

അവന്‍ മറന്നുവച്ച
ഞവരയില
ഒരുകുളിര് എന്‍റെ മാറിടത്തില്‍
പതിപ്പിച്ചപ്പോലെ

സ്ലേറ്റിലേക്ക് പകര്‍ന്ന
അക്ഷരക്കൂട്ടുകള്‍
മായ്ചെടുക്കാനാവണം
അവനത് കരുതിയത്

എഴുതിവച്ചത്
എന്‍റെ ഹൃദയത്തിലാണെന്ന്
അവന്‍ മറന്നുകാണും

നക്ഷത്രങ്ങള്‍ പെയ്തിറങ്ങിയ
ആ നിലാവില്‍
അവനോടൊട്ടിനില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചുരന്നത്
അഭയത്തിന്‍റെ അശ്രുകണങ്ങളായിരുന്നു

കൈയ്യത്തിതൊടാവുന്ന
അകലത്തില്‍ എന്നെ ഭ്രമിപ്പിച്ച്
ഹൃദയത്തിനെ പിളര്‍ക്കുമാറ്
വേദനതന്ന് നീയെന്തിനിങ്ങനെ

മുലയുട്ടിയോമനിച്ച
എന്‍റെ കിടാങ്ങള്‍
ഈറന്‍മിഴികള്‍ കാത്തുവച്ച്
നിന്നോടൊപ്പം യാത്രയയ്ക്കാന്‍
ഒരുങ്ങിയിരിക്കുന്നു

അവരറിഞ്ഞുകാണണം
എന്‍റെ കാമുകനെ

അദ്യശ്യനായി എന്നെനീ
ചേര്‍ത്തെടുക്കുമ്പോള്‍
മുഖമാനെഞ്ചിലേക്ക്
ഞാനൊന്നമര്‍ത്തിവച്ചോട്ടെ

അവരുടെ വിതുമ്പല്‍
എന്നെ ചൂളിക്കാതിരിക്കട്ടെ

ഞാനെന്ന
സമസ്യക്കൊടുവിലൊരു
മാംസപിണ്ഡം
ഞാനയാള്‍ക്കും സമര്‍പ്പിക്കട്ടെ,
എന്‍റെ ഭര്‍ത്താവിന്

ചുടലയിലേക്കെത്തുമ്പോഴും
അയാള്‍‍കരുതട്ടെ
ഞാന്‍ പതിവ്രതയെന്ന്

നിന്നോടൊപ്പമുള്ള ഒളിച്ചോട്ടത്തിന്
ഒരു തിരുച്ചുവരവില്ലെന്ന
നിത്യബോധത്തോടെ.

മിണ്ടാനാകാതെ

എന്‍റെ ഗ്രാമം
തുടുത്ത കവിളിതളില്‍
പുതിയ ചായങ്ങള്‍ ചാലിച്ച്
കാമാതുരയായി
വിടര്‍ന്നുനില്‍ക്കുന്നു.

മുന്‍പെന്നോ
ഞാനവളുടെ ഹൃദയവും
തുടിപ്പുമായിരുന്നു

രണ്ട്ചെമ്മണ്‍പാതകള്‍ തീര്‍ത്ത
നാല്‍ക്കവലയില്‍
വിടര്‍ന്ന ആല്‍മരത്തിനുനുകീഴെ
അവളുടെ ഹൃദയമായി
ഞാന്‍ മൂളിക്കൊണ്ടിരുന്നു.

ഏറുമാടക്കടയിലെ രത്നാകരേട്ടന്‍
രാവിലെ എന്നെയുണര്‍ത്തും

പിന്നെ വായ്തോരാതെ
ആകാശവാണിയുടെ
ഒഴുകിയെത്തുന്ന തരംഗങ്ങളെ
ഗ്രാമത്തിന്‍റെ തുടിതാളമായി
പകര്‍ന്ന് ജോലിതുടങ്ങുകയായി.

കണാരേട്ടനും, മാധവന്‍ മാസ്റ്ററും
ചെത്തു വേലായുധനും
വാസുവേട്ടനും, നിരന്ന
ആല്‍ത്തറ, എന്‍റെ മൊഴികള്‍ക്ക്
പുതിയ അര്‍ത്ഥതലങ്ങള്‍തേടും

ഇതിനിടയിലെപ്പോഴോ
ചെമ്മണ്‍ പറത്തി പറന്നെത്തുന്ന
രാഗിണി ബസ്
യാത്രക്കാരോടൊപ്പം
ഒരു വര്‍ത്തമാനപത്രവും
അവര്‍ക്കായ് വച്ചുനീട്ടും

എനിക്കിനിയല്പം വിശ്രമമാണ്
ചര്‍ച്ചകള്‍ കറുത്തയക്ഷരങ്ങളിലൂടെ നീണ്ട്
പലവഴിക്കായി പിരിയും

രത്നാകരേട്ടന്‍
അമ്മിണിപശുവിനെ
പാടത്തേക്ക് കൊണ്ടുപോകുമ്പോള്‍
എന്‍റെ ശബ്ദത്തിനും പൂട്ടുവയക്കും

പിന്നെനിക്ക് കൂട്ടായി
മുത്തിയമ്മയും തത്തയും മാത്രം
വഴിയാത്രക്കാരെ പുലഭ്യം പറഞ്ഞും
നീട്ടിവിളിച്ചും
അവരവിടെക്കിടന്ന് മയങ്ങും

നേരം സന്ധ്യമയങ്ങുമ്പോള്‍
ഞാന്‍ വീണ്ടും പാടിയും കഥപറഞ്ഞും
കൃഷിപ്പാടം പറഞ്ഞും
ഉണരുകയായി

ഒപ്പമൊരു ചന്തയും
അവിടെ അരങ്ങൊരുങ്ങും
ഏകദേശം ഗ്രാമം മുഴുവന്‍
എന്‍റെചുറ്റും

രാവേറെക്കഴിയുമ്പോള്‍
രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചകളും
കലാസാഹിത്യ പ്രവര്‍ത്തനങ്ങളുമായി
എന്‍റെ പിന്നിലെ ഗ്രന്ഥശാലയില്‍ ഒരു കൂട്ടം

പിന്നെ നാടുറങ്ങുകയായി
ഒരു നിലാവെളിച്ചെത്തിലെന്നപോലെ

ഇന്നും ഈ ഗ്രാമത്തില്‍ ഞാനുണ്ട്
മറാലകള്‍ പൊതിഞ്ഞ്
കൊടിതോരണങ്ങള്‍ കൊണ്ട് മറഞ്ഞ്
മിണ്ടാനാകാതെ ഗ്രാമത്തിന്‍റെ
ചായക്കൂട്ടിനകത്ത്
ശ്വാസഗതിയകന്ന്
മഷിയെഴുതാതെ

Wednesday, 2 October 2013

ആത്മഗതം

പൊക്കിള്‍കൊടി
മുറിക്കുന്നതുകാത്തുനില്‍ക്കാതെ
ആ കുഞ്ഞുമൂക്കിലൂടെ
പാഞ്ഞുകയറി
പുറത്തിറങ്ങുമ്പോള്‍
എനിക്കൊരു
ചോരകുഞ്ഞിന്‍റെ മണം

ആശുപത്രിയുടെ
തുറന്ന ചില്ലുജാലകത്തിലൂടെ
മരണത്തിന്‍റെ പ്രാണനുകേഴുന്ന
മുത്തശ്ശന്‍റെ മൂക്കിലേക്ക്
വലിഞ്ഞിഴഞ്ഞു കയറിയപ്പോള്‍
വാര്‍ദ്ധക്യത്തിന്‍റെ
രോദനം എന്നിലേക്ക്
പടര്‍ന്നുകയറി

പടര്‍ന്ന ഇലപടര്‍പ്പിനടിയില്‍
കാമുകിക്കായ് തന്‍റെ
ചുണ്ടടുപ്പിക്കുമ്പോള്‍
പ്രണയത്തില്‍നിന്ന്
കാമത്തിലേക്കുള്ള
ഊടുവഴികള്‍ തിരഞ്ഞ
നിശ്വാസമായി ഞാനുണര്‍ന്നു

ഇനിയൊന്നു പറക്കാം
വൃ‍ഷത്തലപ്പുകളിലും
പുല്‍ക്കൊടികളിലും
ജീവജാലങ്ങളിലും
കയറിയിറങ്ങി
മനുഷ്യന്‍തന്നയീ
കറുത്തകുപ്പായവുംപേറി
പ്രാണനായി
ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്

ശ്വാസമടക്കി പ്രാണായാമം
ശീലിക്കുന്നതിനുമുമ്പ്
മനുഷ്യന്‍ എന്നെയൊന്ന്
മനസ്സിലറിഞ്ഞിരുന്നുവെങ്കില്‍

സുഖം

മൂന്നരമുഴം
നീളത്തിലുള്ള
ഒരുപിണം

ആജീര്‍ണ്ണവസ്തുവിനായി
ഒരുപേര്

നാണംകെട്ട
പ്രവൃത്തികള്‍
മറച്ചുവയ്ക്കാനായി
ഒരു വേഷം

വേഷമില്ലാത്ത
ജീവികള്‍
നിഷ്കളങ്കര്‍

മറവുചെയ്യാനുള്ള
ഇടത്തിനപ്പുറത്തേക്ക്
കൈനീട്ടി
ആയുധമെടുത്ത്
ആര്‍ത്തിപൂണ്ട്
മറുപിണത്തിലേക്ക്

ഒടുവില്‍
കാല്‍കുഴഞ്ഞ്
കണ്ണടഞ്ഞ്
പിണംപോലുമില്ലാതെ

പണമൊടുങ്ങി
ഫണമടങ്ങി
ഇന്ദ്രിയനാശത്തിലേക്ക്

സുഖം
പരമാനന്ദസുഖം

Saturday, 28 September 2013

റെയില്‍പ്പാളങ്ങള്‍

ഉരുക്കുവീലുകള്‍
നെഞ്ചിന്‍കൂടിലൂടെ
തലങ്ങും വിലങ്ങും
ഉരുട്ടുമ്പോള്‍,
ഞാന്‍ പതറിയില്ല

ഞങ്ങളുടെ പ്രണയനൊമ്പരങ്ങള്‍
മറ്റൊരാളോട്
പറഞ്ഞതുമില്ല

ജീവശ്ച‌വമായി
മഴയും വെയിലുംപേറി
മലര്‍ന്നുകിടക്കുമ്പോള്‍
ഞങ്ങള്‍ക്കുചുറ്റും
കരിങ്കല്‍ചീളുകളാല്‍
നിങ്ങള്‍ ചിതകൂട്ടിയിരിക്കുന്നു

പരസ്പരം
പുണരാതിരിക്കാന്‍
തടിച്ചമരക്കഷണങ്ങള്‍കൊണ്ടും
സിമന്‍റെ് തൂണുകള്‍കൊണ്ടും
ഞങ്ങളെ ഒരേ അകലത്തില്‍
ബന്ധിച്ചിരിക്കുന്നു

കാമാതുരല്ലാതിരുന്നിട്ടും
ഭ്രാന്തെരെപ്പോലെ
തലങ്ങുംവിലങ്ങും
കമ്പികളാല്‍
മുദ്രകുത്തിയിരിക്കുന്നു

സ്വപ്നയാത്രകളും
ഉല്ലാസങ്ങളും
നിങ്ങള്‍ പദംപറഞ്ഞാടുമ്പോഴും
കീഴെ ചെറുനിലവിളികള്‍ തീര്‍ത്ത്
ഞങ്ങള്‍ പതിഞ്ഞു കിടക്കുന്നു

നികൃഷ്ടമായി വിസര്‍ജ്യം
വലിച്ചെറിയുന്നത്
ഈ മുഖങ്ങളിലേക്കാണെന്ന്
നിങ്ങളോര്‍ക്കണമായിരുന്നു.

നിങ്ങളുടെ പ്രണയവും
മരണവും പലവുരു
കണ്ടുമടുത്തിട്ടും

തെരുവുനായ്ക്കളും
എലികളും
ഞങ്ങള്‍ക്കുകൂട്ടായി
കാവലിരുന്നിട്ടും
നിങ്ങളുടെ സുഖങ്ങള്‍ ‌
ഞങ്ങളെ തിരിച്ചറിയുന്നില്ല

ചേരികള്‍
തിരിച്ചറിയുന്ന
ദുര്‍ഗന്ധത്തിന്‍റെ
ബീജവുംപേറി
അടുത്ത സൈറനുകാതോര്‍ത്ത്
പച്ചവെളിച്ചത്തിന്‍റെ
നിശബ്ദതയില്‍
ഞങ്ങളൊന്നുറങ്ങട്ടെ

ഉരുക്കുവീലുകളുടെ
പ്രഹരം സ്വപ്നത്തിലല്ലാന്ന്
തിരിച്ചറിയാന്‍
ഏതു വെളിച്ചമാണ്
തെളിക്കേണ്ടത്
പച്ചയോ, ചുവപ്പോ

ഒരു പ്രളയംകൂടി

കാഴ്ചയുടെ
തീഞരമ്പുകളില്‍
ഒരിടിയകലത്തില്‍
എത്തിപ്പെട്ട പ്രളയം

വിതച്ചത്
മരണത്തിന്‍റെ വിത്തുകള്‍

മുളച്ചുപൊന്താത്ത
വിത്തിനുചുറ്റും
നിസ്സഹായതയുടെ
കൈവള്ളികള്‍ ചുരുട്ടിയിട്ട്
കുറേ വല്ലികള്‍

അടുത്തപ്രളയത്തിനുമുമ്പ്
പ്രകൃതിയെച്ചൂടിക്കാന്‍
കുറച്ചുമൊട്ടുകളൊരുക്കി
അവ പുളഞ്ഞുകിടന്നു

താഴ്വാരത്തിലെ നിശകളില്‍
കുഞ്ഞുകുണുക്കുകള്‍ ചേര്‍ത്ത്
മിന്നാമിന്നികള്‍

കാഴ്ചവട്ടത്തിന്‍റെ
നിലാവെളിച്ചത്തില്‍
നിലത്തുചിതറിയ
അവ്യക്തനിഴലുകള്‍

ഗോപുരങ്ങളടര്‍ന്ന്
നിലംപതിച്ച സമുച്ചയങ്ങളില്‍
അദ്ധ്വാനങ്ങളുടെ
വിയര്‍പ്പുകണങ്ങളായി
എല്ലിന്‍കഷണങ്ങള്‍
പൂത്തുനില്‍ക്കുന്നു

താനൊഴുക്കിയപ്രളയം
ഭൂമിക്കു ന്ഷടമാക്കിയ
സൗന്ദര്യം തിരിച്ചുനല്കാന്‍
ആകാശത്തവള്‍ മേഘത്തിന്‍റെ
പുതിയപന്തലിട്ടു

നിശകളഴിച്ചെറിഞ്ഞ്
പ്രായത്തിന്‍റെ കണക്കുകള്‍
ചേര്‍ത്തുവയ്ക്കുമ്പോള്‍
ചരിത്രപുസ്തകവും പേറി
അടുത്ത തലമുറ ഉണരുകയായി

ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന്
പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍

രണ്ടുവാല്‍ത്തലപ്പുകളില്‍
കാലൂന്നി ഞാനും
ഒന്നു പ്രണയത്തിന്‍റേയും
മറ്റൊന്ന് ജീവിതത്തിന്‍റേയും

Thursday, 26 September 2013

നാണിത്തള്ള

അവന്‍റെച്ഛന്‍
മരിച്ചതില്‍പിന്നെ
തെങ്ങിന് തടമെടുത്തും
ചുമടുചുമന്നും
അവനെ വളര്‍ത്തിയത്
നാണിത്തള്ളയാണ്

പഠിക്കാന്‍
അവന്‍ മിടുക്കനായിരുന്നു
മകന്‍റെ ആമിടുക്കിന്
സന്തോഷത്തിന്‍റെ
ഹരംപകരാന്‍
അവര്‍ പട്ടിണികിടന്നത്
പലരാവുകള്‍

അവനെത്തിയിരിക്കുന്നു
കുടിലുപൊളിച്ചിടത്തെ
പുതിയ വീട്ടിലേക്ക്
പാലുകാച്ചി
താമസമാകാന്‍

കൂട്ടത്തില്‍
നാണിത്തള്ളയ്ക്കുംകിട്ടി
ഒരു നേര്യത്

ഇന്നു ഞായറാഴ്ച
നാണിയുടെ മകന്‍
വീടിനുപുറകില്‍
തടികള്‍കൊണ്ടൊരു
കോഴിക്കൂടുപണിയുന്നു

നാണിയെ
അതിലേക്കുമാറ്റാം
പട്ടിണി അവര്‍ക്കു പണ്ടേ
ശീലമുള്ളതാണല്ലോ?

കടല്‍

പിച്ചനടക്കുവാന്‍താങ്ങുംവിരലുകള്‍
എന്നെ വിടുവിച്ചുപോയനേരം
കാല്‍വഴുതിവീഴാകയങ്ങള്‍ക്കുമീതെഞാന്‍
ഞാണില്‍ക്കളിക്കുവാന്‍ നൂലുകെട്ടി
താഴെമരീചികയല്ലഞാന്‍ കാണുമീ
ആഴം തുടിക്കും തിരകള്‍തന്നെ
പ്രാണനുതിര്‍ത്തുചിരിക്കുംതിരകളില്‍
കാണുന്നുഞാനാര്‍ദ്രനൊമ്പരങ്ങള്‍
പുഞ്ചിരിനല്കിയാചുണ്ടുകള്‍കൂടുമ്പോള്‍
കരയാതെനാവങ്ങടങ്ങുമ്പോലെ
ഉള്ളില്‍നുരയ്ക്കുമാ സങ്കടപ്പെരുമഴ
ഓളപ്പരപ്പിലമര്‍ന്നുറങ്ങി
ജീവിതയാഴിതന്‍ ഓളത്തുടിപ്പിലായ്
മൗനംപകുത്ത കടല്‍ച്ചുഴികള്‍
എങ്കിലുംമെന്നിലെ മോഹത്തുടിപ്പുകള്‍
കോര്‍ത്തുവലിച്ചൊരാ നൂലിടത്തില്‍
നെഞ്ചില്‍നിറയുമാസ്വപ്നത്തിനൊപ്പമായ്
വേച്ചുവിതുമ്പുന്നു കാല്‍വലിച്ച്
തന്‍റെവിരലുകള്‍വീണ്ടുംപിടിക്കുവാന്‍
പിച്ചനടത്തുവാനാരെനിക്ക്
ഗുരുവിനെത്തേടിയലയുമീയാത്രയില്‍
പതിയുന്നുയുള്ളിലെന്‍ ശൂന്യരൂപം
അലിയുന്നുഞാനതിന്‍ ആഴപ്പരപ്പിലായ്
ഉറയുന്നുഞാനെന്നപൂര്‍ണ്ണസത്വം

ചെണ്ട

തിടപ്പള്ളിയില്‍
ക്ഷേത്രവാതിലിലേക്കുനോക്കി
പുതച്ചിരിക്കുമ്പോള്‍
എന്‍റെ ഉടലില്‍
മുറുക്കിവച്ച കയര്‍
അവര്‍ അയച്ചിരുന്നു

ഞാനെന്നു പറയുമ്പോള്‍
നിങ്ങള്‍കരുതും
ഞാനൊരാളാണന്ന്

മൂന്നുപേര്‍
പിരിഞ്ഞുമാറാനാവത്തവിധം
ഇഴുകിച്ചേര്‍ന്നവര്‍

പിന്നെ ഞങ്ങളെ
തല്ലിക്കരയിക്കുന്ന
മറ്റുരണ്ടുപേര്‍

അഞ്ചിലെ ഈ ഒരുമയില്‍
ഞാനായി

അയിത്തത്തിന്‍റെ
പടിപ്പുരകടന്ന്
തൃ‍ക്കോവില്‍മുറ്റത്ത്
മനമുരുകിക്കരയുന്നത്
എന്തിനുവേണ്ടി

വരിക്കപ്ലാവിന്‍റെ
ഒത്തകാതലില്‍
പലരാവിലെന്നെപണിതെടുത്ത
ആശാരിക്കുവേണ്ടിയോ

നോവുകളുടെ
പെരുമഴയായി
പേറ്റുനോവറിയിച്ച
ഉളിമൂര്‍ച്ചയ്ക്കോ

വയറൊഴിഞ്ഞ
കുഴലായി മുഖംപൊത്തുമ്പോള്‍
മരിച്ചഴിച്ച തുകല്‍
കിടാവിനുവേണ്ടിയോ?

മൃഗത്തിനെകൊല്ലരുതെന്നു
ഉറഞ്ഞുപറയുമ്പോഴും
താളമായി കരയുന്ന
അവന്‍റെ നോവ്
ഞാനറിയാതിരുന്നിട്ടല്ല

മരിച്ചിട്ടും അവന്‍റെ
കഴുത്തില്‍നിന്നടര്‍ത്തിയ
കയര്‍ തുളച്ച് എന്നിലേക്ക്
വരിഞ്ഞുമുറുക്കുമ്പോള്‍
നിസ്സഹായനാണ്
ഞാനെന്നുവിതുമ്പുന്ന
നൂല്‍ക്കയറിനുവേണ്ടിയോ?

അതോ എന്നിലേക്ക്
തലതല്ലി മിണ്ടാനാകാതെ
പിടയ്ക്കുന്ന
പുളിങ്കോലുകള്‍ക്കായോ?

കണ്ണുതുറക്കാത്ത
കരിങ്കല്ലായും, തിളങ്ങുന്ന
സ്വര്‍ണ്ണപ്രഭയായും
ദൈവമിരിക്കുമ്പോള്‍

മൃഗീയമായി
വേദനിപ്പിക്കാന്‍
നിങ്ങള്‍ മനുഷ്യരെന്തേ
എന്നെ പട്ടുടുപ്പിച്ച്
തോളില്‍തൂക്കുന്നു

തിരിച്ചറിവിന്‍റെ
ഒരു താളമെങ്കിലും
ഒന്നുവായിച്ചുതീര്‍ക്കാന്‍
നിങ്ങളുടെ വിരലുകളെ
പ്രാപ്തമാക്കിക്കൂടെ

നിന്‍റെ ഹൃദയതാളങ്ങളില്‍
ഞങ്ങള്‍ക്കായൊരു പദം
ആ‌ടിത്തീര്‍ത്തുകൂട

Tuesday, 24 September 2013

നരിച്ചീറുകള്‍

തലകീഴായുള്ള
ഈകിടത്തയില്‍
ഈ ഭൂഗോളത്തെ
താങ്ങിപ്പിടിക്കാനുള്ള
ശേഷി എനിക്കുണ്ടെന്ന്
അവര്‍ കരുതിവച്ചു

മരച്ചില്ലകള്‍
വിടുവിച്ച കാല്‍
പറന്നുയരുമ്പോള്‍
ആകാശത്തിലേക്ക്
നരച്ചകുടകള്‍ക്കുതാഴെ
ശേഷിയില്ലാതെ

നിലത്തുകുത്തിപ്പിടിച്ചിരിക്കാന്‍
ഒരുമാത്രപോലും
ആവതില്ലാതെ

പക്ഷിയെന്നോ
മൃഗമെന്നോ
തിരിച്ചറിയാനാവാത്ത
വിവേചനത്തിന്‍റെ
കാണാപ്പുറങ്ങള്‍

ഒരുനാട്ടില്‍
രക്തമൂറ്റുന്നപിശാചിന്‍റെ
പ്രതീകങ്ങള്‍

കാഴ്ചശക്തിയുടെ
പാരമ്യതയിലും
നിറങ്ങള്‍
തിരിച്ചറിയാനാവാതെ
കണ്‍തുറന്ന്

ശബ്ദവിന്യാസങ്ങളില്‍
കൂട്ടംചേരുമ്പോള്‍
ഗൃഹാതുരതയുടെ
പേക്കോലങ്ങളായി
മരച്ചില്ലകളില്‍

താഴെ
ചപ്പിവലിച്ചവിത്തുകള്‍
ചിതറിത്തെറിച്ച്

ആകാശത്തിലേക്ക്
കാലൂന്നി
ഭൂമിയിലേക്ക്
കണ്ണുംനട്ട്

രക്തം ചുവപ്പിച്ച
തീക്കട്ടകണ്ണുരുട്ടി
നിസ്സഹായതയുടെ
നിലവിളികളുമായി
കുറേ നരിച്ചീറുകള്‍

ഇരുട്ടിനോട്

നിഴല്‍വിഴുങ്ങുന്നിരുട്ടേ നീയെന്‍റെ
സ്വപ്നത്തെമൂടി മറച്ചിടാമോ?
കാഴ്ചകള്‍മങ്ങുമീ കണ്ണിന്‍റെനോവുകള്‍
നിന്നിലായ്ത്തന്നെ ലയിച്ചിടാമോ?
രക്തംപടരും വഴികളില്‍ നീനിന്‍റെ
പ്രാണനുടച്ചങ്ങു നല്കിടാമോ
പിച്ചിവലിച്ചൊരാ കുഞ്ഞിന്‍റെമേനിയില്‍
മാനകരിമ്പടം മൂടിടാമോ
വാര്‍ദ്ധക്യമെന്നയിരുട്ടിന്‍ പഥങ്ങളില്‍
കൂനിനടക്കുന്നയമ്മമാരെ
നാഥനായ് നീനിന്‍റെ കാരുണ്യതേനിനെ
ചന്ദ്രനിലാവായി നല്‍കിടാമോ?
പെണ്ണായ്പിറന്നവള്‍ക്കെന്നും കരയുവാന്‍
നിന്നുടെ ശയ്യയൊരുക്കിടണോ?
പെണ്ണിന്‍മനസ്സിന്‍റെ ദുഃഖത്തെപ്പേറുവാന്‍
നിന്‍റെ മനസ്സിനിന്നാവതുണ്ടോ?
കണ്ണുകള്‍മൂടി നടക്കുമീയൗവ്വനം
ലഹരിയാം സ്വപ്നചിറകിലേറെ
അന്ധകാരത്തിന്‍റെ മൂടിവലിച്ചവര്‍
ക്കുള്ളില്‍നിറയ്ക്കുനീ നന്മയെന്നും
കാണാപ്രപഞ്ചത്തിലൊട്ടുവെളിച്ചത്തില്‍
നീനിന്‍റെ കണ്ണുതുറന്നുവയ്ക്കൂ
എന്നിട്ടെന്‍കൈകളില്‍ നല്കുനീകാണിക്ക
നാളെ പുലരിതന്‍ പൊന്‍പ്രഭകള്‍

Sunday, 22 September 2013

ചൂല്

പച്ചോലയില്‍നിന്ന്
ചൂലിലേയ്ക്കുള്ള
പ്രയാണത്തില്‍ നഷ്ടമായത്
പച്ചപ്പും, മന്ദമാരുതന്‍റെ
താരാട്ടും

ഓര്‍മ്മുപുസ്തകത്തില്‍
കളിപന്തും, പീപ്പിയും
ആടുന്നപാമ്പും, കണ്ണടയും
കളിവാച്ചും പൂര്‍വ്വികരുടെ
ചരിത്രമാകുന്നു

അസ്ഥിപഞ്ജരങ്ങളായി
മുറിക്കോണുകളില്‍
ഒറ്റരഞ്ഞാണില്‍
ഉടല്‍ചേര്‍ന്നിരിക്കുമ്പോള്‍
ചെറുജീവികള്‍
ഞങ്ങളെനോക്കി
കൊഞ്ഞനം കുത്തുന്നു

ഓലഞ്ഞാലികളും
അണ്ണാനും
ഞാത്തുകളുണ്ടാക്കി
ആടിത്തിമിര്‍ത്ത
ഞങ്ങളു‍ടെയൗവ്വനങ്ങള്‍

അവര്‍ മറന്നിട്ടുണ്ടാവണം
അമ്മയുടെ ഒക്കത്തിരിക്കുമ്പോഴും
ഞങ്ങളവരെ താരാട്ടുപാടിയത്

മാറാലമുറ്റിയ
വാല്‍ത്തുമ്പുകളില്‍
മനുഷ്യവ‍ൃത്തിയുടെ
മുന്‍കാലുകളായി
തേഞ്ഞവസാനിച്ച
അസ്ഥികഷണങ്ങള്‍

മരവിച്ച മനസ്സിന്‍റെ
കുറ്റിച്ചുലുകളായി
കുശിനികളിലും
ശൗചാലയങ്ങളിലും
ഒടുങ്ങുന്ന ജന്മം

ഒടുവിലൊരു
കരീലക്കൂട്ടത്തില്‍
തീ പടര്‍ത്തുമ്പോള്‍
അതിലേക്കവസാനിച്ച്
അഗ്നിശുദ്ധിവരുത്തുമ്പോലെ

ഒരരഞ്ഞാചരടില്‍
കുറേനഗ്നജന്മങ്ങള്‍

ഒരു തീക്കട്ട

ചുവന്നുതുടുത്ത
അവളുടെ ചുണ്ടിലേക്ക്
നോക്കിയിരിക്കാന്‍
എനിക്കേറെ കൗതുകം

തിളങ്ങുന്ന ഹൃദയവും
ആചുണ്ടുകളില്‍
അവള്‍ ഒളിപ്പിച്ചപോലെ

മഞ്ഞുപെയ്ത്
ആചുണ്ടുകളില്‍
പറ്റിച്ചേര്‍ന്നപോള്‍
അതു നുകരാന്‍
എന്‍റെ ഹൃദയം കൊതിച്ചു

അവളുടെ നിശ്വാസങ്ങള്‍ക്ക്
നല്ല ചൂടുണ്ടായിരുന്നു

ചുണ്ടുകള്‍
ചേര്‍ത്തപ്പോഴാണ്
കനല്‍കട്ടയാണതെന്ന്
ഞാനറിഞ്ഞത്

ഉള്ളിലൊരു
മഹാവിസ്ഫോടനത്തിന്‍റെ
ഉറവയുംപേറി
മുനിഞ്ഞുകത്തുന്ന
ചെറുചുണ്ടുകള്‍

ചാരംപൊതിഞ്ഞുലയില്‍
ഒരു തീക്കാറ്റായുണരാന്‍
ആയുധത്തിനവള്‍
മൂര്‍ച്ചകൂട്ടുകയാണെന്ന്

കാഴ്ചകളുടെ
രോദനങ്ങളില്‍
ചിരിച്ചട്ടഹസിക്കുന്ന
ഒരു തീക്കട്ട

Thursday, 19 September 2013

ഉയിര്‍കരുത്ത്

കണ്ണുതിരുമി ഇറങ്ങും പടികളില്‍
ഓണത്തിനോര്‍മ്മയുണര്‍ന്നതില്ല
കാലത്തുപാടിയ പാട്ടിന്‍റെ ശീലുകള്‍
ഓണത്തിനോളങ്ങളായിരുന്നു
പണ്ടുചിരിച്ച മുഖത്തിന്‍ നിലാവിലാ
ണച്ഛനകന്നോരാ പാടവരമ്പുകള്‍
അമ്മചുമലിലെ നെല്ലിന്‍ കതിരുകള്‍
പതിരുകളായെന്‍റെ മുന്നിലെത്തേ
കാഞ്ഞവയറിലാ മണ്‍കലതുണ്ടുകള്‍
വെറിയേറ്റ മഴപോലലിഞ്ഞുപോയി
വിദ്യാലയത്തിന്‍റെ വാതായനങ്ങളീ
ഓണത്തിനായങ്ങു പൂട്ടിവയ്ക്കേ
പത്തുദിനത്തിലെ പട്ടിണിക്കായിഞാന്‍
കഞ്ഞിതന്‍പാത്രമടച്ചുവച്ചു
തെരുമാടത്തിലെന്‍ അമ്മമടിയിലായ്
പുസ്തകത്താളുമറിച്ചെടുക്കേ
കാണത്തെവിറ്റിട്ടോരോണമുണ്ണുന്നോരാ
നാടിന്‍റെ ശീലുകള്‍ കണ്ടെടുത്തു
മിച്ചത്തറയിലെ ചാക്കുകൂടാരത്തില്‍
കാണത്തിന്‍പേപ്പറും കണ്ടതില്ല
എങ്കിലുമൊന്നുഞാന്‍ കണ്ടടുക്കുന്നിതാ
അമ്മപകുത്തൊരാ നല്ലസ്നേഹം
അമ്മനിറയ്ക്കുന്ന വാത്സല്യതേന്മഴ
ഒഴുകിവന്നെത്തുമീ നെഞ്ചകത്തില്‍
പട്ടിണിപോലും ഭയക്കുമാസ്നേഹത്തിന്‍
മടിയിലായ്തന്നങ്ങു ചാഞ്ഞുറങ്ങേ
ഇന്നുമാമടിയിലുറങ്ങുന്നനേരത്തു
തിരുവോണമാണെന്‍മനസ്സിനുള്ളില്‍
അത്തക്കളത്തിലെ തുമ്പക്കിനാവുകള്‍
മഞ്ഞിന്‍തുടിപ്പിലുണര്‍ന്നപോലെ
ചേര്‍ത്തുവയ്ക്കുന്നിതാ ഇന്നുമാസ്നേഹത്തെ
നെഞ്ചിന്‍തുടിപ്പിനുയിര്‍കരുത്തായ്.

Wednesday, 18 September 2013

മൗനത്തിന്‍റെ വിത്ത്

മൗനത്തിന്
തൊട്ടുമുമ്പുണ്ടായ
ഹുംങ്കാരവം
തിരിച്ചറിയപ്പെട്ട
ദൈവത്തിന്‍റേതാണെന്ന
തോന്നല്‍
മിഥ്യാബോധത്തില്‍
എനിക്കേറ്റ
പ്രഹരമാണ്

മൊട്ടായി
ഉടലെടുത്തപ്പോള്‍
ഉടല്‍ തിരഞ്ഞത്
ഗുരുവിനെ

വിടര്‍ന്ന്
മണംപേറി നിന്നപ്പോഴേക്കും
അടുത്തുവന്നവരില്‍
തന്‍റെ ഗുരുവാരെന്ന
തിരയലായിരുന്നു

അതിനെപ്പിരിഞ്ഞകന്ന്
ശരീരത്തിന്‍റെ
ബാഹ്യരൂപത്തിലേക്ക്
കണ്ണുനട്ട്
സുഖദുഃഖത്തിന്‍റെ
നിറസുഗന്ധങ്ങള്‍
നോക്കുന്ന അനര്‍ത്ഥത്തില്‍
ഗുരുവിനെ അറിഞ്ഞില്ല

മധുചോര്‍ന്ന്
നിറമകന്ന്
ഇതളടര്‍ന്നപ്പോഴും
ഞാനറിഞ്ഞില്ല
ഗുരു ഉള്ളിലാണെന്ന്
അതാത്മാവാണെന്ന്

വിഷയാദികളുടെ
വിചാരസന്നിധിയില്‍
അചഞ്ചലനായി
ഞാനിരിക്കുമ്പോള്‍
അറിയുന്നു
ഗുരുഞാന്‍തന്നെയെന്ന്

ഞാനെപ്പോഴും
ഗുരുസന്നിധിയിലാണെന്ന
തിരിച്ചറിവ്
മൗനത്തിന്‍റെ വിത്തായി

വിരഹിണിക്കൊപ്പം

ചിതല്‍തിന്നു തുടങ്ങിയ
മച്ചിന്‍റെ താഴെ
ഒരു വിരഹിണിയെപ്പോലെ
അവള്‍ കാത്തിരുന്നു
എന്‍റെ ശ്വാസഗതികള്‍ നോക്കി

സ്പന്ദനത്തിന്‍റെ
ഏറ്റക്കുറച്ചിലുകള്‍
എണ്ണിതിട്ടപ്പെടുത്തുവാന്‍
അവള്‍ക്കുമാത്രമാണ്
കഴിഞ്ഞിരുന്നത്.

അവളുടെ സൗന്ദര്യം
പലപ്പോഴും
എന്‍റെ ഹൃദയത്തെ
തേടിപ്പിടിച്ചിരുന്നു

വഴിയറിയാതെ
നിസ്സഹായനായപ്പോള്‍
പലപ്പോഴും അവളെന്‍റെ
കൈത്തണ്ടയില്‍
കടന്നുപിടിച്ചിട്ടുണ്ട്

മനസ്സടരാതെ
അവളില്‍നിന്നും
പിന്‍വലിയുമ്പോള്‍
പ്രണയനൊമ്പരത്തോടെ
അവളെന്നെ
നോക്കിനില്‍ക്കുമായിരുന്നു

ഇനിയൊരു കൈവിടല്‍
അവള്‍ക്കു സഹിക്കാനാവില്ല

ഈ കാത്തിരിപ്പ്
അതിനുവേണ്ടിയാണ്

മരുന്നും, മന്ത്രങ്ങളും
അവര്‍ക്കകലെയാണ്
ഞാനെന്ന് തിരിച്ചറിയുന്ന
ഈ ദിവസം
അവളുടെ കൈപിടിച്ച്
നടന്നുനീങ്ങാന്‍
ഞാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു

ഇനിയൊരു പിന്‍വിളിക്കും
ഞാന്‍ ചെവിയോര്‍ക്കുന്നില്ല

ആമാറിലേക്ക് മാത്രം
നിശ്വാസമില്ലാതെ
ഞാനൊന്ന് മയങ്ങിക്കോട്ടെ

ഊഞ്ഞാല്‍

വലിച്ചുകെ‌ട്ടിയ കയറില്‍
തൂക്കിയിട്ടൊരൂഞ്ഞാല്‍

രണ്ടുകുരുക്കുകള്‍
കുറുകെ ബന്ധിച്ച
കഴക്കോല്‍

ഇനിഞാനിതിലിരുന്നൊന്ന്
ആടുകയേവേണ്ടു

ആലസ്യമില്ലാതെ
കാലുകുന്തിച്ച്
സ്വയം പര്യാപ്തമായി

കൈകള്‍ ഞാത്തകയറിലായി
മുറുക്കിപിടിക്കുമ്പോള്‍
പൊള്ളിയടരാതെ നോക്കണം
അതൊരു ജാലമാണ്

കുന്തിച്ചാടുമ്പോള്‍
വേഗത പോരാഞ്ഞാല്‍
ആരോടെങ്കിലും
ഒന്നാട്ടിത്തരാന്‍
പറയണം

പക്ഷേ മനമറിഞ്ഞു ‌
പറഞ്ഞില്ലെങ്കില്‍
അയാളുടെ ഉന്തലുകള്‍ക്ക്
കോണുതെറ്റും

ഊഞ്ഞാല്‍
എന്നെയുംകൊണ്ട്
കോണുതെറ്റി പായും

ചിലര്‍ തമാശയ്ക്കെന്നകണക്ക്
ഊഞ്ഞാല്‍ വട്ടംചുറ്റിക്കും
ചുറ്റഴിയുമ്പോഴുള്ള വേഗത
എന്നില്‍ സ്ഥലബോധത്തിന്‍റെ
ചലനത്തെ മാറ്റിമറിക്കും

മറ്റുചിലര്‍
ഊഞ്ഞാലിനടിയിലുടെ ഊളിയിട്ട്
അവരേക്കളുയരത്തില്‍
ഊഞ്ഞാലുയര്‍ത്തിവിടും
അവിടെയും
ഊഞ്ഞാലിന്‍റെ താളം തെറ്റും

ഒടുവില്‍
അവരെയൊഴിവാക്കി
കഴക്കോലില്‍ ചവിട്ടി
എഴുന്നേറ്റുനിന്ന്
തൊന്നല്‍ ചവിട്ടി
ഉയരത്തിലേക്ക്

ശിഖരത്തിന്‍റെ
ഒടുവിലൊരു
പച്ചിലയും കടിച്ച്
വിജയിയായി

ഇനിയെന്‍റെ
ഊഞ്ഞാലിന് വേഗത കുറയും
തലകറങ്ങി ഒരാലസ്യമായി
ഒറ്റക്കയറില്‍ പിടിച്ച്
ഊഞ്ഞാല്‍ക്കോണില്‍
ഞാന്‍ കുമ്പിട്ടിരിക്കും

ഊഞ്ഞാല്‍ ചെറുചലനങ്ങള്‍
കയര്‍മുറുക്കത്തില്‍
ഞരങ്ങിമൂളും

നേരം സന്ധ്യയായിത്തുടങ്ങുമ്പോള്‍
കാലുകള്‍ അലക്ഷ്യമായി
നിലത്ത് ഉരുമിക്കൊണ്ടിരിക്കും
ഗതിവിടാതെ.

ഒരോണരാത്രി

നേരമിരുട്ടീറ്റും നാടുറങ്ങുന്നില്ല-
യോണമാണോണമാണീ നഗരത്തിലും
മിന്നുന്നചില്ലുകള്‍ പോലെയാകാശത്തില്‍
കതിനാവെടികളുയര്‍ന്നുപൊന്തി
എങ്കിലുമെന്നിലെ നോവിന്‍റെ അറിവുകള്‍
അമ്മതന്‍വാത്സല്യ നിറവറിയേ
കണ്മണിയൊന്നിനെ പെറ്റുവയ്ക്കട്ടെയോ
കൂരിരുള്‍തിങ്ങുമീ പാതയോരം
എന്നിലെക്കീറത്തുണികള്‍ക്കുമേലെഞാന്‍
കാത്തുവയ്ക്കട്ടെയോ എന്‍റെ ജന്മം
പുല്‍കുമിരുട്ടിലീ അരയില്‍മിടിപ്പിച്ച
ബീജത്തെതന്നെഞാനേറ്റുവാങ്ങേ
ഉള്ളില്‍മിടിക്കുമാപ്രണയത്തില്‍ നോവുകള്‍
അവനുടെ മര്‍മ്മരമായിരുന്നു
എന്നിലെ സന്ധ്യകള്‍ ചാലിച്ചുണര്‍ത്തിയ
രൂപമാ ചാണിന്മേലേറിനില്‍ക്കേ
ചങ്കില്‍ത്തുടിക്കും ഭയത്തിന്‍റെ ശീലുകള്‍
കണ്ണിലായ് തുള്ളികള്‍ ചേര്‍ത്തുവയ്ക്കേ
തെരുവുസര്‍ക്കസിന്‍റെ വിജയത്തിലുന്മാദ
നൃത്തം കളിച്ചവന്‍മുന്നിലെത്തും
ഇന്നെന്‍റെ ശീലിലവന്മാത്രമല്ലയീ
കുഞ്ഞിളം പൈങ്കിളിയൊപ്പമെത്തും
അവന്‍തീര്‍ക്കുമോര്‍മ്മതന്‍ ഓണനിലാവൊളി
ഈ തെരുവിന്‍റെ പെണ്ണിനും തന്നരോണം

Thursday, 12 September 2013

തേന്‍കൂട്

കാടായ കാടും താണ്ടി
പൂക്കളായ പൂക്കളില്‍ തലനീട്ടി
ഒരു ജന്മം കാത്തുവയച്ചൊരദ്ധ്വാനം

തന്‍റെ ഉമിനീരും
സ്വപ്നങ്ങളും
ചേര്‍ത്തുവച്ചൊരു
തേന്‍കൂട്

അതിനുള്ളില്‍
ഉറുമ്പരിക്കാതെ സൂക്ഷിക്കാന്‍
മെഴുകുതീര്‍ത്ത മറയ്ക്കുള്ളില്‍
തന്‍റെ പ്രാണക്കൂടുകള്‍

ലോകബോധത്താല്‍ മറയ്ക്കപ്പെട്ട
ആത്മബോധംപോലെ
അതിനുള്ളിലുറയുന്ന മധു

അദ്ധ്വാനത്തിന്‍റേയും
സ്വയം തികട്ടലിന്‍റേയും
സമാധിക്കൂടുകള്‍

അഹന്തയാകുന്ന
ജഡക്കൂടിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന ഗുരുവിലേക്കുള്ള
എത്തിപ്പെടല്‍

ഉറങ്ങാത്ത
ഉറക്കത്തിലെന്നപോലെ
ധ്യാനാവസ്ഥയില്‍
നിത്യസുഖമായ
പരമാനന്ദ മധു കണ്ടെത്തി
വീണ്ടുമൊരു തേന്‍കൂട്

ചുറ്റും പറക്കാന്‍ വിധിക്കപ്പെട്ട്
സുഖലോലുപതയുടെ
അലസന്മാരായ
ആണീച്ചകളുടെ
മഹാപ്രളയം

ഇനിയൊരുറവയറിയുംവരെ
ഗുരു സമാധിയിലാണ്

Wednesday, 11 September 2013

യുഗാവശിഷ്ടം

ഒരു മരം
മൗനംപേറിയ മനസ്സുമായ്
ഒറ്റക്ക്

കുന്തമുനകളുയര്‍ത്തി
തനിക്കിടം തന്നഭൂമിക്കൊരുകാവലായി
വീണ്ടുമൊരു തളിരിനായി
ആകാശത്തേക്ക്
മിഴിചേര്‍ത്ത്

കാറ്റ്
ഇലകളില്ലാത്ത മരത്തിനെ
ഇക്കിളികൂട്ടാനാകാതെ
വരണ്ടചുണ്ടുകളില്‍
മണല്‍ത്തരികളടര്‍ത്തി
മുത്തമിട്ടു

സംസാരദുഃഖത്തിന്‍റെ
വിഹ്വലതകള്‍ പേറി
ഒരു പാഴ്മരം

നിസഹായതയില്‍
ഒരുതണല്‍വിരി
പകര്‍ത്താനാകാതെ
നഖങ്ങളാഴ്ത്തി
ഈ താഴ്വരയിലിങ്ങനെ

പച്ചപ്പിന്‍റെ
ഇത്തിള്‍കൂട്ടങ്ങള്‍
നിലതെറ്റിയടര്‍ന്ന്
പൊള്ളിമാറിയ
ശിരോപടലങ്ങള്‍

വെളുത്തകൂണുകള്‍
വിറങ്ങലിച്ചദേഹത്തിലേക്ക്
മരണകച്ചവിരിച്ച്

ഒരിഴുകിച്ചേരലിന്‍റെ
അവസാന നിമിഷങ്ങളിലേക്ക്
ഇന്ദ്രിയസുഖങ്ങളുറങ്ങുകയായി
അത്മാവെന്ന സ്ഥിരോണര്‍ച്ചിയെ വിട്ട്

ചിന്തകള്‍
അടുക്കിയെടുത്ത ചരിത്രം
ഇനിപറയുമായിരിക്കും
ഒരു യുഗാവശിഷ്ടത്തിന്‍റെ
മരക്കഷണങ്ങള്‍ മൗനമായ
വഴിയിടങ്ങള്‍

Sunday, 8 September 2013

തേങ്ങല്‍

അത്തമിങ്ങെത്തിപകുത്തുകൊടുക്കുവാന്‍
പുഷ്പങ്ങളില്ലെന്‍റെ പുല്‍പരപ്പില്‍
ചേതനയറ്റുപിടയ്ക്കും ഉടലിലായ്
പൊന്തും മുകുളങ്ങളെത്ര പൂക്കള്‍
കൂടനിറയ്ക്കുവാനാവില്ല മക്കളേ
എന്നില്‍ തുടിക്കുന്ന നോവുമാത്രം
കാലമിരുട്ടിലുറക്കി കിടത്തിയ
നാടിന്‍റെ നന്മയീ നല്ലയോണം
തുമ്പവെളുപ്പില്‍ പുഴുക്കുത്തുവീണൊരാ
ചെമ്പക സന്ധ്യയെന്‍ മാറിടങ്ങള്‍
കേണുകരഞ്ഞു പദംപറയാനിനി
അരുവിയുമില്ലെന്‍റെ കണ്ണുകളില്‍
നീ കണ്ടപാടത്തിന്‍ വിളവിലുറയുന്ന
പുത്തരിക്കാലവും വിണ്ടുകീറി
ഇനിവരും നാളിലീ ഓണനിലാവുകള്‍
ഇരുളുകള്‍തീര്‍ക്കുന്നു എന്നിടത്തില്‍
ഞാനാകുംഭൂമിയീ ദുരിതങ്ങള്‍പേറുവാന്‍
തലചുറ്റിവീണ്ടും കറങ്ങിടുന്നു

Friday, 6 September 2013

കനിവ്

കരിഞ്ഞുണങ്ങുമീ അരിയവേനലിന്‍
കണ്ടെടുത്തൊരീ പ്രണയനൊമ്പരം
വിടര്‍ന്നുനില്‍പ്പതോ ചെറിയചില്ലയില്‍
തളര്‍ന്നുറങ്ങുമോ കുരുന്നു തളിരില

എന്‍റെ നോവുകള്‍ അടര്‍ന്നചില്ലകള്‍
പൊഴിഞ്ഞുവീഴുമോ പഴുത്തയീരില
പരന്നഭൂമിയില്‍ അലിഞ്ഞുചേരുമോ
വിടര്‍ന്നചുണ്ടിലെ മധുരമാകുവാന്‍

വിടര്‍ന്നമാറിലെ ഞരമ്പുപോലെയീ
ആഴ്ന്നവേരുകള്‍ കാര്‍ന്നെടുക്കുമോ
അഴുകിവന്നൊരാ കരള്‍ചുരത്തുകള്‍
അലിഞ്ഞനാരില സ്നേഹചാരുത

ഹൃദയധമനികള്‍ ചേര്‍ത്തുവയ്ക്കുമോ
ചുഴിഞ്ഞുചേര്‍ന്നോരാ അമൃതനീരിനെ
കാത്തിരിക്കുമോ പ്രപഞ്ചസ്നേഹമായ്
നിറഞ്ഞപച്ചില തണല്‍വിരിക്കുവാന്‍

നിറഞ്ഞപീലിപോല്‍ വിടര്‍ന്നുനില്‍ക്കുമോ
തലയുയര്‍ത്തിനീ എന്‍റെ ശിഖരമേ
ഒഴുകുംമേഘമായ് ഒളിഞ്ഞുനില്‍ക്കുമാ
മഴപ്പിറാവിനെ ചുരത്തിവീഴ്ത്തുവാന്‍

പറന്നുപായുമാ പറവകൂട്ടത്തെ
തടഞ്ഞുനിര്‍ത്തിയെന്‍ മാറിലേറ്റുവാന്‍
ചിറകകറ്റുനീ എന്‍റെ സ്വപ്നമേ
പുതിയഭൂമിതന്‍ പരവതാനിയായ്

സ്വപ്നത്തിലെ വേരുകള്‍

മുറിച്ചുമാറ്റുമീ ഹൃദയനൊമ്പരം
പടച്ചുവച്ചതോ കുറിയവേരുകള്‍
അടര്‍ന്നുപോകുമാ ചുവന്നമുത്തുകള്‍
പെറുക്കിവച്ചുഞാന്‍ അടഞ്ഞമിഴികളില്‍
കുഴിഞ്ഞപലകയില്‍ ഉരുണ്ടകുന്നികള്‍
തിരിച്ചറിഞ്ഞുവോ പഴയചിന്തുകള്‍
മിഴിക്കുകാവലായ് കറുത്തരേണുക്കള്‍
കുരുക്കിവയ്ക്കുമീ സ്വപ്നജാലകം
മനസ്സിനുള്ളിലായ് കോര്‍ത്തപീലികള്‍
ചിറകടര്‍ത്തിയോ കുഞ്ഞുതേങ്ങലായ്
കൊഴിഞ്ഞവേനലില്‍ പകല്‍ക്കിനാവുകള്‍
വാതില്‍ചാരിയോ മുഖമടര്‍ന്നപോല്‍
കടല്‍വിടര്‍ത്തിയ മണല്‍പരപ്പുകള്‍
കാര്‍ന്നുതിന്നുവോ തിരകളിപ്പൊഴും
പുതപ്പിനുള്ളിലെ കുഞ്ഞുശ്വാസമായ്
ഞാനുറങ്ങവേ വന്നുസ്വപ്നവും
പരമ്പുപാഞ്ഞൊരാ തോട്ടുവക്കിലായ്
ഭയന്നകുട്ടിയായ് പാഞ്ഞകലവേ
പുറകിലായൊരാള്‍ പാത്തുനില്‍ക്കുന്നു
പിന്നിലെത്തിയാ പുഴയില്‍തള്ളുവാന്‍
കാല്‍ഞരമ്പുകള്‍ പൊട്ടിമാറവേ
അരിയവേദന ഉടലിലെത്തുന്നു
സ്വപ്നജാലമീ മനസ്സിലെത്തവേ
പുളഞ്ഞുപിന്നയാ കിടക്കതന്നിലും
നുരഞ്ഞയാറ്റിലെ കലക്കവെള്ളത്തില്‍
താഴ്ന്നുപോയിഞാന്‍ പുതിയലോകമായ്
കുഞ്ഞുമീനുകള്‍ തീര്‍ത്തവര്‍ണ്ണമായ്
പുഴയ്ക്കടിയില്‍ഞാന്‍ നീന്തിനീങ്ങവേ
പറന്നുവന്നൊരാ കുഞ്ഞുകൊറ്റിയെന്‍
ഉടല്‍കവര്‍ന്നതോ പുതപ്പിനുള്ളില്‍ഞാന്‍
പറന്നചിന്തകള്‍ തെരഞ്ഞെടുക്കുവാന്‍
പുതിയസ്വപ്നമായ് വീണുറങ്ങിയോ

മനസ്സ്

കുറേ കാരമുള്ളുകള്‍
ഒന്നും കുത്തിനോവിക്കാനായി
കരുതിയതല്ല

എങ്കിലും
അവള്‍ വച്ചുനീട്ടിയപ്പോള്‍
മുറുക്കെപിടിച്ചു

നീണ്ടപകലുകള്‍ക്കൊടുവില്‍
ആ മുള്ളുകള്‍
എന്നെ തറച്ചുനിര്‍ത്തുന്ന
ആണികളായി

നിഴലും ശരീരവും
വനംകടന്നുപോകുമ്പോഴും
കുന്നിന്‍മുകളിലെ
വലിയ ആല്‍മരത്തില്‍
ഹൃദയം തറച്ചു വച്ച്
കാരമുള്ളുകള്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

മഴയിറ്റ് നിലാവടുത്തപ്പോള്‍
ചോരചിതറിയ നിലത്ത്
ചുവന്ന മഞ്ഞുകട്ടകള്‍

താഴ്വാരത്തില്‍
സൂര്യരേണുവിനൊപ്പമെത്തിയ
വെളിച്ചപ്പാട് വിറങ്ങലിച്ച്
പട്ടഴിച്ച് മുഖംപൊത്തി

ദൈവത്തിന്‍റെ
മൊഴിപറഞ്ഞവന്‍
ഭയന്നപ്പോള്‍ നഗ്നനായി

ചിലമ്പ് നാണിച്ച്
നിശബ്ദമായി

ഉടവാളിനാലിനിയൊരു പുല
ഛേദിച്ചെറിയുവാന്‍
മൂര്‍ച്ചപോര

Thursday, 5 September 2013

ദൈവം

ഒരു കാണല്‍
അത് സ്വാഭാവികമായിരുന്നു
മനസ്സടുത്തത്
സ്നേഹത്തൊടെയും,
മൊട്ടിട്ടത്
പ്രണയമറിഞ്ഞും.

ഒടുവിലൊരു താലി
ഒരു കുടുംബം
ഒരുതലോടല്‍
ഒരുസാന്ത്വനം
പങ്കുവയ്ക്കപ്പെടലുകള്‍,
പിന്നെപ്പോഴോ ഉണര്‍ന്ന കാമം
ഒടുവിലൊരു സുരതം

പഞ്ചഭൂതങ്ങളില്‍
നിര്‍മ്മിതമായ
ബ്രഹ്മാംശത്തിന്‍റെ ഉറവ

അതുപേറുന്ന ഗര്‍ഭം
പവിത്രസ്ഥാനം
ഉയിര്‍കൊള്ളന്ന പ്രാണന്‍
തുടിപ്പേറുന്ന സത്യം

ദൈവത്തിന്‍റെ ഭാരമറിയാത്ത
അംശവുംപേറി
ഒരു കാത്തിരിപ്പ്

സമാധിയില്‍ നിന്ന്
പുറത്തേയ്ക്ക്
മായയിലേക്ക്

വീണ്ടും ദൈവം
മനുഷ്യനാകുന്നു

ഉള്ളറിയാതെ
ഇന്ദ്രിയങ്ങളില്‍
ബലഹീനനനായി

ഒടുവിലെപ്പോഴോ
പഞ്ചഭൂതങ്ങളില്‍ അടങ്ങി
ദൈവമായൊരു തിരിച്ചുപോക്ക്

താനറിയാതെ
ഉടലറിയാതെ
മനസ്സറിയാതെ
എവിടെയൊ
തന്നെത്തന്നെതിരഞ്ഞ്
അലഞ്ഞൊടുങ്ങുന്നു.

Wednesday, 4 September 2013

ഓണമഹിമ

കേട്ടുപഠിച്ച പഴങ്കഥയ്ക്കുത്തരം
മാവേലിവാണൊരു നല്ലകാലം
മൂന്നടിമണ്ണിന്‍ കടങ്ങളെതീര്‍ക്കുവാന്‍
സുതലത്തിലായങ്ങുപോയരാജന്‍
വിപ്രനാംവിഷ്ണുവിന്‍ കാലടിയിങ്കലാ
ശിരസ്സുകുനിച്ചൊരാ പുണ്യഭൂവന്‍

ഈയുത്തരങ്ങളില്‍മിന്നുംമനസ്സിലായ്
ദേവാസുരത്തിന്‍റെ വൈരമേറേ
കശ്യപമഹര്‍ഷീടെ പത്നിമാരല്ലയോ
ദീതി അദിതിയുമെന്നുപേരില്‍
അവരുടെമക്കളായ് വന്നുഭവിച്ചവര്‍
അസുരദേവരാം രണ്ടുകൂട്ടര്‍

അസുരരാജനാം മാവേലിതന്നുടെ‌
കീര്‍ത്തിയാല്‍ രാജ്യങ്ങള്‍ വന്നടുക്കേ
സ്വര്‍ഗ്ഗത്തില്‍നിന്നുമാ ദേവഗണങ്ങളും
ഭ്രഷ്ടരായ് തീര്‍ന്നല്ലോ തന്നിടത്തില്‍
ബ്രഹ്മസഭയിലാ ദുരിതങ്ങള്‍ചേരവേ
പാടിപ്പുകഴ്ത്തുന്നു ശ്രീഹരിയെ

തത്വമഹിമയില്‍ ചൊല്ലിയകീര്‍ത്തനം
പ്രത്യക്ഷമാക്കിയാ ശ്രീഹരിയെ
ഏല്ലാമറിയുന്ന തത്വത്തിന്‍ പൊരുളുകള്‍
ദേവര്‍തന്‍ കാതിലായി ചൊല്ലിവച്ചു
ദുരിതകാലത്തിലാ ബലിയെജയിക്കുവാന്‍
സന്ധിയില്‍ചേരണം നമ്മളെല്ലാം

അമൃതുലഭിപ്പാനായ് പാലാഴിതന്നെയീ
കടയണം മന്ദരരപര്‍വ്വതത്താല്‍
വാസുകിരാജനെ കയറായങ്ങേറ്റീട്ട്
അസുരരോടൊപ്പം കടഞ്ഞിടണം
മഥനത്താല്‍കിട്ടുമാ വസ്തുക്കളൊന്നുമേ
ലോഭവുംക്രോധവും തീര്‍ത്തിടല്ലേ
ഒടുവിലായ്കിട്ടുന്ന അമൃതത്തെപൂകുവാന്‍
ഏറെക്ഷമിക്കണം നിങ്ങളപ്പോള്‍

മദനംതുടങ്ങിയാ നേരത്തിലായ്തന്നെ
ഹാലഹലമിങ്ങുവന്നണഞ്ഞു
കൈക്കുമ്പിള്‍നീട്ടിയാ വിഷംഭുജിച്ചിട്ട്
ലോകത്തെ രക്ഷിച്ചു ശൈലേശനും
പിന്നെലഭിച്ചവയൊന്നൊന്നായി പങ്കിട്ടു
ഋഷികള്‍ അസുര ദേവകളും
മദ്യവും പെണ്ണുമായ് ഏറെവിഭവങ്ങള്‍
കടഞ്ഞെടുത്തന്നവര്‍ കൂട്ടിവയ്ക്കേ
ധന്വന്തരിയില്‍ വിടരും കുസുമമായ്
അമൃതാകും കുംഭമൊന്നുടലെടുക്കേ
അപഹരിച്ചപ്പോഴെ അസുരഗണങ്ങളാ
കുംഭത്തെ തങ്ങള്‍ക്കായ്മനസ്സിനുള്ളില്‍
പെട്ടെന്നുവിഷ്ണുവാസ്ത്രീരൂപം കൈകൊണ്ട്
തട്ടിപ്പറിച്ചതു ദേവകള്‍ക്കായ്

അമ‍തുഭൂജിപ്പവര്‍ ജരകളൊഴിഞ്ഞിട്ട്
യൗവനരൂപരായ് മണ്ടിനില്‍ക്കേ
മായയകള്‍തീര്‍ത്തൊരാ അസുരഗണങ്ങളും
യുദ്ധത്തിന്‍ പോര്‍വിളി ചേര്‍ത്തുവയ്ക്കേ
യുദ്ധത്തിനുള്ളിലാ വിഷ്ണുവുമെത്തിയീ
ദേവര്‍ക്കു പിന്തുണ നല്കിയേറെ
ചക്രായുധത്തിനാല്‍ ക്ഷീണതനാക്കിയാ
മാവേലിമന്നനെ യുദ്ധഭൂവില്‍

മൃതസഞ്ജീവനിവിദ്യയാല്‍ പിന്നങ്ങു
രക്ഷിച്ചുമന്നനെ ശുക്രര്‍ഷിയും
വര്‍ദ്ധിച്ച ശക്തിയാല്‍ സ്വര്‍ഗ്ഗത്തെതന്നെയും
തോല്‍പിച്ചുമാവേലിരാജനായി

മൂന്നുലോകങ്ങളും കാല്‍ക്കലായ് ചേര്‍ത്തിട്ടു
മാവേലി നാടങ്ങുവാണകാലം
അശ്വമേധത്തിന്‍റെ ദാനത്തിലന്ത്യമായ്
വിപ്രനാം വേഷത്തില്‍വിഷ്ണുവെത്തി
ദാനത്തില്‍നേടിയാ മൂന്നുലോകങ്ങളും
മാവേലിചേര്‍ത്തൊരഹന്തയേയും

ഇന്ദ്രിയമോഹങ്ങളെല്ലാം ജയിച്ചവന്‍
അറിയുന്നു താനെന്ന ബ്രഹ്മരൂപം
നമ്മളുമീവോണ ശീലുകള്‍പാടുമ്പോള്‍
അറിയുക നമ്മള്‍തന്‍ നന്മകളെ
തിന്മനിറഞ്ഞൊരീ അര്‍ത്ഥത്തെപൂകുവാന്‍
എന്തിനുനാമിന്നലഞ്ഞിടുന്നു
സത്യംജയിപ്പതിനുള്ളില്‍ നിറയ്ക്കണം
വെണ്‍മയാം ഉണ്മതന്‍ പൂക്കളങ്ങള്‍

മുഖം

ഞാനെന്‍റെ മുഖമൊന്നു
കണ്ണാടിയില്‍നോക്കി

ഒരു ഏക‍ദേശവൃത്തത്തിനുള്ളില്‍
കുറേകോപ്രായങ്ങള്‍

കണ്ണുണ്ടുപോലും
കാണാവുന്നതേ കാണാവു
എന്നറിയാത്ത രണ്ടെണ്ണം

നാവുണ്ടുപോല്‍
പറയാവുന്നതേ പറയാവൂ
എന്നറിയാത്തത്ര നീളത്തില്‍

കാതുണ്ടുപോല്‍
കേള്‍ക്കാവുന്നതേ കേള്‍ക്കാവു
എന്നറിയാതെ വട്ടംപിടിച്ച്

മൂക്കുണ്ടുപോല്‍
മണമറിഞ്ഞും അറിയാതെയും
ശ്വസിച്ചുകൊണ്ട്

പ്രാണനെടുക്കുന്നതും
പ്രാണനകത്തുന്നതും
ഈ മുഖത്തിലൂടെ തന്നപോല്‍

എന്‍റെ പേരില്‍ മറ്റൊരാള്‍
ചേര്‍ത്തുവച്ചതും
ഈ മുഖത്തെഴുത്താണുപോല്‍

അപ്പൊ ഞാനാര്
മുഖത്തില്‍ നിന്നകന്ന്
ബുദ്ധിയില്‍ ലയിച്ച്
മനസ്സിലലഞ്ഞ്

ഹോ, ഒന്നു സ്പര്‍ശിച്ചറിയുന്നതിനുമുമ്പ്
കണ്ണാടി എന്‍റെ അഹന്തയുംകൊണ്ട്
കടന്നുകളയുന്നു

ഓണം ഒരോര്‍മയില്‍

ഒരു കുമ്പിള്‍കോട്ടിയെന്‍
അമ്മ വിളമ്പിയ
കഞ്ഞിപ്പുഴുക്കിന്‍റെ സ്വാദറിഞ്ഞു

ഏറുമാടത്തിലായ്
കാത്തുവയ്ക്കുന്നൊരൊ
വിളവിന്‍റെ കാവലാളെന്‍റെയച്ഛന്‍

മുളംതണ്ടുകൊണ്ടൊരു
പീപ്പിയുമൂതിഞാന്‍
പാടവരമ്പത്ത്
കാത്തിരിക്കേ

കരിയുള്ളമണ്‍കലം
ഒക്കത്തൊതുക്കിയെന്‍
അമ്മവരണുണ്ട്
പെങ്ങളൊപ്പം

കിന്നരിപാവാട
തുഞ്ചത്തില്‍ ചന്തമായ്
കുഞ്ഞിളം കാല്‍തള കിലുങ്ങണുണ്ട്

ഓലക്കാല്‍ വളച്ചതില്‍
തുമ്പില കുമ്പിളായ്
അമ്മ വരമ്പില്‍ പടക്കണുണ്ട്

മുട്ടോളമെത്തും
തൊളിയുമായെന്‍റച്ഛന്‍
പാടവരമ്പത്തിരിക്കണുണ്ട്

അരികിലായിരിക്കണ
കുഞ്ഞനുജത്തിയെ
കിന്നാരംചൊല്ലി കിണുക്കണുണ്ട്

ഓലയില്‍ ഞാന്‍തീര്‍ത്ത
പമ്പരമൊന്നിനെ
അവളുടെ കൈയ്യിലായ്
ഞാന്‍കൊടുത്തു

പീപ്പിയില്‍ ഞാന്‍ ചേര്‍ത്ത
ശ്രുതികളിന്‍ താളത്തില്‍
കുഞ്ഞിക്കൈ മെല്ലെക്കറക്കണുണ്ട്

പൂട്ടിയൊരുക്കിയ
പാടത്തിലൊക്കെയും
കൊറ്റികള്‍ കുന്തിച്ചു നില്‍ക്കണുണ്ട്

ഈയൊരു വിളവിന്‍റെ
ഉത്സവമാകുമ്പോള്‍
ഓണമിങ്ങെത്തുന്നു എന്‍റെവീട്ടില്‍

ചാണകത്തറയിലെ മൂലയിലെന്‍റമ്മ
പുഴുങ്ങിയനെല്ലേറെ ഉണക്കണുണ്ട്

മുറ്റത്തൊരുകൊച്ചു അത്തക്കളത്തിലായ്
പുഷ്പങ്ങള്‍ വാരിവിതറണുണ്ട്

ഇന്നല്ലൊയെനിക്കുമെന്‍
കുഞ്ഞനുജത്തിക്കും
പുത്തനുടുപ്പുകള്‍ കിട്ടണത്

ഇന്നല്ലോ ഞങ്ങടെ
കുഞ്ഞിറയത്തില്‍
ഇലയിലായ് സദ്യവിളമ്പണത്

അച്ഛനുമമ്മയും
ഞങ്ങളുമൊരുമിച്ചാ
പുത്തരി ചോറുണ്ടിരിക്കണത്

ഇന്നല്ലോ പൊന്നോണം
മാവേലിത്തമ്പുരാന്‍
ഈ മണ്‍കുടിലിലുമെത്തണത്

നാളെയുമെന്‍റെച്ഛന്‍
പാടവരമ്പത്ത്
കുമ്പിളില്‍ കഞ്ഞിക്കുടിക്കണത്

ഇനിയെന്‍റെ ചിന്തയില്‍
അമ്മതന്‍ വാത്സല്യം
ഏറെ പഴങ്കഥയായിടുന്നു

Monday, 2 September 2013

തൊട്ടാവാടി

വല്ലാത്ത നാണം
ഞാനൊന്ന് തൊട്ടതേയുള്ളൂ
കണ്ണടച്ച്, പതിയെ
മുഖം കുനിച്ചിരിക്കുന്നു

ഈ തൊട്ടാവാടി മാത്രം
എന്തേ ഇങ്ങനെ

അവള്‍ക്കും എന്നും
തൊട്ടാവാടിയെ
ഇഷ്ടായിരുന്നു

കുഞ്ഞാടിനായി
അവപറിച്ചെ‌ടുക്കുമ്പോള്‍
മൊട്ടുകള്‍ നുള്ളിയെടുക്കുക
അവളുടെ ശീലമായിരുന്നു

ചേമ്പിലകുമ്പിളില്‍
തുമ്പയും തെച്ചിക്കുമൊപ്പം
പറിച്ചുകൂട്ടിയ
തൊട്ടാവാടിമൊട്ടുകള്‍
അത്തക്കളത്തില്‍
വിടര്‍ന്നു നില്‍ക്കുന്നത്
ഇന്നുമെന്‍റെ ഓര്‍മയില്‍

പാവാട ഒതുക്കിവച്ച്
ഞാനുണ്ടാക്കിക്കൊടുത്ത
അത്തതിട്ടയില്‍
ചാണകം വടിച്ചെടുക്കുമ്പോള്‍
അവളുടെ പുഞ്ചിരിക്കപ്പുറം
പുഴുപ്പല്ലുകള്‍
എന്നെപരിഹസിക്കാറുണ്ട്

പിന്നെപ്പോഴാണെന്നറിയില്ല
അവളുടെ കുപ്പിവളകള്‍
ഊഞ്ഞാല്‍ത്തറയില്‍
ഉടഞ്ഞുവീണത്

ഒരു നിമിഷം നില്‍ക്കാന്‍
സമയമില്ലാതെ കറങ്ങുന്ന
ഘടികാര സൂചിപോലെ
സമയപാതയില്‍
ഞാനും

തിരിച്ചെത്തുമ്പോഴേക്കും
കൈയ്യെത്താ അകലത്തില്‍
അവള്‍ പോയിക്കഴിഞ്ഞിരുന്നു

നിശബ്ദതയുടെ
നിമിഷഗോപുരങ്ങള്‍
എനിക്കു സമ്മാനിച്ച
ഓര്‍മകളില്‍

ഒരു കളിക്കൂട്ടുകാരിയും
കുറേ സ്വപ്നങ്ങളും
നിറമങ്ങിയ കാഴ്ചകളായി
വിണ്ടുകീറിയ പാടങ്ങളില്‍
ഒരു മഴത്തുള്ളിക്കായി
കാത്തിരിക്കുന്നു

ഇനിയൊരു മഴ
അതെന്‍റെ മനസ്സിലേക്ക്
ഒരരുവിയായി
ഒഴുകിയെത്തുമോ?

അത്തക്കളത്തിലേക്ക്
തുമ്പയും തെച്ചിയും
തൊട്ടാവാടിയും തേടിയൊരുയാത്ര

ഒതുക്കുകല്ലുകള്‍ ചവിട്ടി
ഉമ്മറവാതിലില്‍
മകന്‍റെ കൈപിടിച്ചെത്തുമ്പോള്‍
അവള്‍ ചിരിക്കുന്നുണ്ടായിരുന്നു

മിന്നുന്ന പ്രകാശത്തില്‍
ചില്ലുകൂടിനകത്ത്

മയക്കത്തില്‍ നിന്ന്

വിയര്‍പ്പിന്‍കണങ്ങള്‍
എന്‍റെ നെറ്റിമേല്‍പതിപ്പിച്ച
ബാഷ്പമണികള്‍

നിലാവിന്‍റെ
ചെറുനിഴല്‍ സ്പര്‍ശത്തില്‍
പറന്നെത്തിയ
മഞ്ഞുകണംപോലെ

ഇതൊരോര്‍മ്മപെടുത്തലാവാം
നിന്നിലേക്കുള്ള ദൂരം
വളരെ അകലയല്ലാന്നുള്ള
ഓര്‍മപ്പെടുത്തല്‍

കാവല്‍ നില്‍ക്കുന്ന
മിടിപ്പിന്‍റെ യന്ത്രങ്ങള്‍

പ്രാണനൊരു മറുപ്രാണന്‍തന്ന്
പ്രാണധമനി

വളപ്പൊട്ടുപോലെ
മനസ്സിലേക്ക് കടന്നുവരുന്ന
ഓര്‍മകളിലേക്ക് മിഴിതാഴ്തി
കുറേ നിമിഷങ്ങള്‍

പാടവരമ്പത്തെ
പ്ലാവിലവണ്ടിയിലേക്കൊരൂളിയിടല്‍

മടയിലെവിടെയോ
ഒളിഞ്ഞിരിക്കുന്ന
ഞണ്ടിനെ ഓണപ്പുല്ലില്‍
കുടിക്കിയെടുക്കുന്ന കുസൃതി

കൈയ്യിലെടുത്ത് കാലില്‍
ഈര്‍ക്കില്‍ കുരുക്ക്
മുറുക്കുമ്പോള്‍
കൊറുംകാലുകൊണ്ടുള്ള
അവന്‍റെ കടിയില്‍
വേദനിച്ച ബാല്യം

ആ വേദന
എന്‍റെ ഹൃദയത്തിലേക്ക്
അരിച്ചിറങ്ങുന്നു

ചുണ്ടുകളില്‍
മരണത്തിന്‍റെ
തണുത്ത വിരല്‍പ്പാടുകള്‍

ഹൃദയത്തില്‍ നിന്നൊരു വെളിച്ചം
കണ്ണിലൂടെ പുറത്തേക്ക്

അതറിഞ്ഞാവണം
ആ യന്ത്രവും
നിര്‍ത്താതെ കരഞ്ഞത്

Sunday, 1 September 2013

അവസാനമൊഴി

കുടുക്ക്
അതിന്‍റെ വായ്
എനിക്കൊരു
കണ്ഠാഭരണം

ആരാച്ചാര്‍
മുഖത്തണിയിച്ച
കറുത്തതുണി
തടവറയില്‍നിന്ന്
തൂക്കുമരത്തിനടുത്തേക്കുള്ളദൂരം
ഇരുട്ടില്‍ ലയിപ്പിച്ചു

ഞാനവരെ
കൊന്നതെന്തിനാണെന്ന്
ഇതുവരേയും ആരോടും
പറഞ്ഞിരുന്നില്ല

ആ അവസാനമൊഴി
ഇന്നവസാനിക്കും
ഞാനൊരു ദോഷവും
ചെയ്യാത്ത അയാള്‍
എന്നെ തൂക്കിലേറ്റും

കൊല്ലുമ്പോള്‍
മരണവെറിയായിരുന്നു

പലയിടത്തായി
ഒളിച്ചിരുന്ന്
പ്രാണനപഹരിക്കുമ്പോള്‍
ഞാന്‍കേട്ടത്
ഒരു ശബ്ദംമാത്രം

പ്രണയത്തിന്‍റെ
പൂമൊട്ടായി അവളെന്നെ
എല്പിച്ചുപോയ
ചോരക്കുഞ്ഞിന്‍റെ
പാല്‍മണക്കാത്ത
രോദനം

പതിനാലുവര്‍ഷം
നെഞ്ചോടുചേര്‍ത്ത മകളുടെ
അവസാനശ്വാസത്തിന്‍റെ
തുടിപ്പ്

അവളുടെ ശരീരത്തോടൊപ്പം
വിറങ്ങലിച്ച മനസ്സ്
കണ്ടെത്തുകയായിരുന്നു

ലഹരിയുടെ ദുരയില്‍
പിഞ്ചുബാല്യം വലിച്ചുകീറപ്പെടുന്ന
കൈയ്യുകളെ

മനസ്സുപതറാതെ
കൊന്നുതീര്‍ക്കുമ്പോള്‍
ഞാനറിയുകയായിരുന്നു
ചോരയുടെ മണം

ഈ മൊഴി
പറയാതെ പറഞ്ഞതാണ്
എന്‍റെ മനസാക്ഷ്യയോട്

എനിക്കു സ്വന്തമായി
ഇപ്പോഴവശേഷിക്കുന്നത്
അവന്‍മാത്രം

കുടുക്കെടുത്ത
ശരീരം താഴെ
അരാലും ഏറ്റടുക്കപ്പെടാതെ
അനാഥമാകുമ്പോള്‍
ഒപ്പിടേണ്ടത്
അവന്‍മാത്രമാണല്ലോ?

Friday, 30 August 2013

വഴിപോക്കന്‍


www.nizhalumnjanum.com
ഞാന്‍ വെറുമൊരു 
വഴിപോക്കനായിരുന്നു

അപ്പോഴാണ് 
തെരുവില്‍ വലിച്ചെറിയപ്പെട്ട
കുരുന്നിനെ കണ്ടത്

ഞാനവളുടെ അവകാശിയായി
അവള്‍ക്കായി,
അവളെപ്പോലുള്ളവര്‍ക്കായി
അലമുറയിട്ടു

എന്‍റെ യാത്രകളില്‍
അവരെ ചേര്‍ത്തുപിടിച്ചു

അടുത്തെവിടെയോ വച്ച്
മറ്റൊരാളെകണ്ടു
പിച്ചിചീന്തപ്പെട്ട
മാംസവുംപേറി
ദിക്കുതെറ്റി,

അവളെ
ജീവിതസഖിയാക്കി
എന്‍റെയാത്ര പിന്നെ
അവളോടൊപ്പം
മാനഭംഗംചെയ്യപ്പെട്ട
ഇരകളെത്തേടിയായി

സാന്ത്വനവഴികളില്‍
വീണ്ടും കണ്ടു കുറേപ്പേരെ
വികലാംഗരെ
ചൂഷണംചെയ്യപ്പെടുന്നവരെ
വൃദ്ധരെ, അറിയില്ല
നിലക്കാത്തൊരൊഴുക്ക്
പുറന്തള്ളപ്പെട്ടവരുടെ

എന്‍റെ തോള്‍
കഴച്ചുതുടങ്ങിയിരിക്കുന്നു

ഭാരമിറക്കിവയ്ക്കാന്‍
കുറുക്കുവഴികള്‍തേടി

ഒടുവില്‍
ഞാനൊരെഴുത്തുകാരനായി
വിലപിക്കുന്നവര്‍ക്കായി
വിരല്‍ത്തുമ്പില്‍
സ്വര്‍ണ്ണപ്പേന
തിരുപ്പിടിപ്പിച്ച്

ശീതീകരിച്ചമുറിയില്‍
പുറമറിയാതെ

Thursday, 29 August 2013

ഇനിയും ഞാനിഴയേണ്ടതുണ്ട്

ഞാന്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു

നന്മതേടിയുള്ള യാത്ര ഇത്ര
ദുര്‍ഘടമാകുമെന്ന് 
ഞാന്‍ കരുതിയിരുന്നില്ല

കാല്‍ മുട്ടുകള്‍ വേദനിക്കുന്നു
എത്ര കുമ്പസാരക്കൂടുകളില്‍
മുട്ടുകുത്തിയതാണ്

വഴികള്‍
ഇതാവുമെന്ന തോന്നല്‍
എത്തിച്ചിടങ്ങളെല്ലം
അഴുക്കു ചാലുകള്‍
മാത്രമായിരുന്നു

അതല്ല ഞാന്‍
കണ്ടെത്തിയത്
അതുമാത്രമായിരുന്നു

എന്‍റെ ഉള്ളിലുള്ളതല്ലേ
എനിക്ക് തേടാന്‍ കഴിയൂ

വിശക്കുമ്പോള്‍
അമ്മകുടുക്കഴിച്ചു
വിളമ്പിയ ആ പാലമൃതില്‍ മാത്രമേ
ഞാന്‍ അഴുക്കു കാണാതുള്ളൂ

അന്നെനിക്കുണ്ടായിരുന്ന
ഹൃദയം എവിടേക്കു
നാടുകടത്തപ്പെട്ടു

പ്രണയിനിയുടെ നാഭിയില്‍
മുഖം ചേര്‍ത്ത് ഉള്ളിലെ
ഭ്രൂണത്തിന്‍റെ ചലനമറിഞ്ഞപ്പോള്‍
രണ്ടു ഹൃദയങ്ങള്‍
എനിക്കായ് തുടിക്കുകയായിരുന്നു

അവര്‍ കാതോര്‍ത്തത്
എന്‍റെ ഹൃദയമിടിപ്പിനുവേണ്ടിയായിരുന്നു

വഴിപിരിഞ്ഞ ഹൃദയത്തിലെ
അശുദ്ധരക്തം
എന്‍റെ മസ്തിഷ്കത്തിലേക്ക്
ഇരച്ചുകയറിയപ്പോള്‍
ഭ്രാന്തിന്‍റെ ചങ്ങലകള്‍
എന്നിലേക്കു പടര്‍ന്നുകയറുകയായിരുന്നു

ഇനിയും ഞാനിഴയേണ്ടതുണ്ട്
തള്ളവിരലും, കാല്‍മുട്ടും
ഉരഞ്ഞുതീരുംവരെ
നന്മതേടിയുള്ള യാത്രയില്‍
ഹൃദയത്തില്‍നിന്ന്
അഴുക്കുമാറ്റി
മനോവികാരങ്ങളെ ബന്ധിക്കാന്‍

തിരിച്ചറിവ്

അവന്‍റെ കണ്ണു ഞാന്‍
കുത്തിയുടച്ചു

നിശബ്ദതയുടെ
താഴ്വാരങ്ങളില്‍
ഒരുകൂവലിന്
വീണ്ടുമാരും പണിപ്പെട്ടില്ല

എന്‍റെ കൈയ്യില്‍
ആയുധങ്ങളുണ്ടായിരുന്നു

പറന്ന പക്ഷികള്‍
അവരറിയാതെ
തൂവലുകള്‍കൊണ്ട്
നാണം മറച്ചു

കണ്ണുപൂട്ടി
ഇരുളുതേടി

പുഴക്കരയിലെ
വെള്ളിവെളിച്ചത്തില്‍
പുഴയില്‍ക്കണ്ട
പ്രതിരൂപത്തെ
കല്ലെറിഞ്ഞോടിച്ചു

മുറിയിലെത്തി
നിലക്കണ്ണാടിയെ തല്ലിയുടച്ചു

അപ്പോഴും
എന്‍റെ നഗ്നത
ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു

നിശബ്ദന്‍

നിറഞ്ഞൊഴുകുന്ന 
ഭണ്ഡാരത്തിനെ നോക്കി
കൈയ്യുംകെട്ടി അവനിരുന്നു

പെട്ടന്നൊരാള്‍ അകത്തുകയറി
കതകടച്ച്
അവന്‍റെ കിരീടം പറിച്ച്
മാലയൂരി
പുടവയഴിച്ചെറിഞ്ഞു

അയാള്‍ വായ്തോരാതെ
അലയ്ക്കുന്നുമുണ്ട്

കതകടച്ചോപ്പോഴുണ്ടായ ഇരുട്ടില്‍
കണ്ണുചിമ്മുന്ന കല്‍വിളക്ക്
കറുത്തപുക
മുഖത്തേക്കൂതി

വന്നയാള്‍ ഉറക്കെ
എന്തോ പറഞ്ഞ്
നല്ലെണ്ണതലയിലൊഴിച്ച്
കൈപ്പത്തികൊണ്ടുഴിഞ്ഞു

ഈ വെളുപ്പാന്‍കാലത്ത്
തണുത്തവെള്ളം
തലയിലേക്കിറ്റുമ്പോള്‍
അവന് ഒന്നു
വിറയ്ക്കണമെന്നുണ്ടായിരുന്നു

വന്നവനെ ഭയന്ന്
അനങ്ങിയില്ല

പിന്നെ നെയ്യൊഴിച്ച്
തേനൊഴിച്ച്
പാലൊഴിച്ച്
ഹോ വയ്യ
ഒരൊട്ടല്‍ പുറത്ത്

പിന്നെയും ധാരയായി
നക്ഷത്രങ്ങളെണ്ണി
തണുത്തവെള്ളം

ഒടുവില്‍ പനനീര്‍
ഇതിനിടയിലെപ്പോഴോ
ഈഞ്ചകൊണ്ടോരു
തേയ്പ്പും

തണുത്തുറഞ്ഞ
മുഖത്തിനുമീതെ
ചന്ദനത്തിന്‍റെ കുളിര്

അയാള്‍ വരയ്ക്കുകയാണ്
അവന്‍റെ മുഖം
അയാളുടെ ഇഷ്ടത്തിന്

പട്ടുടുപ്പിച്ച്
കിരീടം വയ്പിച്ച്
ഹാരം ചാര്‍ത്തി
ഇനി വൈകുവോളം
അതും ചുമന്ന്
അവനിരിക്കണം

അയാള്‍ അവിടുള്ള എല്ലാ
വിളക്കുകളിലും തീപടര്‍ന്നു

കുളിര് അസഹ്യമായ
ഉഷ്ണത്തിനുവഴിമാറി

മുഖത്ത് കുന്തിരിക്കം പുകച്ച്
സാമ്പ്രാണി കത്തിച്ച്
കാതുതകരുമാറ്
മണിമുഴക്കി

വാതില്‍തുറന്ന്
അവന്‍റെ കോലം കാണിച്ച്
നാട്ടുകാരെ നിര്‍വൃതികൊള്ളിച്ചു

ഒന്നും മിണ്ടാനാകാതെ
അയാളുടെ വായത്താരിയില്‍
അവന്‍മയങ്ങി

അപ്പോഴും
വെളിയിലും തട്ടത്തിലും
നാണയത്തുട്ടുകള്‍
കിലുങ്ങുന്നുണ്ടായിരുന്നു.

ഓണമിങ്ങെത്തി

ഓണമിങ്ങെത്തി നീയെന്തേപെണ്ണേ
ഓണനിലാവൊളിചൂടിടാത്തു
ആകാശക്കോണിലെ ആമ്പല്‍ത്തറയിലെ
ആകാശപൊന്‍തിങ്കളെവിടെയാണോ
താരകള്‍ചന്തത്തില്‍ നൃത്തം ചവിട്ടുന്ന
താരാപഥങ്ങളുമെങ്ങുപോയി
തുമ്പികള്‍ പാറുന്ന ആകാശക്കീഴില്‍നീ
തുമ്പപ്പൂകൊണ്ടൊരു കളം വരക്ക്
നീയെന്‍റെ പ്രണയത്തില്‍ തെച്ചിപ്പൂ ചൂടിച്ച്
നയനമനോഹരഗാനംതീര്‍ക്ക്
ആലോലമൂഞ്ഞാലിലാടിവന്നെത്തീനീ
ആലിപ്പഴത്തിന്‍റെ കുളിരുതേട്
തിരുവോണനാളിലാ പുടവയും ചൂടിനീ
തിരുവാതിരപ്പാട്ടിന്‍ പദങ്ങളാട്
ഇനിയൊരുരാവില്‍ നീയെന്‍റെ ജീവനില്‍
പനിമതിപോലങ്ങുറഞ്ഞിറങ്ങ്
പ്രിയേ നിന്‍വാക്കുകള്‍ ചുമ്പിച്ചുണര്‍ത്തുമ്പോള്‍
പ്രിയമോടെ ഓണമിങ്ങെത്തിടുന്നോ

സ്നേഹിതരുടെ പട്ടിക

ആദ്യത്തേതില്‍
ഞാന്‍കണ്ടത് മുഖം വടിച്ച്
മിനുങ്ങുന്ന കവിള്‍ത്തടങ്ങളില്‍
മുട്ടിനില്‍ക്കുന്ന പൗരുഷം

പിന്നെ നീട്ടിവളര്‍ത്തിയ തലമുടി
അലക്ഷ്യമായി വലിച്ചെറിഞ്ഞ
നെറ്റിത്തടങ്ങള്‍

തന്‍റെ മുഖം വെളിച്ചം കാട്ടാതെ
തുടുത്ത മുഖങ്ങള്‍
വെട്ടിയൊട്ടിച്ച മറ്റുചിലര്‍

കുഞ്ഞിനെ
പടമായിച്ചേര്‍ത്ത്
പിന്നില്‍ പ്രണയം പേറുന്ന
മറ്റുചിലര്‍

ചിലര്‍ രൗദ്രഭാവങ്ങള്‍
ചേര്‍ത്ത് ശാന്തവും
ഒടുവില്‍ കരുണവും
ആടിത്തീര്‍ക്കുന്നു

ഒടുങ്ങാത്ത പക
ഉള്ളിലൊളിപ്പിച്ച്
പെണ്ണെഴുത്തിന്‍റെ
മൊത്തവില്പനക്കാര്‍

താനെന്ന പുരുഷന് കീഴെ
മാത്രമാണ് പ്രപഞ്ചമെന്ന്
വൃഥാ സ്വപ്നം കാണുന്നവര്‍

പ്രായം കുഴിക്കരെ
കാലുനീട്ടുമ്പോഴും
കുഞ്ഞുപെണ്ണിനോട്
പ്രണയശീലുകള്‍ പാടുന്ന
വൃദ്ധരായ കാമുകര്‍

പിന്നെ രക്ഷകരായി
സ്ത്രീയേയും പുരുഷനേയും
ചിറകിലൊതുക്കുന്ന
രക്ഷാധികാരികള്‍

ഉപദേശത്തിന്‍റെ
മാറാപ്പില്‍
തന്‍റെ ജാലം
അതീന്ദ്രിയമായി
കാഴ്ചവയക്കുന്നവര്‍

പിന്നാമ്പുറത്ത്
അനുഭവിക്കുന്ന വേദനകള്‍
ചിരികൊണ്ടു മൂടുന്നവര്‍

ഇവിടെ ഞാനുമെന്‍റെ
സുഹൃത്തിനെത്തേടുന്നു

അസ്ഥിത്വം നഷ്ടപ്പെട്ട്
മുഖത്തെ അടയാളങ്ങള്‍
തേച്ചുമിനുക്കി
ഒരു പവിത്രനായി
ഞാനും

ദിശയറിയാതെ
കത്തുന്ന മെഴുകുതിരിനാളത്തിലെ
സ്വാഹയായി

Wednesday, 28 August 2013

വേഷപ്പകര്‍ച്ച

വേഷപ്പകര്‍ച്ചയില്‍ ഞാന്‍ കണ്ടതൊക്കെയും
ഇരുട്ടിന്‍റെ ജല്പനമായിരുന്നോ?
ഇന്നുഞാനിന്നുഞാന്‍ കണ്ടകിനാവുകള്‍
മായതന്‍ സൃഷ്ടികളായിരുന്നോ
നോവുകള്‍ മായ്ക്കുന്ന കൂരിരുള്‍ ബിംബത്തെ
നേരിന്‍റെ പകലുകള്‍ കട്ടെടുത്തോ
എന്നിലുറങ്ങും മനസ്സാക്ഷിയൊന്നിനെ
നിഴല്‍വീണ കണ്ണുകള്‍ കണ്ടെടുത്തോ
സന്ധ്യകള്‍ചാലിച്ച കുങ്കുമവര്‍ണത്തില്‍
കല്‍‍വിളക്കൊന്നങ്ങു കത്തിനില്‍ക്കേ
ഉള്ളില്‍ പിടയ്ക്കും തിരകള്‍ക്കു താഴയാ
കത്തും പ്രകാശവും താണുപോയി
അങ്ങകലത്തായി കറങ്ങും ചുഴികളില്‍
ജീവിതവള്ളം തുഴഞ്ഞുനില്‍ക്കേ
കരകളെ സ്പര്‍ശിക്കും ചുംബനക്കതിരുകള്‍
പ്രണയത്തിന്‍ നോവുകള്‍ കാത്തുവച്ചു
ഇതളറ്റപൂവുകള്‍ ചിറകറ്റശലഭത്തെ
പട്ടുകള്‍കൊണ്ടങ്ങു മൂടിവയ്ക്കേ
പുതിയകിനാവുകള്‍ തേടിയാമൊട്ടുകള്‍
ചെടിയിലായ്ത്തന്നങ്ങു പുനര്‍ജനിച്ചു
തന്നില്‍ തുടിക്കും മധുവിന്‍റെ പാത്രമാ
തുമ്പിക്കുവേണ്ടി പകുത്തുവച്ചു
നാളെപുലര്‍കാലെ മഞ്ഞിന്‍ കുളിര്‍കണം
ചൂടുന്ന പൂവായ് പരിലസിക്കേ
മൂളുന്ന കാറ്റിന്‍റെ ശീലിലായ് നറുമണം
ചേര്‍ത്തുനീ വണ്ടിനായ് ദൂതയയ്ക്കും
അപ്പോള്‍നീ കാണും കിനാവിലെന്‍ പ്രണയവും
നിത്യസത്യത്തിന്‍റെ ഗീഥ പാടും
മരണമില്ലാത്തൊരാ പ്രണയത്തിന്‍ ജാലങ്ങള്‍
വേഷപകര്‍ച്ചയില്‍ വീണ്ടുമാടും

Tuesday, 27 August 2013

എന്‍റെ കണ്ണന്‍

നീയെന്‍റെ കണ്ണനെ കണ്ടോ കാറ്റേ
നിന്നിലെ നാദമായ് ചേര്‍ന്നവനെ
പുല്ലാങ്കുഴലിന്‍റെ മാസ്മരസ്പര്‍ശത്താല്‍
നിന്നിലെ ഈണമായ് തീര്‍ന്നവനെ
നിന്നുടെ തഴുകലെന്‍ മനസ്സിന്‍റയുള്ളിലായ്
അവനുടെ ചിത്രങ്ങള്‍ കാഴ്ചവയപ്പൂ
നിന്നില്‍ നിറയുന്ന പൂക്കള്‍തന്‍ തേന്‍മണം
എന്നുടെ കണ്ണന്‍റേതായിരുന്നോ
പ്രാണനായ് നീ നില്‍ക്കും ജീവജാലങ്ങളില്‍
എന്നുടെ കണ്ണന്‍ നിറഞ്ഞിരുന്നോ
എന്നുടെ പ്രണയത്തെ പുഞ്ചിരികൊണ്ടവന്‍
ചുണ്ടിലെ രാഗമായ് കോര്‍ത്തുവയ്പൂ
പീലികള്‍ ചൂടിയ തിരുമുടിതന്നിലെ
അണിവാകപൂവിനെ ഞാനറിഞ്ഞു
ബ്രഹ്മമാം ലോകത്തിനുള്‍ത്തുടിപ്പാകുവാന്‍
സത്യത്തിന്‍കണികയായവനിരിപ്പൂ
എന്‍മനക്കാമ്പിലെ യുദ്ധത്തിന്‍മൊട്ടുകള്‍
നുള്ളിക്കളയുന്ന പ്രാണനവന്‍
പതിനാറായിരം രാഗത്തെചേര്‍ത്തവന്‍
ഭൂമിതന്നാത്മാവുമായിടുന്നു
ഞാനെന്ന സത്യത്തെ തേടിയറിയുവാന്‍
അവനെന്‍റെ കണ്ണനായുറഞ്ഞിരിപ്പൂ

ഗാന്ധാരി

കണ്ണുമൂടിക്കെട്ടി 
തന്നുടെ ജീവിതം
അന്ധകാരത്തിനായ് 
കാഴചവച്ചീടവേ

ഒന്നുമറി‍ഞ്ഞില്ല 
ഗാന്ധാരി തന്നുടെ
പാതയില്‍ നീളുന്ന 
കൂരിരുള്‍ക്കാഴ്ച‌യെ

പേറ്റുനോവിന്നൊടുവിലാ 
കുഞ്ഞിനെ
മാറോടണയ്ക്കുവാന്‍ 
നീട്ടിയ കൈകളില്‍

ചുണ്ടുവിടര്‍ത്തിക്കരയാത്ത 
പിണ്ഡമായി
കാഴ്ചക്കു കൂരിരുള്‍ 
വീണ്ടുമെത്തിക്കവേ

നെഞ്ചകംപൊട്ടി
കരഞ്ഞുമനസ്സിലായ്
കുരുടനായ് നില്‍ക്കുമാ 
പൗരുഷമേനിയില്‍

പിന്നെ വിഭാഗിച്ചു 
മാംസത്തെ സ്വാമിയും
നൂറുകുടങ്ങളില്‍ 
ചേര്‍ത്തുവച്ചീടവേ

മിച്ചങ്ങളെല്ലാമെടുത്തൊരാ 
കൂജയില്‍
ദുഃഖംശമിപ്പിക്കും 
സ്ത്രീയായ് പകരവേ

ഓര്‍ത്തില്ല നാളത്തെ 
യുദ്ധത്തിന്‍മൊട്ടുകള്‍
വച്ചുവിരിയിച്ചതാണെന്ന 
ചിന്തകള്‍

കുരുക്ഷേത്രഭൂമിയില്‍ 
പോര്‍വിളിയേറ്റുന്ന
കുരുടന്‍റെ മക്കള്‍തന്‍ 
അന്ധകാരത്തിനെ

കണ്ണുമൂടപ്പെട്ട 
സ്വപ്നമായ്തന്നെയീ
അമ്മ വിതുമ്പുന്നു 
ഇന്നുമീ ധരണിയില്‍